ഫ്രാൻസിസ് പാപ്പാ തന്റെ കഴിഞ്ഞ പന്ത്രണ്ടു വർഷക്കാലത്തെ പത്രോസിനടുത്ത ശുശ്രൂഷ കാലയളവിൽ നിരവധി തവണ വിശുദ്ധ ബലിയർപ്പിച്ച വത്തിക്കാൻ ചത്വരത്തിൽ, ഇന്ന് അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തിന് ചുറ്റും നിന്ന് കൊണ്ട്, ഹൃദയവേദനയോടെ പ്രാർത്ഥനകളിൽ ആയിരിക്കുമ്പോൾ, വിശ്വാസം ഉറപ്പുവരുത്തുന്ന അനശ്വരത, കല്ലറകളിൽ ഒതുങ്ങുന്നില്ല മറിച്ച്, ഒരിക്കലും അവസാനിക്കാത്ത സന്തോഷം ആസ്വദിക്കുന്ന പിതാവിന്റെ ഭവനത്തിൽ നമ്മെ എത്തിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് കർദിനാൾ റേ തന്റെ സന്ദേശം ആരംഭിച്ചത്. തുടർന്ന്, ശുശ്രൂഷയിൽ സംബന്ധിക്കുന്ന എല്ലാവർക്കും, കർദിനാൾ സംഘത്തിന്റെ നാമത്തിൽ നന്ദിയർപ്പിച്ചു.
ഇഹലോക വാസം വെടിഞ്ഞുകൊണ്ട് നിത്യതയിലേക്ക് കടന്നു പോയ ഫ്രാൻസിസ് പാപ്പായോടുള്ള ആളുകളുടെ സ്‌നേഹത്തിനും, വാത്സല്യത്തിനും നാം ഈ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചുവെന്നും. ഇത് പാപ്പാ, എത്രമാത്രം ആളുകളുടെ ഹൃദയത്തെയും മനസിനെയും സ്പർശിച്ചുവെന്നതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. യേശുവിന്റെ ഉത്ഥാനത്തിരുനാൾ ദിവസം, തന്റെ ശാരീരികമായ ഗുരുതര അവസ്ഥയ്ക്കു മധ്യേയും, വത്തിക്കാൻ ബസിലിക്കയുടെ ബാൽക്കണിയിൽ നിന്നുകൊണ്ട്, നമുക്ക് നൽകിയ ആശീർവാദവും, തുടർന്ന് വത്തിക്കാൻ ചത്വരത്തിൽ ആളുകളെ അഭിവാദ്യം ചെയ്തതും, ഇപ്പോഴും സ്നേഹമസൃണമായ ഒരു ഓർമ്മയായി നിലനിൽക്കുന്നുവെന്നതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അനശ്വര സന്തോഷത്തിലേക്ക് ഫ്രാൻസിസ് പാപ്പായെ ദൈവം സ്വീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും കർദിനാൾ എല്ലാവരെയും ഓർമ്മിപ്പിച്ചു.
തുടർന്ന് വചനഭാഗത്തിൽ ശ്രവിച്ച, യേശുവിന്റെ പത്രോസിനോടുള്ള ചോദ്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം തുടർന്നു. "പത്രോസേ, നീ ഇവരെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?" എന്ന യേശുവിന്റെ ചോദ്യത്തിന്, പത്രോസ് നൽകിയ മറുപടി നൈസ്സർഗ്ഗികവും, ആത്മാർത്ഥവുമായിരുന്നു . "കർത്താവേ, നീ എല്ലാം അറിയുന്നു; ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ!" എന്ന പത്രോസിന്റെ മറുപടിക്ക് യേശു നൽകുന്ന ദൗത്യം തന്റെ ആടുകളെ മേയിക്കുക എന്നതായിരുന്നു. "സേവിക്കപ്പെടാനല്ല, സേവിക്കാനും എല്ലാവർക്കുമായി തന്റെ ജീവൻ മറുവിലയായി നൽകാനും വന്ന" യേശുവിന്റെ അതേ സേവന മാതൃക തുടരുകയെന്നതാണ്, പത്രോസിന്റെ പിൻഗാമികളുടെയും ദൗത്യം. ഈ ദൗത്യം അഭംഗുരം തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയാണ് ഫ്രാൻസിസ് പാപ്പായെന്നും, അവസാന നാളുകളിൽ വേദനയുടെ നിമിഷങ്ങളിൽ പോലും അദ്ദേഹം ആത്മദാനത്തിന്റെ ഈ പാത പിന്തുടർന്നുവെന്നും കർദിനാൾ അനുസ്മരിച്ചു.
