സൂര്യാസ്തമയം കഴിഞ്ഞ് ഏകദേശം നാലു മണിക്കൂറുകൾ ആയിക്കാണണം.
അമ്പലവിളക്കുകൾ അണഞ്ഞു പരിസരം ശൂന്യമായപ്പോൾ വൃദ്ധൻ പതുക്കെ ആൽത്തറയ്ക്കൽ നിന്നെണീറ്റു.
മുന്നിൽ വിരിച്ചിട്ടിരുന്ന തുണിയിൽ, വീണുകിടന്നിരുന്ന നാണയത്തുട്ടുകൾ പെറുക്കിയെടുത്തു.
മറ്റെല്ലാം ചുരുട്ടി ഭാണ്ഡത്തിലാക്കി.
സന്തതസഹചാരിയായ മുളവടിയിൽ താങ്ങി എണീറ്റുനിന്നു മൂരി നിവർന്നു. ക്ഷേത്രത്തിനു നേരെ കണ്ണുകൾ പായിച്ചു ഒരു നിമിഷം ധ്യാനനിരതനായി നിന്നു. പിന്നെ തിരിഞ്ഞു സമീപത്തുള്ള അങ്ങാടിയിലെ കടത്തിണ്ണകളിൽ ഒന്നിലേക്ക് പതുക്കെ നടന്നു.
ഒരു മാസത്തോളമായി അയാൾ ഇവിടെ എത്തിപ്പെട്ടിട്ട്.
ഒരു ദശാബ്ദത്തിനു മുൻപ്, നാട്ടിൽ ജീവിതത്തിലെ കടമകളെല്ലാം തീർന്നു എന്ന് ബോദ്ധ്യമായ അവസരത്തിൽ മക്കളെയും പേരക്കുട്ടികളെയുമെല്ലാം ആശീർവദിച്ചു സ്വമനസ്സാ തീർത്ഥാടനത്തിനിറങ്ങിയ നിമിഷം ഇന്നലെയെന്നപോലെ അയാൾ ഓർത്തു.
അതിനും രണ്ട് വർഷങ്ങൾക്ക് മുൻപ് സഹധർമ്മിണി ശാരദ അയാളെവിട്ട് പരലോകത്തേക്കു പോയിരുന്നു.
അന്നുമുതൽ പല പുണ്യസ്ഥലങ്ങളിലേയ്ക്കുള്ള യാത്രകളിൽ ഏർപ്പെട്ടു.
ഒടുവിൽ അവശത അലട്ടിത്തുടങ്ങിയ നാളുകളിൽ ഉത്തർപ്രദേശിലെ ഈ കൊച്ചുഗ്രാമത്തിലെ ക്ഷേത്രപരിസരത്ത് എത്തിപ്പെട്ടപ്പോൾ, എന്തുകൊണ്ടോ ശേഷകാലം ഇവിടെ ഇങ്ങനെ കൂടാം എന്നൊരു ചിന്ത അയാളുടെ മനസ്സിൽ കുടിയേറി.ഈയിടെ ശാരദയെപ്പറ്റിയുള്ള ഓർമ്മകൾ ശക്തിയോടെ അയാളെ മഥിക്കാനും തുടങ്ങിയിരുന്നു.
കടത്തിണ്ണയിലെത്തി കമ്പളം നീർത്തി വിരിച്ചു അയാൾ ചുരുണ്ടുകൂടിക്കിടന്നു.
ഒരു കൊച്ചിറയത്തിന്റെ വീതിയുണ്ട് ആ കടത്തിണ്ണയ്ക്ക്.ഒരാൾക്ക് വിസ്തരിച്ചു സുഖമായി കിടക്കാം. അയാളിൽ ഇപ്പോഴും കെട്ടുപോകാതെ അവശേഷിയ്ക്കുന്ന ഗതകാലപ്രൗഢിയുടെ ഒരംശം വായിച്ചറിഞ്ഞിട്ടാകണം, കടയുടമ അയാളെ വിലക്കിയില്ല.
വഴിയരികിലെ വൈദ്യുതപോസ്റ്റിൽ വെളിച്ചത്തിന്റെ ചെറിയ തുണ്ട് മങ്ങിയും പ്രകാശിച്ചും നിന്നു.
