Image

ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല; നടി രന്യ റാവുവിനെതിരെ കോഫെപോസ ചുമത്തി

രഞ്ജിനി രാമചന്ദ്രൻ Published on 26 April, 2025
ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല; നടി രന്യ റാവുവിനെതിരെ കോഫെപോസ ചുമത്തി

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യറാവുവിനെതിരെ കടുത്ത നടപടി. നടിക്കെതിരെ വിദേശനാണ്യ സംരക്ഷണ,കള്ളക്കടത്ത് തടയൽ നിയമം 1974 (കൊഫെപോസ) ചുമത്തി. ഈ നിയമപ്രകാരം പ്രതികൾക്ക് ഇനി ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല. കേസിലെ മറ്റു പ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയ്ൻ എന്നിവർക്കെതിരെയും കോഫെപോസ നിയമപ്രകാരം കേസെടുത്തു.

കേസില്‍ അന്വേഷണം നടത്തുന്ന ഡിആര്‍ഐയുടെ ശുപാര്‍ശ പ്രകാരം സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ (സിഇഐബി)യാണ് നടപടിയെടുത്തിരിക്കുന്നത്. രന്യയും കൂട്ടുപ്രതികളും ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ഏജന്‍സികള്‍ പുതിയ വകുപ്പ് കൂടി ചുമത്തിയത്. അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കള്ളക്കടത്ത് നടത്തുന്നത് തടയാനും, അന്വേഷണവുമായി സഹകരിക്കുന്നതിനുമാണ് കൊഫെപോസ ചുമത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞമാസം മാർച്ച് 3 ന് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് സ്വർണക്കടത്തിന് രന്യയെ കസ്റ്റഡിയിലെടുത്തത്. 12.56 കോടിയിലധികം വിലമതിക്കുന്ന 14.2 കിലോഗ്രാം 24 കാരറ്റ് സ്വർണ്ണം ശരീരത്തിലും കൈവശമുള്ള മറ്റ് വസ്തുക്കളിലും ഒളിപ്പിച്ച നിലയിലാണ് ഇവരെ പിടികൂടിയത്.

തുടർന്ന് നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തിരുന്നു. കര്‍ണാടകയിലെ ഡിജിപി കെ. രാമചന്ദ്രറാവുവിന്റെ മകളാണ് രന്യ റാവു.ഡിജിപിയുടെ മകളായതിനാല്‍ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയില്‍ നിന്നും ഒഴിവാക്കുമെന്ന കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. അതിനിടെ, സ്വര്‍ണക്കടത്തില്‍ ഡിജിപി രാമചന്ദ്രറാവുവിന് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കാനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. രന്യ അടക്കമുള്ള പ്രതികള്‍ നിലവില്‍ ബെംഗളൂരൂ സെന്‍ട്രല്‍ ജയിലിലാണ്.

 

 

 

English summary:

No bail for one year; Actress Ranya Rao booked under COFEPOSA.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക