Image

ചാക്കോ ക്ളരിക്കലിന്റെ 'ഇടയൻ;' മാര്‍പാപ്പ ആകുന്ന മലയാളി? (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 26 April, 2025
ചാക്കോ ക്ളരിക്കലിന്റെ 'ഇടയൻ;'  മാര്‍പാപ്പ ആകുന്ന  മലയാളി? (കുര്യന്‍  പാമ്പാടി)

Photo: മിഷിഗണിലെ  ചാക്കോ കളരിക്കൽ എഴുതിയ ആദ്ധ്യാത്മിക ത്രില്ലർ ഇടയൻ

രാജാവ് മരിച്ചു, രാജാവ് നീണാള്‍ വാഴട്ടെ--1422ല്‍ ചാള്‍സ് ആറാമന്‍ മരിക്കുകയൂം മകന്‍ ഏഴാമനായി സ്ഥാനമേല്‍ക്കുകയും ചെയ്തപ്പോള്‍ ഫ്രാന്‍സില്‍ നിന്നുയര്‍ന്ന   മുദ്രാവാക്യം  ആണിത്. Le roi est mort, vive le roi. ഷേക്സ്പീയര്‍  ഹാംലെറ്റില്‍ ഇത് ആവര്‍ത്തിക്കുകയും  ചെയ്തു. വത്തിക്കാന്‍ പുതിയ മാര്‍പ്പാപ്പയെ തേടുമ്പോള്‍ ഇത് മനസില്‍ ഓടിയെത്തുന്നു.

മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, ചാവറ  കുര്യാക്കോസച്ചന്‍ , സിസ്റ്റര്‍ എഫ്രേസിയ , സിസ്റ്റര്‍  മറിയം  തെരേസ തുടങ്ങി  പത്തോളം വിശുധ്ധന്മാരെ സൃഷ്ടിച്ചിട്ടുള്ള ഇന്ത്യയില്‍ നിന്നൊരാളെ എന്തുകൊണ്ട് മാര്പാപ്പ ആക്കിക്കൂടാ? അതൊരു മലയാളി ആയാലോ?

വിശുദ്ധ പദവിയിലെ പത്താമത്തെ ഇന്ത്യക്കാരിയായി വാരാപ്പുഴയിലെ മദര്‍ ഏലീശ്വാ വാകയില്‍ അടുത്തുകൊണ്ടിരിക്കുന്നു. വനിതാ ശക്തീകരണത്തിന്റെ പ്രതീകമായിരുന്ന മദറിനെ (1883-1913) അനുഗ്രഹീതയായി പ്രഖ്യാപിക്കുന്ന വിളംബരത്തില്‍ ഒപ്പുവച്ചിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കടന്നു പോയത്. ഇനി ഒരു കടമ്പയേയുള്ളു. അത് പുതിയ മാര്‍പാപ്പയാണ്  കൈക്കൊള്ളുക.

എന്തുകൊണ്ട് ഒരു ഭാരതീയന്‍ അഥവാ കേരളീയന്‍ മാര്‍പ്പാപ്പ ആയിക്കൂടാ എന്ന ചോദ്യത്തിന് ഉത്തരം തേടി ഞാന്‍  മിഷിഗണില്‍ ഡിട്രോയ്റ്റിന്റെ പ്രാന്തത്തിലുള്ള വാഷിംഗ്ടണ്‍ എന്ന ടൗണ്‍ഷിപ് വരെ പോകേണ്ടി വന്നു. അവിടെ ഡയംലര്‍ ക്രൈസ്ലര്‍ കാര്‍ കമ്പനി എന്‍ജിനീയര്‍ പാലാ  ഉരുളികുന്നം സ്വദേശി ചാക്കോ കളരിക്കല്‍  'ഇടയന്‍' എന്ന തന്റെ കൃതിയിലൂടെ ഉത്തരം നല്‍കി.

നോവല്‍ കോണ്‍ക്ലേവ്; ഓസ്‌കര്‍ ചിത്രത്തില്‍ കര്‍ദിനാള്‍ ലോറന്‍സായി റാഫേ ഫിന്‍സ്

സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ച്ബിഷപ്  തോമസ് പൈമ്പള്ളില്‍ ആകസ്മിക സംഭവവികാസങ്ങളിലൂടെ 145  കോടി വരുന്ന ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി തെരഞ്ഞെടുക്കപ്പെടുന്ന കഥയാണ് കളരിക്കല്‍  അനാവരണം ചെയ്യുന്നത്.

