ലോക നേതാക്കളെയും രണ്ടര ലക്ഷത്തോളം ജനങ്ങളെയും സാക്ഷി നിർത്തി ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം നടത്തി. ശനിയാഴ്ച്ച രണ്ടു മണിക്കൂർ 10 മിനിറ്റ് നീണ്ട ചടങ്ങുകൾ അവസാനിച്ചപ്പോൾ വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പള്ളിമണികൾ അത് വിളിച്ചറിയിച്ചു.
റോമിലെ സാന്താ മരിയ മേജർ ബസിലിക്കയിലേക്കു പോപ്പോമൊബൈലിൽ ഭൗതികാവശിഷ്ടം കൊണ്ടുപോകുമ്പോൾ തെരുവുകൾക്ക് ഇരുവശവും ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. പാപ്പാ തന്നെ തിരഞ്ഞെടുത്ത അനാർഭാടമായ അന്ത്യവിശ്രമ സ്ഥാനം ആയിരുന്നു അദ്ദേഹം എപ്പോഴും പ്രാർഥിക്കാൻ പോയിരുന്ന അഞ്ചാം നൂറ്റാണ്ടോളം പഴക്കമുളള മാതാവിന്റെ ബസിലിക്ക.
ടൈബർ നദിക്കു കുറുകെ കടന്നു ചരിത്രമുറങ്ങുന്ന തെരുവുകളിലൂടെ പോപ്പോമൊബൈൽ പോകുമ്പോൾ ബസിലിക്കയുടെ മണികൾ മുഴങ്ങി. റോമിലെ കൊളീസിയം പോലുള്ള ചരിത്ര സ്മാരകങ്ങൾ കടന്നായിരുന്നു അന്ത്യയാത്ര.
ഇന്ത്യൻ സമയം വൈകുന്നേരമായപ്പോൾ, ചടങ്ങുകൾ കഴിഞ്ഞെന്നും 250,000 പേർ പങ്കെടുത്തെന്നും വത്തിക്കാൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കത്തോലിക്കാ സഭാംഗമായ ഭാര്യ മെലാനിയയോടൊപ്പമാണ് പങ്കെടുത്തത്. ഇന്ത്യയിൽ നിന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു നയിച്ച പ്രതിനിധി സംഘം പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറും കിരീടാവകാശി വില്യം രാജകുമാരനും എത്തിയിരുന്നു.
കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേ നയിച്ച ചടങ്ങുകളിൽ 250 കർദിനാൾമാർ പങ്കെടുത്തു. പുറമെ പാത്രിയർകീസുമാർ, ആർച് ബിഷപ്പുമാർ തുടങ്ങിയവരും.
ദുഃഖഭരിതമായ ഹൃദയങ്ങളോടെയാണ് പ്രാർഥനയ്ക്കു കൂടിയിരിക്കുന്നതെന്ന് കർദിനാൾ റേ പറഞ്ഞു. പാപ്പയുടെ അവസാന ദിവസങ്ങൾ അദ്ദേഹം ഓർമിച്ചു.
"അദ്ദേഹം ഏറെ അവശനായിരുന്നു. എന്നാൽ ഈസ്റ്റർ ദിനത്തിൽ ആശിർവാദം നൽകണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു."
വത്തിക്കാന് പുറത്തു ഒരു നൂറ്റാണ്ടിനു ശേഷമാണു ഒരു മാർപാപ്പയെ സംസ്കരിക്കുന്നത്.