ചിരപരിചിതമായ ചീവീടുകളുടെ ശബ്ദത്തിനു ശക്തി കൂടിക്കൂടി വന്നു.
സാവധാനം കണ്ണടച്ച് ഉറങ്ങാൻ തുടങ്ങിയപ്പോൾ ഒരു പൂച്ചയുടെ ശബ്ദം.
"മ്യാവൂ".
"ശ്ശേ , ഇതെവിടുന്നു വന്നു? മനുഷ്യനെ ഉറങ്ങാൻ സമ്മതിയ്ക്കാതെ".
ഈർഷ്യയോടെ അയാൾ വടിയെടുത്തു നിലത്തടിച്ചു ശബ്ദമുണ്ടാക്കി.
പൂച്ച പടിയിൽ നിന്ന് അയാളെ തന്നെ നോക്കി വീണ്ടും 'മ്യാവൂ' വിളിച്ചതല്ലാതെ എങ്ങും പോയില്ല. അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു.
തളർച്ചയ്ക്കിടയിൽ അയാളെപ്പോഴോ ഉറങ്ങിപ്പോയി .
രാവിലെ ഉറക്കമുണർന്നപ്പോൾ പൂച്ച തന്നോട് ചേർന്ന് കിടക്കുന്നതു കണ്ടു.
എന്തോ അയാൾ ശല്യപ്പെടുത്താൻ പോയില്ല. പകരം, കുറച്ചു നേരം അതിനെ നോക്കിയിരുന്നു.
അല്പം പ്രായമുണ്ടെന്ന് തോന്നുന്നുവെങ്കിലും, നല്ല വെളുത്ത ഭംഗിയുള്ള ഒരു പെൺപൂച്ച.
പിന്നീടുള്ള ദിവസങ്ങളിൽ അതാവർത്തിച്ചു.
രാത്രി എവിടെനിന്നോ ആ പൂച്ച അയാൾക്കടുത്തെത്തി.
കൂടെ ചേർന്നുകിടന്നു.
കണ്ണുകളിൽ നോക്കി.
അയാളുടെ കയ്യും മുഖവും നക്കിത്തുടച്ചു.
രാവിലെ അയാൾ ക്ഷേത്ര പരിസരത്തേക്ക് പോകുമ്പോൾ പൂച്ചയും എങ്ങോട്ടോ യാത്രയാകും.
അയാളും പൂച്ചയും ഗ്രാമവാസികൾക്കിടയിൽ സംസാരവിഷയമായി.
അയാൾക്കാണെങ്കിൽ ഇപ്പോൾ അതിനെ ക്കൂടാതെ ജീവിയ്ക്കാൻ പറ്റില്ലെന്ന അവസ്ഥയായിരിക്കുന്നു.
അന്ന് സന്ധ്യക്ക് മഴ തുടങ്ങി.
വല്ലാത്ത മഴ.
വൃദ്ധൻ നേരത്തെ കടത്തിണ്ണയിലേയ്ക്കെ ത്തിയെങ്കിലും അയാൾ നനഞ്ഞിരുന്നു.
ശരീരം വല്ലാതെ വിറയ്ക്കാൻ തുടങ്ങി.
പൂച്ചയെ അവിടെ കണ്ടില്ല.
അയാൾ ചുരുണ്ട് കൂടി വഴിക്കണ്ണുമായി പൂച്ച വരുന്നതും നോക്കിക്കിടന്നു.
രാത്രിയുടെ അർദ്ധയാമങ്ങളിലെപ്പോഴോ ഒരു ഞരക്കം കേട്ട വൃദ്ധൻ കണ്ണുകൾ വലിച്ചുതുറക്കാൻ ശ്രമിച്ചു.
പക്ഷേ സാധിക്കുന്നില്ല.
ചെവി വട്ടം പിടിച്ചു 'മ്യാവൂ' ശബ്ദത്തിനു കാതോർത്തു.
ഒന്നും കേൾക്കാനാവുന്നില്ല.
അടുത്തനിമിഷം തന്റെ മുഖം നക്കിത്തുടയ്ക്കുന്നതയാളറിഞ്ഞു.
അവൾ എത്തിയിരിക്കുന്നു.