കളരിക്കല്‍ സഹോദരങ്ങള്‍-ചാക്കോ, സിസ്റ്റര്‍ എയ്ഞ്ചല്‍, മാത്യു സിഎംഐ, ജോസഫ്

2024ല്‍ പുറത്തിറങ്ങുകയും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത കോണ്‍ക്ലേവ് എന്ന ബ്രിട്ടീഷ് ചിത്രവും ഇതുപോലൊരു കഥയാണ് പറയുന്നത്.

കാബൂളില്‍ നിന്നുള്ള ഭിന്നലിംഗക്കാരനായ ഒരു കര്‍ദിനാള്‍ പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്വേഗനിര്‍ഭരമായ ചിത്രം റോബര്‍ട്ട്  ഹാരിസ് എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കുന്ന കര്‍ദിനാള്‍ ലോറന്‍സിന്റെ റോളില്‍ ബ്രിട്ടീഷ് കാരനായ  റാഫേ ഫിന്‍സ് മികച്ച നടനുള്ള ഓസ്‌കര്‍ നേടി. സംവിധായകന്‍ എഡ്വേര്‍ഡ് ബര്‍ഗര്‍.

മിഷിഗണിലെ ചാക്കോയുടെ കുടുംബം

സീറോ മലബാര്‍ സഭയിലെ ഒരു കര്‍ദിനാള്‍ പാപ്പായായിത്തീരുന്ന ആദ്ധ്യാത്മിക ത്രില്ലറാണ് കളരിക്കലിന്റേതെങ്കിലും  ഇത്തവണ ആ സഭക്ക് വോട്ടില്ല എന്നതാണ് പരമമായ സത്യം. 55 ലക്ഷം അംഗങ്ങള്‍ ഉണ്ടെങ്കിലും ആ സഭയിലെ മേജര്‍ ആര്‍ച്ച്ബിഷപ് ജോര്‍ജ് ആലഞ്ചേരിക്ക് 80   കഴിഞ്ഞതിനാല്‍  ഇപ്രാവശ്യം  വോട്ടു ചെയ്യാന്‍ ആവില്ല.  മുന്‍ഗാമികള്‍ ജോസഫ് പാറേക്കാട്ടിലും ആന്റണി പടിയറയും വോട്ടു ചെയ്തവര്‍ ആയിരുന്നു എന്നോര്‍ക്കുക.  

സെന്റ് പീറ്റേഴ്സില്‍-തോമസ് കളരിക്കല്‍, ലീലാമ്മ, സിത്താര, അരുള്‍ദാസ്, നിത്യന്‍

കര്‍ദ്ദിനാള്‍ തിരുസഭയിലുള്ള  252  പേരില്‍ 138  പേര്‍ക്കേ ഇത്തവണ വോട്ടവകാശമുള്ളു, മറ്റുള്ളവര്‍ക്കെല്ലാം പ്രായപരിധി കഴിഞ്ഞു.  ഇന്ത്യയില്‍ നിന്ന് വോട്ടു ചെയ്യന്നവര്‍ ഹൈദരബാദ് ആര്‍ച്ബിഷപ് ആന്റണി പൂള, ഗോവ മേജര്‍ ആര്‍ച്ച്ബിഷപ് ഫിലിപ് നേരി, സീറോ മലങ്കര സഭാധ്യക്ഷന്‍  മാര്‍ ബസേലിയോസ് ക്‌ളീമിസ്, വത്തിക്കാനിലെ ആര്‍ച്ച്ബിഷപ് ജോര്‍ജ് കൂവക്കാട് എന്നീ നാലുപേരാണ്. ചങ്ങനാശേരിക്കാരനായ കൂവക്കാട് സീറോ മലബാര്‍ സഭയിലെ അംഗമാണെങ്കിലും ലത്തീന്‍ സഭയുടെ പ്രതിനിധിയാണ്.

കളരിക്കലിന്റെ ഇടയന്‍ റോബര്‍ട്ട് ഹാരീസിന്റെ കോണ്‍ക്ലേവ് ഇറങ്ങുന്നതിനു എട്ടുവര്‍ഷം മുമ്പ് 2008ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടാം  പതിപ്പും ഇറങ്ങി. തന്മൂലം ആശയം ഒറിജിനല്‍. എട്ടുവര്‍ഷം സെമിനാരിയില്‍ ആയിരുന്ന കളരിക്കലിന്റെ പ്രതിപാദനം ആദ്യന്തം ആധികാരികതയോടെ.

