ഏപ്രിൽ 21-ന് നിര്യാതനായ കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം നടക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിലുള്ള ഗ്രാൻഡ് ബറോക്ക് പ്ലാസയിലാണ് അദ്ദേഹത്തിന്റെ സംസ്കാരം നടക്കുക. പോപ്പിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി ലോക നേതാക്കൾ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യയിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമു ഉൾപ്പെടുന്ന വിശിഷ്ട വ്യക്തികളുടെ സംഘം ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി റോമിൽ എത്തി. ഇന്ത്യയ്ക്ക് വേണ്ടി രാഷ്ട്രപതി ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു, ന്യൂനപക്ഷ കാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ, ഗോവ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ ഡിസൂസ എന്നിവരും മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതിയോടൊപ്പം വത്തിക്കാനിലേക്ക് എത്തിയിട്ടുണ്ട്.
ഏകദേശം 130 വിദേശ പ്രതിനിധികൾ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയിട്ടുള്ളത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള രാഷ്ട്രത്തലവൻമാരും പത്തോളം രാജാക്കന്മാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. സംസ്കാര ചടങ്ങിലെ ഇരിപ്പിടങ്ങൾ ഫ്രഞ്ച് അക്ഷരമാല അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മാർപാപ്പയുടെ മൃതശരീരം പോർട്ട ഡെൽ പെറുഗിനോ കവാടം വഴി ടൈബർ നദി മുറിച്ചുകടന്ന് സംസ്കാരം നിശ്ചയിച്ചിട്ടുള്ള സാന്താ മരിയ മാഗിയോറിൽ എത്തിക്കുമെന്നാണ് വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
English summary:
Pope Francis' funeral is today; President Droupadi Murmu paid her final respects.