Image

സാമുവല്‍ മത്തായി ചെയര്‍മാനായി ഫോമാ ലാംഗ്വേജ്-എജ്യുക്കേഷന്‍ കമ്മിറ്റി രൂപീകരിച്ചു

- ഫോമാ ന്യൂസ് ടീം Published on 26 April, 2025
സാമുവല്‍ മത്തായി ചെയര്‍മാനായി ഫോമാ ലാംഗ്വേജ്-എജ്യുക്കേഷന്‍ കമ്മിറ്റി രൂപീകരിച്ചു

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമായുടെ ലാംഗ്വേജ് ആന്റ് എജ്യുക്കേഷന്‍ കമ്മിറ്റി ചെയര്‍മാനായി സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകല്‍ സാമുവല്‍ മത്തായിയെ (സാം) നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുത്തു. എല്‍സി ജൂബ്  (എമ്പയര്‍ റീജിയണ്‍), ബിനി മൃദുല്‍ (വെസ്റ്റേണ്‍ റീജിയണ്‍), അമ്മു സക്കറിയ (സൗത്ത് ഈസ്റ്റ് റീജിയണ്‍) എന്നി വരെ കമ്മിറ്റി മെമ്പര്‍മാരായും നോമിനേറ്റ് ചെയ്തിട്ടുണ്ട്.

ഫോമായുടെ മുന്‍ ദേശീയ  കമ്മിറ്റി അംഗവും ഡാളസ് മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ സാമുവല്‍ മത്തായി സ്‌കൂള്‍ തലം തൊട്ടേ കലയിലും സാഹിത്യത്തിലും സാംസ്‌കാരിക വേദികളിലും മികവു തെളിയിച്ച വ്യക്തിയാണ്.

സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസ കാലത്ത് കൈയെഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രസ്തുത മേഖലകളിലേയ്ക്ക് സാം  ചുവടുകള്‍ വച്ചത്. മലയാള ഭാഷയുടെയും നമ്മുടെ കലാ-സാംസ്‌കാരിക പൈതൃകത്തിന്റെയും തനതായ മൂല്യം ഒട്ടും ചോര്‍ന്നു പോകാതെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ താനും തന്റെ കമ്മിറ്റിയും പ്രതിജ്ഞാബദ്ധമാണെന്ന് സാമുവല്‍ മത്തായി അഭിപ്രായപ്പെട്ടു. മലയാളം എന്ന ശ്രേഷ്ഠ ഭാഷയുടെ ദീപശിഖ പുതു തലമുറയിലേയ്ക്ക് പകരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മലയാളി ലോകത്തെവിടെ ആയിരുന്നാലും തൻ്റെ സംസ്കാരത്തെയും ഭാഷയെയും പൈതൃകത്തേയും കൂടെ കൂട്ടുകയും , പുതിയ തലമുറയ്ക്ക് അത് പകർന്നു നൽകുകയും ചെയ്യും.  

എമ്പയര്‍ റീജിയന്റെ മുന്‍ സെക്രട്ടറിയായ എല്‍സി ജൂബ്  ഇപ്പോള്‍ റീജിയന്റെ കോ-ചെയര്‍ ആണ്. മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയാണ് മാതൃ സംഘടന. ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ തോമസ് പള്ളി സെക്രട്ടറി, അക്കൗണ്ടന്റ്, ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂബ്  ഡാനിയേല്‍ ആണ് ഭര്‍ത്താവ്.

കണ്ണൂര്‍ സ്വദേശിയായ ബിനി മൃദുല്‍ എഴുത്തുകാരിയാണ്. സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് അംഗമായ ബിനി മൃദുല്‍ കാലിഫോര്‍ണിയയില്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നു.

അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായും വിമണ്‍സ് ഫോറം ചെയറായും സേവനം അനുഷ്ടിച്ചിട്ടുള്ള അമ്മു സക്കറിയ സാഹിതൃ രംഗത്ത് പല അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. 'അമ്മ മനസ്സ്' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായ്, ഡല്‍ഹി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ സ്‌കുള്‍ പ്രിന്‍സിപ്പലായിരുന്ന അമ്മു സക്കറിയ 2022-24 ല്‍ ഫോമായുടെ ലാംഗ്വേജ് ആന്റ് എജ്യുക്കേഷന്‍ ഫോറം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാമുവല്‍ മത്തായിയുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അനുമോദിക്കുകയും ഹൃദ്യമായ അശംസകള്‍ നേരുകയും ചെയ്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക