ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ പൗരന്‍മാര്‍ക്കു നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിനു ഉത്തരവാദികളായവര്‍ക്ക് ശക്തമായ മറുപടി ഉടനെ തന്നെ കൊടുത്തേ പറ്റുകയുള്ളൂ. ആക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യന്‍ മണ്ണില്‍ മാരകമായ ഈ നീച പ്രവൃത്തിന ടത്തുവാന്‍ ഗൂഢാലോചന നടത്തിയവരേയും കടുപിടിച്ച് അര്‍ഹമായ ശിക്ഷ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.
ഇനി ജാഗ്രതയോടെ ഇരിക്കണമെന്നുള്ള മുന്നറിയിപ്പാണ് ഈ തീവ്രവാദ ആക്രമണം. സാധാരണ നിത്യജീവിതത്തിലേയ്ക്കു മടങ്ങുകയായിരുന്നു കാശ്മീര്‍ ജനത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ സഞ്ചാരികളുടെ തിരക്കായിരുന്നു. കാശ്മീരിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ കഴിഞ്ഞ വര്‍ഷം ഏകദേശം രണ്ടു കോടിയിലധികം സഞ്ചാരികളാണ് പഹല്‍ഗാം സന്ദര്‍ശിച്ചത്. കാശ്മീരിലെ ഭീകരവാദമെല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നപ്പോഴാണ് അവിടത്തെ ജനങ്ങളുടെയും സഞ്ചാരികളുടെയുമൊക്കെ ഉറക്കം കെടുത്തുന്ന ഈ ആക്രമണം ഉണ്ടായത്.
കാശ്മീരിലെ ടൂറിസം നല്ല രീതിയില്‍ വന്നു കൊണ്ടിരിക്കവെയാണ് ഈ ഭീകരാക്രമണം നടന്നത്. അവിടത്തെ ടൂറിസം സാധാരണക്കാര്‍ക്ക് നല്ല ഒരു വരുമാന മാര്‍ഗമായിരുന്നു. ബിസ്സിനസ്സിലൂടെ ധാരാളമായി സമ്പാദിക്കുവാന്‍ തുടങ്ങിയ കാശ്മീര്‍ ജനത തീവ്രവാദം മറന്നു തുടങ്ങുകയായിരുന്നു. അവരുടെ മനസ്സിലേക്ക് വീണ്ടു ഈ തീവ്രവാദി സംഘം തീകോരിയിട്ടു. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചു കൊണ്ടായിരുന്നു കാശ്മീര്‍ ജനത നല്ല ഒരു ജീവിതത്തിലേയ്ക്കു തിരിച്ചു വന്നത്. പുതിയ ഒരു ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു കാശ്മീര്‍ ജനത. ഭീതി കൂടാതെ സഞ്ചാരികള്‍ക്കും യഥേഷ്ടം സഞ്ചരിക്കാവുന്ന നല്ല ഒരു അന്തരീക്ഷം കാശ്മീരില്‍ ഉടലെടുത്തിരുന്നു. സൈന്യത്തെ കല്ലെറിഞ്ഞു കൊണ്ടിരുന്ന യുവാക്കള്‍ അത് നിരത്തി പുതിയ ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് അവരുടെ മനസ്സില്‍ വീണ്ടും വിഭജനത്തിന്റെ മുള്ളുകള്‍ വിതയ്ക്കുന്ന ഈ തീവ്രവാദ ആക്രമണം. ഇതിന്റെയൊക്കെ പിന്നില്‍ പ്രദേശിക ശക്തികള്‍ ഉണ്ടെന്നുള്ളത് വ്യക്തമാണ്. കഴിഞ്ഞ കുറേ കാലങ്ങളായി കാശ്മീരിനെ ചൂഷണം ചെയ്ത് സുഖമായി ജീവിച്ചുക1ണ്ടിരുന്നവര്‍.
ഈ ഹീനമായ തീവ്രവാദത്തെ പല രീതിയിലും ന്യായീകരിച്ചുള്ള പ്രസ്താവനകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. യാതൊരു മനസ്സാക്ഷിയുമില്ലാത്ത ഇവരുടേയും മനസ്സില്‍ തീവ്രവാദം ഒളിഞ്ഞിരുപ്പുണ്ടെന്നു വേണം കരുതുവാന്‍. സാധാരണക്കാരായ വിനോദ സഞ്ചാരികളായ പാവം മനുഷ്യരെ കൊന്നു വീഴ്ത്തിയതിനെ ഒരു തരത്തിലും ന്യായീകരിക്കുവാനാകില്ല. ഈ വെടിവെയ്പ്പ് നടത്തിയവര്‍ ലക്ഷറെ തോയാബയും, ഐ.എസ്.ഐ.യും, പാക്കിസ്ഥാന്‍ സൈന്യവുമായി ബന്ധമുള്ളവരാണ്. പാക്കിസ്ഥാന്‍ സൈന്യവുമായി ബന്ധമുള്ളവരാണ്. പാക്കിസ്ഥാന്റെ അറിവോടുകൂടിയുള്ള ഈ ഹീനമായ കൂട്ടക്കൊലയെ ലോക രാജ്യങ്ങള്‍ പ്രതിഷേധമറിയിക്കുകയും ഇന്ത്യക്കൊപ്പം നിലകൊള്ളുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മതം ചോദിച്ച് തുണിപൊക്കി നോക്കി കൊന്നവന്‍മാര്‍ മതഭ്രാന്തന്‍മാരും മതതീവ്രവാദികളുമാണ്. അവരെ ഉന്മൂലനാശം ചെയ്യുക തന്നെ വേണം. ലോകത്തിനു വിപത്തായ ഭീകരയെ പിഴുതെറിയുവാന്‍ നമുക്കൊരുമിക്കാം.