കൈയ്യൊന്നുയർത്തി ഒന്നു തലോടാൻ വൃദ്ധൻ ആഗ്രഹിച്ചു. പാടുപെട്ടു ശ്രമിച്ചെങ്കിലും അതിനു സാദ്ധ്യമായില്ല.
തന്റെ അവസാനം അടുത്തെത്തിയിരിക്കുന്നോ ?
ഒരു ഞെട്ടലോടെ അയാൾ ഓർത്തു.
രണ്ട് കണ്ണുകൾ തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന
തോന്നൽ ഉള്ളിൽ അതിശക്തമായപ്പോൾ
അവസാനശക്തിയും സംഭരിച്ചയാൾ കണ്ണുകൾ വലിച്ചു തുറന്നു.
പൂച്ച അയാളെത്തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയാണ്.
ആ കണ്ണുകൾ!
ശരീരത്തിൽ എവിടെയോ ഒരു മിന്നൽപ്പിണർ!
പൊടുന്നനെ കോരിത്തരിപ്പോടെ അയാളത് തിരിച്ചറിഞ്ഞു.
ശാരദയുടെ കണ്ണുകൾ!
ഒരു ദശകത്തിനും മുൻപ് തന്നെ വിട്ടുപോയ പ്രിയപ്പെട്ടവൾ ഇവിടെ മറ്റൊരു ദേശത്തിൽ മറ്റൊരു രൂപത്തിൽ തന്റെ അവസാനനാളുകളിൽ കൂട്ടിനായി പുനർജ്ജനിച്ചെത്തിയോ?
ഇത് സംഭവ്യമോ?
'ശാരദേ', വൃദ്ധൻ ആ കണ്ണുകളിൽ ഉറ്റുനോക്കി ഉറക്കെ വിളിച്ചു.
ശബ്ദം പുറത്തു വന്നില്ല.
പക്ഷേ അതു കേട്ടമട്ടിൽ കണ്ണു ചിമ്മിയ പൂച്ച അയാളുടെ മുഖം സ്നേഹത്തോടെ വീണ്ടും നക്കിത്തുടച്ചു.
വിസ്മയം വിടർന്ന കണ്ണുകളിൽനിന്ന് സന്തോഷാശ്രുക്കൾ ഉതിർന്നു വീഴവേ അയാളൊന്നു
പുഞ്ചിരിച്ചു.
ജീവിതത്തിൽ തനിയ്ക്ക് എല്ലാം നേടാനായി യെന്ന ചാരിതാർഥ്യം നിറഞ്ഞ് നിന്നിരുന്ന പുഞ്ചിരി.
നിമിഷങ്ങൾക്കുള്ളിൽ ആ കണ്ണുകളിലെ തിളക്കം നിലച്ചപ്പോൾ, കൺപോളകളിൽ നക്കി അവളവയടച്ചു വെച്ചു.
എന്നിട്ട് വൃദ്ധനോട് ചേർന്ന്കിടന്നു.
മഴയപ്പോഴും ആർത്തലച്ചു പെയ്തു കൊണ്ടിരുന്നു.
പിറ്റേന്ന് ഗ്രാമവാസികൾ ആ കാഴ്ച കണ്ടു .
കടത്തിണ്ണയിൽ പുഞ്ചിരിയോടെ കിടക്കുന്ന വൃദ്ധന്റെ മരവിച്ച ശവശരീരം.
ആ മുഖത്തോട് മുഖംചേർത്ത് ചത്തുകിടക്കുന്ന പൂച്ചയുടെ തണുത്തു വിറങ്ങലിച്ച ശരീരവും.
മഴ അപ്പോഴും ചന്നംപിന്നം പെയ്തു കൊണ്ടിരുന്നു.
അപ്പോൾ.
അകലെയകലെ അനന്തകോടി നക്ഷത്രങ്ങൾക്കുമപ്പുറത്ത്.
ജനിമൃതികൾക്കിടയിലെ നദിക്കരയിൽ ഒരു പാറക്കെട്ടിൽ രണ്ടാത്മാക്കൾ കൈകോർത്തു പരസ്പരം നോക്കിയിരുന്നു.
വീണ്ടും ഒരുമിച്ചൊരു പുനർജ്ജനിയ്ക്ക്
ഊഴവും കാത്ത്.
********
ശുഭം
********