വത്തിക്കാന്‍ പത്രം  ഒസര്‍വത്തോറെ റൊമാനോ; ഇങ്ങിനൊരു പേപ്പസി ഉണ്ടാകില്ലെന്ന് കെ എം  സീതി

കൊച്ചുതൊമ്മച്ചന്‍ എന്ന ഫാ.തോമസ് പൈമ്പള്ളില്‍ അപ്രതീക്ഷ സംഭവികാസങ്ങളെ തുടര്‍ന്നു ബിഷപ്പും ആര്‍ച്ബിഷപ്പും കര്‍ദിനാളും  ഒടുവില്‍ മാര്‍പാപ്പയും ആകുന്നതാണ് നോവലിന്റെ ഇതിവൃത്തം. മെത്രാന്‍ ആയപ്പോള്‍ അരമനയുടെ ഭൂസ്വത്തു മുഴുവന്‍ വിറ്റു  രൂപതയിലെ അഗതികള്‍ക്ക് കിടപ്പാടവും ജീവനോപാധിയും തരപ്പെടുത്തുന്ന വിപ്ലവകാരിയാണ് പൈമ്പള്ളില്‍. അങ്ങിനെ മാര്‍പാപ്പയുടെ കണ്ണിലുണ്ണിയായി.

പൈമ്പള്ളില്‍ മേജര്‍ ആര്‍ച്ബിഷപ്പായി നാലു വര്‍ഷം പൂര്‍ത്തിയാവുന്നതോടെയാണ് നോവലിന്റെഅവസാന അദ്ധ്യായം 17  ആരംഭിക്കുന്നത്. പൈമ്പള്ളിലിന്റെ നേതൃത്വത്തില്‍ ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായി ജനകീയ പങ്കാളിത്തത്തോടെ ദരിദ്ര വിഭാഗങ്ങളുടെ ഉദ്ധാരണം ലക്ഷ്യമാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആഗോള ശ്രദ്ധ ആകര്‍ഷിച്ചു.

മതാതീതം-പാപ്പായും ഇന്‍ഡോനേഷ്യയിലെ പ്രസീദ ദേവിയും   

എല്ലാ സഭകളിലെയും മെത്രാന്മാരോട്  ആര്‍ച്ച്ബിഷപ് പൈമ്പള്ളിലിനെ മാതൃകയാകാന്‍ മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കുമായിരുന്നു. രണ്ടാംവത്തിക്കാന്‍ സുന്നഹദോസ് വിഭാവനം  ചെയ്ത സഭാനവീകരണ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പൈമ്പള്ളിലിന്റെ  ഉപദേശങ്ങള്‍ തേടാനും പാപ്പാ മടിച്ചിരുന്നില്ല.

ഒരുദിവസം പുലര്‍ച്ചക്കു പൈമ്പള്ളില്‍ ദിവ്യബലിക്ക് ശേഷം ചാപ്പലില്‍ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ഥിക്കുകയായിരുന്നു. സെക്രട്ടറിയച്ചന്‍ അടുത്തെത്തി  ചെവിയില്‍ മന്ത്രിച്ചു, മാര്‍പാപ്പ അന്തരിച്ചു. അദ്ദേഹം ഞെട്ടിപ്പോയി. തനിക്കേറ്റവും പ്രിയപ്പെട്ട പാപ്പായുടെ മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. പാപ്പാ വെട്ടിത്തുറന്ന പാതയിലൂടെ സഭയെ നയിക്കാന്‍ ഇനി ആരുണ്ടാകും  എന്ന് ആകുലപ്പെട്ടു.

മിനിട്ടുകള്‍ക്കകം മുബൈയിലെ കര്‍ദ്ദിനാള്‍ ഡിസൂസ ഫോണില്‍ വിളിച്ച് പാപ്പായുടെ സംസ്‌കാരത്തില്‍ പങ്കടുക്കാന്‍ തന്നോടൊപ്പം റോമിന് വരുന്നോ എന്നന്വേഷിച്ചു. ഇല്ലെന്നു മറുപടി നല്‍കി. പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിനുള്ള പണം അതിരൂപതയില്‍ ഇല്ലെന്നു അറിയാമായിരുന്നു.

സംസ്‌കാരത്തിനും പുതിയ പാപ്പയുടെ തെരഞ്ഞെടുപ്പിനുമായി ലോകമെമ്പാടുമുള്ള കര്‍ദിനാള്‍മാര്‍ റോമിലേക്ക് ഒഴുകിയെത്തി. പുതിയ ഇടയനെ തെരെഞ്ഞെടുക്കാനായി തിരുസഭ സമ്മേളിച്ചു. തെരഞ്ഞെടുക്കപ്പെടാന്‍ മൂന്നില്‍ രണ്ടു  ഭൂരിപക്ഷം വേണം. മൂന്നു ദിവസമായിപതിമൂന്നു തവണ വോട്ടെടുത്തിട്ടും  ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. തന്മൂലം കറുത്ത പുകയേ   പുറത്തേക്കു വിട്ടുള്ളു.

