Image

ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

Published on 26 April, 2025
ശോഭാ   സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ്റെ വീടിന് സമീപം സ്ഫോടക വസ്തുവെറിഞ്ഞു. തൃശൂർ അയ്യന്തോളിലെ ശോഭ സുരേന്ദ്രൻ്റെ വീടിന് മുന്നിലാണ് വെള്ളിയാഴ്ച രാത്രിയോടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.  അയൽ വീട്ടിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. ബൈക്കിൽ എത്തിയ നാല് പേരാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് റിപ്പോർട്ട്. തന്നെ ലക്ഷ്യമിട്ട് നടത്തിയ അക്രമണമാണിതെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രൻ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.

ഉഗ്രമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. കാരണം വീടു മാറി എറിയുകയായിരുന്നെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ മാറി എറിയാമായിരുന്നു. ഇത് വീടിൻ്റെ ഗേറ്റിന് കൃത്യമായി എറിയണം എന്ന് നിര്‍ബന്ധമില്ലല്ലോയെന്നും അവർ പറഞ്ഞു.

സ്ഫോടകവസ്തു പൊട്ടിത്തെറിച്ച വീട്ടിലുള്ളവർ, പൊതുപ്രവർത്തനമോ മറ്റോ ഉള്ള വീട്ടുകാരല്ല, ആസൂത്രിതമായി ചെയ്തതാണ്. വീട്ടിൽ എൻ്റെ കാറുണ്ടായിരുന്നില്ല. ആ വീട്ടിൽ വെള്ള കാറുണ്ടായിരുന്നു. വെള്ളക്കാറുള്ള വീടാണെന്നാകും പിന്നിലുള്ളവർ പറഞ്ഞുകൊടുത്തിട്ടുണ്ടാവുക. അങ്ങനെ മാറിയതാകാമെന്നും ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക