യുഎസ് പൗരത്വമുള്ള രണ്ടു വയസുകാരിയെ അർഥവത്തായ യാതൊരു നടപടിക്രമങ്ങളും ഇല്ലാതെ ട്രംപ് ഭരണകൂടം നാടു കടത്തിയതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. കുട്ടിയുടെ പിതാവിന്റെ എതിർപ്പു അവഗണിച്ചായിരുന്നു നടപടിയെന്നും ലൂയിസിയാന വെസ്റ്റേൺ ഡിസ്ട്രിക്ടിലെ ഫെഡറൽ കോടതി ജഡ്‌ജ് ടെറി എ. ഡൗട്ടി ചൂണ്ടിക്കാട്ടി.
കോടതി രേഖകളിൽ വി എം എൽ എന്നു മാത്രം പേരുള്ള കുട്ടിയെ 'അമ്മ ജെന്നി കരോലിന ലോപ്പസ് വിയേലയുടെ കൂടെയാണ് നാടുകടത്തിയത്. അത് തടയാൻ കുട്ടിയുടെ പിതാവ് വ്യാഴാഴ്ച്ച അടിയന്തര അപേക്ഷ നൽകിയിരുന്നു. എന്നാൽ അമ്മയ്ക്കു യുഎസ് പൗരത്വമുള്ള കുട്ടിയെ തന്നോടൊപ്പം കൊണ്ടുപോകണമെന്ന് ആഗ്രഹമുള്ളതു കൊണ്ട് നാടുകടത്തൽ ന്യായമാണ് എന്നാണ് ഭരണകൂടത്തിന്റെ നിലപാട്.
എന്നാൽ അങ്ങിനെയൊരു ആഗ്രഹം അമ്മയ്ക്കു ഉണ്ടായിരുന്നുവെന്നു കോടതിക്കു അറിയില്ലല്ലോ എന്ന് ട്രംപ് നിയമിച്ച ജഡ്‌ജ് ഡൗട്ടി ചൂണ്ടിക്കാട്ടി. യുഎസ് പൗരത്വമുളള കുട്ടിയെ നാടുകടത്തുന്നത് എന്തായാലും നിയമവിരുദ്ധമാണ്.
നിയമ പ്രക്രിയ ഇല്ലാതെയാണ് കുട്ടിയെ നാട് കടത്തിയതെന്നു കോടതി വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ സംശയം തീർക്കാൻ മെയ് 16നു കോടതി വാദം കേൾക്കും.
രണ്ടു വയസുകാരിയുടെ 'അമ്മ ജെന്നി വിയേലയും സഹോദരി വലേറിയയും ന്യൂ ഓർലിയൻസിൽ ചൊവാഴ്ച്ച ഇമിഗ്രെഷൻ അധികൃതരെ കാണാൻ ചെന്നപ്പോൾ കുട്ടി കൂടെ ഉണ്ടായിരുന്നു. ഐ സി ഇ അധികൃതർ അവരെ പെട്ടെന്ന് കസ്റ്റഡിയിൽ എടുക്കുകയും നാടുകടത്തുകയുമാണ് ചെയ്തത്.
കുട്ടിയുടെ കസ്റ്റഡി പിതാവിനാണ്. യുഎസ് പൗരത്വമുള്ള കുട്ടിയെ നാട് കടത്താൻ പാടില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിക്കുന്നു. അഭിഭാഷകനെ വിളിക്കാൻ അമ്മയ്ക്കു ഫോൺ നമ്പർ നൽകാൻ ശ്രമിച്ചപ്പോൾ അധികൃതർ തടഞ്ഞെന്നു അദ്ദേഹം പറയുന്നു.
ജഡ്‌ജ് തന്നെ അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരെയും കുട്ടിയെയും കയറ്റിയ വിമാനം ഗൾഫ് ഓഫ് അമേരിക്കയുടെ മീതെ പറന്നു കഴിഞ്ഞിരുന്നു. അവരെ ഹോണ്ടുറാസിൽ എത്തിച്ചതായി പിന്നീട് ജസ്റ്റിസ് ഡിപ്പാർട്മെന്റ് അറിയിച്ചു.
2-year-old US citizen deported illegally