Image

കേരള നിയമസഭാ തിരഞ്ഞെടുപ്പ്-2026- രാഷ്ട്രീയ പാർട്ടികൾ നെട്ടോട്ടത്തിൽ (ലേഖനവും കാർട്ടൂണും-1 : വെട്ടിപ്പുറം മുരളി)

Published on 26 April, 2025
കേരള നിയമസഭാ തിരഞ്ഞെടുപ്പ്-2026- രാഷ്ട്രീയ പാർട്ടികൾ നെട്ടോട്ടത്തിൽ (ലേഖനവും കാർട്ടൂണും-1 : വെട്ടിപ്പുറം മുരളി)

2026 ൽ നടക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെപ്പറ്റിയും മുന്നണികളുടെ നിലപാടുകളെപ്പറ്റിയും വിശദമാക്കുന്ന ലേഖനമാണിത്.

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതു മുന്നണി മുന്നിലെത്തും എന്നത് ഇപ്പോൾ ചുടുള്ള ചർച്ചയായി മാറിയിരിക്കുന്നു.  രാഷ്ട്രീയ മുന്നൊരുക്കങ്ങളുടെ  ഭാഗമായി  നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുന്ന തിരക്കിലാണ് ഒരോ കക്ഷിയും. മുനമ്പവും വഖഫും വീശി യടിച്ചതോടെ  പല  ധാരണകളും കീഴ്മേൽ മറിഞ്ഞതായി കാണാൻ കഴിയും. പരമ്പരാഗത വോട്ടുകൾ കാൽക്കീഴിൽ നിന്ന് ഒലിച്ചു പോകുന്നത് പലർക്കും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നു. സമകാലിക സംഭവങ്ങളിൽ പരുക്കേൽക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ലെന്നു പറയാം. ഇപ്പോൾ പ്രകടമായിരിക്കുന്ന ഈ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. 
 
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇതിനെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയി കണക്കാക്കാം. ആയതിനാൽ രണ്ട് തിരഞ്ഞെടുപ്പുകളെയും നേരിടാനുള്ള തന്ത്രങ്ങൾ എല്ലാവരും രൂപപ്പെടുത്തേണ്ടത്‌ അനിവാര്യമായിരിക്കുന്നു. വോട്ട്‌ ബാങ്കുകളായ മതം ജാതി വിഭാഗങ്ങളെ പ്രീണിപ്പിച്ചു കു‌ടെ നിർത്തുക എന്നത് ഒരു മുന്നണിക്കും അത്ര നിസ്സാരമായിരിക്കില്ല. കാരണം മാറിവരുന്ന രാഷ്ട്രീയ സാമൂഹ്യ അവസ്ഥകൾ വോട്ടിനേയും തകിടം മറിക്കും. .നിലവിലെ മുന്നണി ബന്ധങ്ങളിൽ പോലും മാറ്റം വരാവുന്നതാണ് , സാഹചര്യവും നിലനിൽപ്പും പരിഗണിച്ചു രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴത്തെ മുന്നണി വിട്ടു മറ്റു മുന്നണിയിലേക്ക് ചേരാനുള്ള സാധ്യത ഏറെയാണ്. പല സമുദായങ്ങളുടെയും നിലപാടുകളിലും മാറ്റമുണ്ടാകും. ഓരോ സമയത്തും പ്രദേശികമായി രൂപപ്പെടുന്ന സംഭവങ്ങൾ, അതിന്മേൽ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന നിലപാടുകൾ, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തുടങ്ങിയവയും വോട്ടെടുപ്പിനെ സ്വാധീനിക്കുന്നതാണ്.

ഇടതു മുന്നണി – മൂന്നാമൂഴം കാത്ത്...

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [CPI(M)] നേതൃത്വം നൽകുന്ന ഇടതുപക്ഷ സഖ്യം അധികാരത്തിലിരിക്കുന്ന കേരളത്തിൽ ഭരണത്തിന്റെ മൂന്നാമൂഴമാണ്  അവർ പ്രതീക്ഷിക്കുന്നത്.  അധികാരം കിട്ടിയാൽ പിണറായി വിജയൻ തന്നെ മൂന്നാമതും മുഖ്യ മന്ത്രിയാകാനാണ് സാധ്യത. വിവിധ മീഡിയ വഴിയുള്ള  പ്രചാരണവും  കൃത്യമായ പാർട്ടി പരിപാടികളും ഇടതുമുന്നണി യുടെ  മുതൽക്കൂട്ടാണ്. ഇതിനു പുറമേ  സംസ്ഥാന ഭരണത്തിന്റെ  സ്വാധിനവും  നേട്ടങ്ങളും പ്രചാരണത്തിന് ഉപയോഗിക്കും.  മുഖ്യമന്ത്രിയുടെ  നേർക്കുയരുന്ന  ആരോപണങ്ങളെ ചെറുക്കുന്നുണ്ടെങ്കിലും അവയെല്ലാം ഇപ്പോഴും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ട്.സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും കുടുങ്ങിയിട്ടുണ്ട്. ഇതുവഴി നേതാക്കളുടെ വിശ്വാസ്യതക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 