ഒടുവില്‍ അള മുട്ടിയപ്പോള്‍ പാപ്പയുമായി ആത്മ ബന്ധം ഉണ്ടായിരുന്ന ബ്രസീലിലെ കര്‍ദിനാള്‍  ലൂയി തിരുസംഘത്തെ അഭിസംബോധന ചെയ്തു. 'സഹോദര കര്‍ദ്ദിനാള്‍മാരെ, ഈ കോണ്‍ക്ലേവില്‍ നമ്മോടൊപ്പം പങ്കെടുക്കേണ്ട ഒരു മഹല്‍ വ്യക്തിയുടെ അഭാവത്തെപ്പറ്റി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. അതി സമര്‍ത്ഥനും  പക്വമതിയും വിശുദ്ധിയുടെ നിറകുടവുമായ സീറോ മലബാര്‍ മേജര്‍ ആര്‍ച്  ബിഷപ് പൈമ്പള്ളില്‍ ആണദ്ദേഹം. മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിയിരുന്നു എന്ന കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ല.

മാര്‍പ്പാപ്പ അബുദാബിയില്‍

പപ്പാ  ഒപ്പിട്ട രേഖ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ്    ഉയര്‍ത്തിക്കാട്ടി. മറ്റേതൊരു കര്‍ദിനാളിനുമെന്ന പോലെ കര്‍ദിനാള്‍ പൈമ്പള്ളിലിനും വോട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും  അവകാശമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത വോട്ടിങ്ങില്‍ മുഴുവന്‍ വോട്ടുകളും പൈമ്പള്ളിലിനു ആയിരുന്നു. അങ്ങിനെ അദ്ദേഹം ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. വെളുത്ത പുക പുറത്തേക്കു വന്നു.

ഇന്ത്യയില്‍  ഗാഢനിദ്രയിലായിരുന്ന പൈമ്പള്ളിലിനെ  സെക്രട്ടറി ഓഫ് സ്റ്റേറ്റ്  വിളിച്ച് വിവരം അറിയിച്ചപ്പോള്‍ അദ്ദേഹത്തിന് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പലതവണ പറഞ്ഞപ്പോള്‍ സ്ഥാനം സ്വീകരിക്കാന്‍ സന്നദ്ധനാണെന്നു മറുപടി പറയാതെ  മാര്‍ഗ്ഗമില്ലാതായി.

 പാപ്പായ്ക്ക് ഷാള്‍; പകരം കൊന്ത, നോവലിസ്റ്റ് കളരിക്കലിന്റെ സഹോദരന്‍ തോമസ്, ഭാര്യ ലീലാമ്മ, മകന്‍ നിത്യന്‍

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍  ജനങ്ങള്‍ ആര്‍പ്പുവിളികളോടെ പുതിയ പാപ്പായ്ക്ക് വരവേല്‍പ്പ് നല്‍കി. ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് അദ്ദേഹം തന്റെ വലതുകരം ആകാശത്തേക്കുയര്‍ത്തി ജനങ്ങളെ ആശിര്‍വദിച്ചു. ഉര്‍ബി ഏത് ഓര്‍ബി. ഒന്നാംതരം  ഇറ്റാലിയന്‍ ഭാഷയിലും തുടര്‍ന്നു ഇംഗ്‌ളീഷിലും എല്ലാവരെയും അഭിവാദനം ചെയ്തു.

'ജനക്കൂട്ടം  Viva il Papa! Viva il Papa! (പാപ്പാ നീണാള്‍ വാഴട്ടെ!) എന്ന് ഉച്ചത്തില്‍ ആര്‍പ്പു വിളിച്ചുകൊണ്ടിരുന്നു. അപ്പോള്‍ സൂര്യന്‍ കിഴക്കുനിന്നും ഉദിച്ചുയരുന്നുണ്ടായിരുന്നു.' അങ്ങിനെ  നോവല്‍ അവസാനിക്കുന്നു.

