കഴിഞ്ഞ രണ്ടു രാത്രികളിലായി നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു പാകിസ്താൻ വെടിയുതിർത്തത്. ഇതോടെ ശക്തമായി തിരിച്ചടിച്ചതായും ഇന്ത്യൻ സൈന്യം അറിയിച്ചു.
26 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ മാരകമായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് നിയന്ത്രണ രേഖയിലെ പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം .
ഏപ്രിൽ 25, 26 തീയതികളിലെ രാത്രികളിൽ ഇന്ത്യൻ സൈന്യത്തെ പ്രകോപിപ്പിക്കാനുള്ള മനപ്പൂർവമുള്ള ശ്രമമാണ് പാകിസ്താൻ സൈന്യം നടത്തിയത്. കശ്മീരിലെ നിയന്ത്രണ രേഖയിലുടനീളം വിവിധ പാകിസ്താൻ സൈനിക പോസ്റ്റുകൾ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തിയെന്ന് സൈന്യം ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ സൈന്യം ഇതോടെ ഉചിതമായ രീതിയിൽ പ്രതികരിച്ചതായും സൈന്യം അറിയിച്ചു. വെടിവെപ്പിൽ ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതേസമയം അട്ടാരി അതിർത്തി വഴി പ്രവേശിച്ച എല്ലാ പാകിസ്താൻ പൗരന്മാരും മെയ് ഒന്നിനകം രാജ്യം വിടണമെന്ന് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് കാരണക്കാരായ കുറ്റവാളികളെ “ഭൂമിയുടെ അറ്റം വരെ” പിന്തുടരും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾക്ക് പിന്നാലെ പാകിസ്താനെതിരെ ശക്തമായ നടപടികളിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
English summary:
Pakistani army violates ceasefire agreement at the Line of Control; India retaliates strongly.