പൊതുസമൂഹത്തിൽ കാര്യമായി എന്തെങ്കിലും സ്വാധീനം ചെലുത്താൻ പ്രാപ്തിയുള്ള മന്ത്രിമാർ കുറവാണ്. ജനപ്രീതിയുള്ള നേതാക്കളും ജനഹൃദയങ്ങൾ കീഴടക്കുന്ന പ്രസംഗകരും ഇപ്പോൾ ഇടതുമുന്നണിയിൽ ദുർല്ലഭമാണ്.  സർക്കാർ നടപ്പാക്കിയ വിവിധ പരിപാടികൾ , വികസന പദ്ധതികൾ, സാമൂഹിക ക്ഷേമപദ്ധതി, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, അടിസ്ഥാന വികസനം തുടങ്ങിയവയിൽ ഊന്നിയുള്ള പ്രചാരണത്തിനായിരിക്കും ഇടതു മുന്നണി പ്രാമുഖ്യം നൽകുക. സിപിഐ(എം)യുടെ ജില്ലാ സമ്മേളനങ്ങളിൽ തുടങ്ങിയ അസ്വാരസ്യം സംസ്ഥാന സമ്മേളനത്തിലും പ്രകടമായി. ചില നേതാക്കൾ അവരുടെ അതൃപ്തി പുറത്തു പ്രകടിപ്പിക്കുകയും ചെയ്തു, ഇത്തരം കാര്യങ്ങൾ പാർട്ടിയുടെ ഐക്യത്തെക്കുറിച്ചും ഭരണക്ഷമതയെക്കുറിച്ചും സംശയങ്ങൾ ഉയർത്തുകയും ചെയ്തു. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കുക. 
 

യു ഡി എഫ് -ഇത്തവണയെങ്കിലും അധികാരം....

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC)  നേതൃത്വം  നൽകുന്ന  യുണൈറ്റഡ്  ഡെമോക്രാറ്റിക് ഫ്രണ്ട് (UDF): 10 വർഷത്തോളമായി  അധികാരത്തിനു വെളിയിൽ നിൽക്കുകയാണ്. അടുത്ത തവണ അധികാരത്തിൽ എത്തുമെന്നു കരുതിയിരിക്കവേയാണ് വഖഫ് ബില്ല് കേന്ദ്ര സർക്കാർ പാസാക്കിയത്. കേരളത്തിലെ ഇടത് - വലതു മുന്നണികൾ മത്സരിച്ച് എതിർത്തിട്ടും ബില്ല് ചരിത്ര പ്രാധാന്യത്തോടെ പാസായി.  കോൺഗ്രസ്സിന്റെ വോട്ട് ബാങ്ക് ആയ കത്തോലിക്കാ സഭയും മറ്റു ക്രിസ്ത്യൻ സാമൂഹവും തങ്ങൾക്കു ദോഷകരമായ വഖഫ് നിയമം ഭേദഗതി ചെയ്യുന്ന ബില്ലിനെ ആനുകൂലിക്കാൻ എംപി മാരോട് ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ചുകൊണ്ട്  ഇടതു – വലതു മുന്നണികൾ പാർലമെന്റിൽ ഇതിനെ നഖശിഖാന്തം എതിർത്തു വോട്ടു ചെയ്തു. ഇതോടെ ഇരു മുന്നണികളും ക്രിസ്ത്യൻ സമൂഹത്തിന് അനഭിമതരായി. യുഡിഫ് കൂടുതൽ സീറ്റുകൾ നേടിയാൽ ആരായിരിക്കും കോൺഗ്രസ്‌ മുഖ്യമന്ത്രി എന്നത് പ്രവർത്തകർക്കും മറ്റുള്ളവർക്കും ചിന്താകുഴപ്പം ഉണ്ടാക്കുന്നതാണ്. കാരണം മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കാൻ യോഗ്യതയുള്ള പലരും കോൺഗ്രസ്സിലുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപി എത്ര വോട്ടും സീറ്റും നേടും എന്നതിനെ ആശ്രയിച്ചു ഭൂരിപക്ഷത്തിൽ വ്യത്യാസം വരാം. 
 
. ഒടുവിൽ ഈസ്റ്ററിനു തൊട്ടു മുൻപ് ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിൽ ക്രിസ്ത്യൻ പള്ളിയുടെ വകയായി സ്ഥാപിച്ച കുരിശ് വനം വകുപ്പുകാർ ജെസിബി ഉപയോഗിച്ച് പിഴുതു മാറ്റിയത് വലിയ പ്രതിഷേധാത്തിന് കാരണമായി. വനഭൂമിയിലാണ് കുരിശു സ്ഥാപിച്ചതെന്നു വനംവകുപ്പും, അതല്ല പള്ളിവക ഭൂമിയിലാണ് കുരിശു നാട്ടിയതെന്നു വിശ്വാസികളും പറയുന്നു. ഇക്കാര്യത്തിൽ കോൺഗ്രസും udf മുന്നണിയും പ്രതികരിക്കാത്തത് ആശങ്കാജനകമായി. ഇതാകട്ടെ കോൺഗ്രസ്സിനും യുഡിഎഫിനും ഏല്പിക്കുന്ന ആഘാതം ചെറുതല്ല.

(തുടരും...............)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക