തമിഴ്നാട് ശിവകാശിയിലെ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് തൊഴിലാളികൾ ദാരുണമായി മരിച്ചു. ശിവകാശിക്കടുത്ത് എം പുതുപട്ടിയിലുള്ള രാജരത്നത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാൻഡേർഡ് ഫയർവർക്ക്സ് എന്ന സ്വകാര്യ പടക്ക യൂണിറ്റിലാണ് അപകടം സംഭവിച്ചത്. ഈ സ്ഫോടനത്തിൽ പടക്കനിർമ്മാണശാല പൂർണ്ണമായും അഗ്നിക്കിരയായി. പരിക്കേറ്റ ഏഴ് തൊഴിലാളികൾ ശിവകാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ മൂന്നുപേരും സ്ത്രീകളാണ്.
സാധാരണ പടക്ക നിർമ്മാണ ജോലികൾക്കിടെ, രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്ന സമയത്താണ് പൊട്ടിത്തെറിയുണ്ടായത്. മൂന്ന് തൊഴിലാളികൾ തൽക്ഷണം മരിച്ചു. ശിവകാശിയിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പടക്ക വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായ ശിവകാശിയിൽ മുൻപും ഇത്തരത്തിലുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
English summary:
Massive explosion at Sivakasi fireworks factory; three workers tragically killed