പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായി യുദ്ധം ചെയ്യുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് . മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിദ്ധരാമയ്യ തന്റെ നിലപാട് വ്യക്തമാക്കിയത്. കശ്മീരിൽ സുരക്ഷ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, കേന്ദ്ര സർക്കാർ നിർദ്ദേശിക്കുകയാണെങ്കിൽ കർണാടകയിലുള്ള പാകിസ്താൻ പൗരന്മാരെ തിരിച്ചയയ്ക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
എന്നാൽ, സിദ്ധരാമയ്യയുടെ ഈ പ്രസ്താവനയെ ബിജെപി ശക്തമായി വിമർശിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ദേശീയ ഐക്യത്തെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ബിജെപി ആരോപിച്ചു. ദേശീയ സുരക്ഷാ കാര്യങ്ങളിൽ അനാവശ്യ ഉപദേശം നൽകിയതിന് പ്രതിപക്ഷ നേതാവ് ആർ. അശോക സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിക്കുകയുണ്ടായി .
പഹൽഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകണമെന്ന് ബിജെപി ആവശ്യപ്പെടുമ്പോൾ, സിദ്ധരാമയ്യയുടെ യുദ്ധവിരുദ്ധ നിലപാട് ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം, പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്താനുമായി സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരും പങ്കെടുത്തു.
English summary:
Pahalgam Attack: Siddaramaiah Takes Anti-War Stand; BJP Criticizes.