നോവലിസ്‌റ് സക്കറിയ ജനിച്ച ഉരുളികുന്നത്താണ് ചാക്കോ കളരിക്കലും (83) ജനിച്ചത്. മുണ്ടാട്ടുചുണ്ടയില്‍ സക്കറിയായും  കളരിക്കല്‍ ചാക്കോയും  ജേഷ്ടന്‍ ജോസഫും വിളക്കുമാടം സെന്റ് ജോസഫ്സ് ഹൈസ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവര്‍. ചാക്കോയും സക്കറിയായും മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളേജിലും ഒന്നിച്ചുണ്ടായിരുന്നു.

 ഇസ്റ്റാംബൂളിലെ ബ്ലൂ മോസ്‌ക്കില്‍

മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിഎസ്സി എടുത്ത ചാക്കോ അമേരിക്കയില്‍ എത്തിയിട്ട് അര നൂറ്റാണ്ടാകുന്നു. മിഷിഗണിലെ മക്കോം കമ്മ്യൂണിറ്റി കോളജില്‍ നിന്ന് മെറ്റലര്‍ജിയില്‍ ബിരുദം നേടി ക്രൈസ്ലര്‍  കാര്‍ കമ്പനിയില്‍ ക്വാളിറ്റി കണ്ട്രോള്‍ വിഭാഗത്തില്‍ ജോലി ചെയ്തു വിരമിച്ചു. എംബിഎ ക്കാരനായ മകന്‍ ജെയ്മിയും ക്രൈസ്ലറിലാണ്. ഏമി  മകള്‍. ഭാര്യ അന്നമ്മ 2022 ല്‍ അന്തരിച്ചു.

സഭയില്‍ നവീകരണം വരേണ്ട കാലം അതിക്രമിച്ചുവെന്നാണ് ചാക്കോയുടെ  നിലപാട്. സക്കറിയായും അക്കാര്യത്തില്‍ ഒപ്പം നില്‍ക്കുന്നു.  അതിനെക്കുറിച്ച് അടുത്ത കാലത്തു സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാറില്‍ സക്കറിയായും പങ്കെടുത്തിരുന്നുവന്നു ചാക്കോ എന്നെ ഓര്‍മ്മിപ്പിച്ചു.  റോമില്‍ പലതവണ പോയിട്ടുണ്ട്. പക്ഷെ പാപ്പാമാരെ കണ്ടിട്ടില്ല.  ഫ്രാന്‍സിസ് മാര്‍പ്പാപ്പ  ബ്യുനോസ് ഐറീസില്‍ ആര്‍ച്  ബിഷപ് ആയിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കത്തീഡ്രലില്‍ പോയിട്ടുണ്ട്.

സഭാനവീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് അര ഡസനോളം പുസ്തകങ്ങള്‍ രചിച്ചു. യൂറോപ്യന്‍ അല്ലാത്ത ഒരു മാര്‍പാപ്പ വരുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. കെസിആര്‍എം എന്ന കേരള കാത്തലിക് റീഫോം മൂവ്‌മെന്റിന്റെ നോര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ആണ് ഇപ്പോഴും.

x x x x x

ചരിത്രത്തിലാദ്യമായി ഗ്ലോബല്‍ സൗത്തില്‍ നിന്നും മാര്‍പ്പാപ്പയായ ഫ്രാന്‍സിസ് ആജീവനാന്തം ചരിത്രത്തിനെതിരെ നടന്ന ആള്‍ ആയിരുന്നുവെ ന്നു കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച് ഡയറക്ടര്‍ പ്രൊഫ.  കെ.എം. സീതി പറയുന്നു.

'ദാരിദ്ര്യം, മനുഷ്യാവകാശം, സ്ത്രീസ്വാതന്ത്ര്യം, ഭിന്നലിംഗനീതി, കുടിയേറ്റം  തുടങ്ങിയ നിരവധി മേഖലകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം പാതയിലൂടെ സഞ്ചരിച്ചു. ആദ്യമായി അറബി നാട് സന്ദര്‍ശിച്ചു, തുര്‍ക്കിയിലെ ബ്ലൂ മോസ്‌കില്‍ പ്രാര്‍ഥിച്ചു, ആയത്തുള്ളയെ ആലിംഗനം ചെയ്തു, ഗാസയിലെ ആക്രമണത്തെ അപലപിച്ചു. ഇങ്ങിനെയൊരു ലോക നേതാവ്  ഇനി ഉണ്ടാകാനുള്ള സാധ്യത  വിരളം,' അദ്ദേഹം ഗ്ലോബല്‍ പ്രസിദ്ധീകരണമായ യൂറേഷ്യ റിവ്യൂവില്‍ എഴുതി.

'He was not a  Pope of empires, but of encounters; not a sovereign enthroned, but a shepherd walking with the wounded,' commented Dr. Seethi.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക