വത്തിക്കാൻ: ദരിദ്രരും, അശരണരും, ആലംബഹീനരുമായവരോട് എപ്പോഴും കരുതൽ കാണിച്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ കബറടക്കശുശ്രൂഷയിലും, അവരുടെ സാന്നിധ്യം ഉറപ്പുവരുത്തി. റോമൻ വികാരിയാത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മെത്രാൻ ബെനോനി അമ്പാറസ്, ഈ നിമിഷങ്ങൾ ഏറെ വികാരഭരിതമായ അനുഭവം പ്രദാനം ചെയ്യുമെന്ന് പങ്കുവച്ചു.
ശനിയാഴ്ച്ച, രാവിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നിന്നും, സാന്താ മരിയ മജോരെയിലേക്ക് എത്തിച്ച പരിശുദ്ധ പിതാവിന്റെ ഭൗതീകശരീരത്തിൽ, ബസിലിക്കയുടെ പടികളിൽ വച്ച് ഏകദേശം നാൽപ്പതോളം വരുന്ന ഭവനരഹിതർ, തടവുകാർ, ഭിന്നലിംഗക്കാർ, കുടിയേറ്റക്കാർ എന്നിവർ വെളുത്ത റോസാപ്പൂക്കൾ സമർപ്പിച്ചുകൊണ്ട് വിട ചൊല്ലി .
ഫ്രാൻസിസ് പാപ്പാ, തന്റെ അപ്പസ്ത്തോലിക യാത്രകൾക്കു മുൻപായി ചെയ്തിരുന്ന രണ്ടു കാര്യങ്ങൾ, മരിയ മജോരെ ബസിലിക്കയിൽ എത്തി പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രമായ സാലൂസ് പൊപോളി റൊമാനിയുടെ മുൻപിൽ എത്തി പ്രാർത്ഥിക്കുന്നതും, ഭവനരഹിതരും, ദരിദ്രരുമായ ആളുകളുമായി കൂടിക്കാഴ്ച്ച നടത്തുന്നതുമായിരുന്നു. തന്റെ അന്ത്യയാത്രയിലും, ഇതേ പതിവ് തുടരുവാൻ ഫ്രാൻസിസ് പാപ്പാ ആഗ്രഹിച്ചിരുന്നു.
സാമ്പത്തികമായി തടവുകാരെ ഏറെ സഹായിച്ച പിതാവായിരുന്നു ഫ്രാൻസിസ് പാപ്പാ. എല്ലാം രഹസ്യമായി മാത്രം ചെയ്യുവാൻ ആഗ്രഹിച്ച ഫ്രാൻസിസ് പാപ്പാ, നിരവധി ആളുകളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടി.
കോവിഡ് മഹാമാരിയുടെ അവസരത്തിലും, ഫ്രാൻസിസ് പാപ്പായുടെ ചിന്തകൾ ആരോഗ്യത്തെപ്പറ്റിയായിരുന്നില്ല, മറിച്ച് തൊഴിലില്ലാത്തവരും, ബില്ലുകൾ അടയ്ക്കുന്നതിനോ, ഭക്ഷണത്തിനോ ആരോഗ്യ സംരക്ഷണത്തിനോ സാധിക്കാത്തവരും എങ്ങനെ ജീവിക്കും എന്നതായിരുന്നു. അവരെ സഹായിക്കുന്നതിനായി ഒരു ദശലക്ഷം യൂറോ സംഭാവന നൽകുകയും, പഴയ വൈദിക ഭവനം പുതുക്കിപ്പണിത് ദരിദ്ര കുടുംബങ്ങൾക്കു നൽകുകയും ചെയ്തു.
ജീവിതത്തിൽ എപ്പോഴും ലാളിത്യവും, സാധാരണത്വവും പ്രകടിപ്പിച്ചിരുന്ന ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയും, ലളിതം. കല്ലറ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മാർബിൾ, പാപ്പയുടെ മുത്തച്ഛന്റെ നാടായ ലിഗുരിയയിൽ നിന്നുമാണ് എത്തിച്ചത്. എന്നാൽ അലങ്കാര പണികളൊന്നും കൂടാതെയുള്ള ആ മാർബിൾ കഷണത്തിൽ ഫ്രാൻസിസ്‌കൂസ് (FRANCISCUS) എന്ന ലത്തീൻ ഭാഷയിലുള്ള പേര് മാത്രമാണ് ആലേഖനം ചെയ്തത് . അതോടൊപ്പം തന്റെ ഔദ്യോഗിക മാലയിലെ കുരിശും മാർബിളിൽ പ്രതിഷ്ഠിച്ചു .
സാന്താ മരിയ മജോരെ ബസിലിക്കയിൽ, മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രം, സാലൂസ് പൊപ്പൊളി റൊമാനി സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസിന്റെ ചാപ്പലിനും, സ്‌ഫോർസ ചാപ്പലിനും നടുവിലുള്ള ഇടുങ്ങിയ ഒരു സ്ഥലത്താണ് ഫ്രാൻസിസ് പാപ്പായെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്നത്. ഇത് വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള അൾത്താരയ്ക്ക് സമീപത്താണെന്നതും പ്രത്യേകതയാണ്.
ജോർജ്ജ് മരിയോ ബെർഗോഗ്ലിയോയുടെ അമ്മയായ റെജീന മരിയ സിവോറിയുടെ മുത്തച്ഛനായ വിൻചെൻസൊ ജിറോലമോ സിവോറി 1800 കളിലാണ് ഇറ്റലിയിൽ നിന്ന് അർജെന്റീനയിലേക്ക് കുടിയേറിയത്.