ഈശോസഭ അംഗമെന്ന നിലയിലും, തുടർന്ന് അതിരൂപതയുടെ ഇടയനെന്ന നിലയിലും, ഫ്രാൻസിസ് പാപ്പായുടെ അജപാലന അനുഭവം, തുടർന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ പിൻഗാമിയായി 2013 മാർച്ച് 13 ന്, തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഫ്രാൻസിസ് എന്ന പേര്, തന്റെ ജീവിതശൈലിക്ക് ഉതകും വിധം തിരഞ്ഞെടുക്കുവാൻ ഫ്രാൻസിസ് പാപ്പാ ആഗ്രഹിച്ചത്, അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ആത്മാവിൽ നിന്നുള്ള പ്രചോദനം തന്റെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുവാനുള്ള തീരുമാനമായിരുന്നുവെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു.
ഏറ്റവും ചെറിയവർക്കായി, പാർശ്വവത്കരിക്കപ്പെട്ടവർക്കായി തുറന്ന മനസോടെ തന്റെ ജീവിതത്തിൽ സ്ഥാനം നൽകിയ പാപ്പായാണ് ഫ്രാൻസിസ്. സമൂഹത്തിൽ ഉയർന്നുവരുന്ന നവമായ മാറ്റങ്ങളിലും, പരിശുദ്ധാത്മാവ് സഭയിൽ പ്രചോദിപ്പിക്കുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധപുലർത്തുകയും ചെയ്തു ഫ്രാൻസിസ് പാപ്പാ. തന്റെ സ്വതസിദ്ധമായ ഭാഷയിൽ, ആധുനിക ലോകത്തെ പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നതിനും, വെല്ലുവിളികളും വൈരുദ്ധ്യങ്ങളും നടുവിൽ ക്രിസ്ത്യാനികളായി ജീവിക്കുന്നതിനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തുവെന്നത്, വലിയ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.
സഭയിൽ നിന്നും അകന്നു കഴിയുന്നവരെ പോലും ഔപചാരികത ഇല്ലാതെ അഭിസംബോധന ചെയ്യുവാൻ ഫ്രാൻസിസ് പാപ്പാ ശ്രദ്ധിച്ചിരുന്നുവെന്നും, ആഗോളവൽക്കരണ കാലത്തെ ഉത്കണ്ഠകളും കഷ്ടപ്പാടുകളും പ്രതീക്ഷകളും പങ്കിടുവാനും, ദുരിതങ്ങളോട് സംവേദനക്ഷമതയോടെ പ്രതികരിക്കുവാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അനേകർക്ക്, ആശ്വാസവും പ്രോത്സാഹനവും പ്രദാനം ചെയ്തിട്ടുണ്ടെന്നും കർദിനാൾ ഓർമ്മപ്പെടുത്തി.
സഭ എല്ലാവരുടെയും ഭവനമാണ്; എല്ലായ്പ്പോഴും തുറന്നിരിക്കുന്ന വാതിലുകളുള്ള ഒരു വീടെന്ന ഫ്രാൻസിസ് പാപ്പായുടെ ബോധ്യമാണ്, സഭയെ ഒരു പ്രവർത്തനരംഗ ആതുരാലയം എന്ന് വിശേഷിപ്പിക്കുവാൻ പ്രചോദനം നൽകിയത്. എല്ലാ വിധ വിഭാഗീയതകൾക്കും അതീതമായി എല്ലാവരുടെയും മുറിവുകൾ ഉണക്കുവാൻ സഭയ്ക്കുള്ള കടമയെപ്പറ്റിയും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചിരുന്നതും കർദിനാൾ അടിവരയിട്ടു പറഞ്ഞു. അനേകം കുടിയേറ്റക്കാരുടെ ജീവൻ അപഹരിച്ച ഇറ്റലിയിലെ ലാംബെദൂസ ദ്വീപിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ ആദ്യ അപ്പസ്തോലിക യാത്രയും, എക്യൂമെനിക്കൽ സൗഹൃദങ്ങളും, മെക്സിക്കോയും അമേരിക്കയും തമ്മിലുള്ള അതിർത്തിയിൽ വിശുദ്ധ കുർബാന അർപ്പിച്ചതുമെല്ലാം, ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിൽ അദ്ദേഹം ഉൾക്കൊണ്ട സാർവ്വത്രികതയുടെ അടയാളമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
2021 ൽ ഇറാഖിലേക്ക് എല്ലാ അപകടസാധ്യതകളും മറികടന്ന് അപ്പസ്തോലിക യാത്ര നടത്തിയത് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും, ഇസ്ലാമിക്ക് സ്റ്റേറ്റ് തീവ്രവാദികളുടെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളിൽ നിന്ന് വളരെയധികം ദുരിതമനുഭവിച്ച ഇറാഖി ജനതയുടെ, മുറിവുകളിൽ മരുന്ന് പകരുന്നതായിരുന്നു പാപ്പായുടെ സന്ദർശനമെന്നും കർദിനാൾ പറഞ്ഞു. ഏഷ്യ-ഓഷ്യാനിയയിലെ നാല് രാജ്യങ്ങളിലേക്കുള്ള 2024 ലെ അപ്പസ്തോലിക സന്ദർശനത്തോടെ, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു കടന്നുചെല്ലുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹം പൂർത്തീകരിക്കപ്പെട്ടുവെന്നും കർദിനാൾ പറഞ്ഞു.
