വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മറ്റാരുടെയും സാന്നിധ്യമില്ലാതെ നടന്ന കൂടിക്കാഴ്ച്ചയിൽ സന്തോഷം പ്രകടിപ്പിച്ച സിലിൻസ്കി, അതൊരു ചരിത്ര സംഭവമായി മാറാമെന്നു സൂചിപ്പിച്ചു. "നല്ലൊരു കൂടിക്കാഴ്ച്ച ആയിരുന്നു," അദ്ദേഹത്തെ എക്‌സിൽ കുറിച്ചു. "ഞങ്ങൾ നേരിട്ട് ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചു. നല്ല ഫലങ്ങൾ ഉണ്ടാവുമെന്ന് ആശിക്കുന്നു. ഞങ്ങളുടെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കണം. പൂർണവും നിരുപാധികവുമായ വെടിനിർത്തൽ വേണം. മറ്റൊരു യുദ്ധം ഉണ്ടാവാത്ത വിധം വിശ്വസനീയവും നീണ്ടു നിൽക്കുന്നതുമായ സമാധാനം സാധ്യമാവണം.
"ഒത്തു നിന്നു ഫലങ്ങൾ സൃഷ്ടിച്ചാൽ ചരിത്രമാകാവുന്ന വളരെ പ്രതീകാത്മകമായ കൂടിക്കാഴ്ച്ച. നന്ദി, പ്രസിഡന്റ് ട്രംപ്."
ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വച്ച് അപമാനം ഏറ്റുവാങ്ങിയ ശേഷം സിലിൻസ്കി ട്രംപിനെ കാണുന്നത് ഇതാദ്യമായിരുന്നു. അതിനിടെ ഈയാഴ്ച്ച പൂർണമായും റഷ്യയ്ക്ക് യുക്രൈൻ കീഴടങ്ങുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിർദേശങ്ങൾ യുഎസ് പുറത്തു വിട്ടിരുന്നു. അവ സ്വീകാര്യമല്ലെന്നു സിലിൻസ്കി വ്യക്തമാക്കുകയും ചെയ്തു.
ശനിയാഴ്ചത്തെ ചർച്ചയിൽ ഉണ്ടായ പുരോഗതി എന്തെന്നു വ്യക്തമല്ല.
വളരെ ഫലപ്രദമായ ചർച്ച നടന്നു എന്നു മാത്രമാണ് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ചുങ് പറഞ്ഞത്.
ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് അതിനിടെ നാലാമതൊരിക്കൽ കൂടി മോസ്കോയിൽ പ്രസിഡന്റ് പുട്ടിനെ കണ്ടു. ചർച്ച മൂന്ന് മണിക്കൂർ നീണ്ടുനിന്നു.
Trump, Zelensky meet at Vatican