തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശവാസിയായ യുവാവിൻ്റെ സുഹൃത്തുക്കളാണ് വീടിന് പരിസരത്ത് ഗുണ്ട് എറിഞ്ഞത്. ഇവർക്ക് മറ്റ് ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രദേശവാസിയായ യുവാവിൻ്റെ വീടിന് മുന്നിൽ വെച്ച് സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാത്രിയാണ് തൃശൂരിലെ ശോഭാ സുരേന്ദ്രന്റെ വീടിന് മുൻപിൽ സ്ഫോടനം ഉണ്ടായെന്ന വിവരം പുറത്തുവന്നത്. സംഭവ സമയത്ത് ശോഭാസുരേന്ദ്രനും വീട്ടിലുണ്ടായിരുന്നു.
ആക്രമണം തന്നെ ലക്ഷ്യം വച്ചാണെന്നും, തന്റെ വീടാണെന്ന് കരുതി തെറ്റി എറിഞ്ഞതാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
സംഭവത്തിൽ ഇ പി ജയരാജൻ പരിഹാസം ഉയർത്തിയിരുന്നു. ‘പടക്കം എവിടെയെല്ലാം പൊട്ടുന്നുണ്ട്, വിഷു കഴിഞ്ഞതല്ലേ ഉള്ളൂ. പല സ്ഥലങ്ങളിൽ പടക്കം പൊട്ടും. ആ പടക്കമെല്ലാം പലതിന്റെയും ഭാഗമായിരിക്കും’എന്നായിരുന്നു പ്രതികരണം.