ദൈവകരുണയുടെ പ്രവാചകനായിരുന്ന ഫ്രാൻസിസ് പാപ്പാ, നമ്മോട് ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുത്തിട്ടില്ലെന്ന് ആവർത്തിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, നിരവധി തവണ കരുണയുടെ സുവിശേഷം ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതാണ് കരുണയുടെ അസാധാരണ ജൂബിലി വർഷം പ്രഖ്യാപിക്കുന്നതിന് അദ്ദേഹത്തെപ്രേരിപ്പിച്ചത്. സുവിശേഷത്തിന്റെ കാരുണ്യവും സന്തോഷവും ഫ്രാൻസിസ് പാപ്പായുടെ സന്ദേശങ്ങളിൽ എപ്പോഴും ഉൾച്ചേർന്നിരുന്ന രണ്ടു പദങ്ങളാണ്.
"വലിച്ചെറിയുന്ന സംസ്കാരം" എന്ന അവസ്ഥയ്ക്ക് പകരം കണ്ടുമുട്ടലിന്റെയും, ഐക്യദാർഢ്യത്തിന്റെയും സംസ്കാരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സഹോദര്യത്തെ പറ്റിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനയ്ക്ക് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. നാമെല്ലാവരും സ്വർഗത്തിലുള്ള ഒരേ പിതാവിന്റെ മക്കളാണെന്നു ഓർമ്മപെടുത്തിക്കൊണ്ട്, മാനവിക സാഹോദര്യം ഊട്ടിയുറപ്പിക്കുവാൻ പാപ്പാ എപ്പോഴും എല്ലാവരെയും ആഹ്വാനം ചെയ്തിരുന്നുവെന്നതും കർദിനാൾ എടുത്തു പറഞ്ഞു. തന്റെ ലൗദാത്തോ സി എന്ന ചാക്രികലേഖനത്തിൽ, പൊതുഭവനത്തെ സംരക്ഷിക്കുവാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വത്തെ എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ പറയുന്നത്, ആരും തനിയെ രക്ഷപെടുന്നില്ല എന്നാണെന്നും കർദിനാൾ ഓർമ്മപ്പെടുത്തി.
മനുഷ്യത്വരഹിതമായ ഭീകരതകളും എണ്ണമറ്റ മരണങ്ങളും അടയാളപ്പെടുത്തിയ നിരവധി യുദ്ധങ്ങളുടെ പാശ്ചാത്തലത്തിൽ നിരന്തരം സമാധാനത്തിനായി ശബ്ദമുയർത്തുകയും, സാധ്യമായ പരിഹാരങ്ങൾ കണ്ടെത്താൻ യുക്തിസഹവും , സത്യസന്ധവുമായ കൂടിയാലോചനകൾ ക്ഷണിക്കുകയും ചെയ്ത ഫ്രാൻസിസ് പാപ്പായുടെ വിശാല മനസിനെ കർദിനാൾ ചൂണ്ടിക്കാണിച്ചു. "മതിലുകളല്ല പാലങ്ങൾ പണിയുക" എന്നത് അദ്ദേഹം പലതവണ ആവർത്തിച്ച ഒരു ഉദ്ബോധനമാണ്. വിശ്വാസത്തിന്റെ സേവനം എല്ലായ്പ്പോഴും മനുഷ്യസേവനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓർമ്മപ്പെടുത്തിയതും കർദിനാൾ ചൂണ്ടിക്കാണിച്ചു.
ഫ്രാൻസിസ് പാപ്പാ തന്റെ പ്രസംഗങ്ങളും യോഗങ്ങളും അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: "എനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതേ". പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പായെ, എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് വേണ്ടി അങ്ങ് പ്രാർത്ഥിക്കണമേ എന്ന അഭ്യർത്ഥനയോടെയാണ് കർദിനാൾ തന്റെ സന്ദേശം ഉപസംഹരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് എല്ലാ ദൈവജനങ്ങളെയും ആശീർവദിച്ചതുപോലെ, സ്വർഗത്തിൽ നിന്ന് സഭയെയും, റോമിനെയും, ലോകം മുഴുവനെയും ആശീർവദിക്കണമേ എന്നും കർദിനാൾ കൂട്ടിച്ചേർത്തു.