Image

ചോദ്യപേപ്പര്‍ ലഭിച്ചില്ല: കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷകള്‍ മുടങ്ങി; പ്രതിഷേധവുമായി കെഎസ്‌യുവും എംഎസ്എഫും

രഞ്ജിനി രാമചന്ദ്രൻ Published on 26 April, 2025
ചോദ്യപേപ്പര്‍ ലഭിച്ചില്ല: കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷകള്‍ മുടങ്ങി; പ്രതിഷേധവുമായി കെഎസ്‌യുവും എംഎസ്എഫും

കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഡിസി  പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ വീഴ്ച ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധം നടത്തി.

ഇന്ന് 68 വിഷയങ്ങളിലാണ് കണ്ണൂർ സർവകലാശാലയിൽ പരീക്ഷ നടക്കേണ്ടിയിരുന്നത്. ഇതിൽ 54 വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ രാവിലെ 10 മണിക്ക് മുൻപ് കോളേജുകളിൽ എത്തിച്ചേർന്നു. എന്നാൽ എംഡിസി വിഭാഗത്തിലെ ഒമ്പത് വിഷയങ്ങളുടെ ചോദ്യപേപ്പറുകൾ തയ്യാറായില്ല. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയ വിദ്യാർത്ഥികൾ നിശ്ചിത സമയത്തിന് തൊട്ടുമുൻപാണ് പരീക്ഷ മാറ്റിയെന്ന വിവരം അറിയുന്നത്.

സർവകലാശാല ആസ്ഥാനത്ത് കെഎസ്‌യുവും എംഎസ്എഫും നടത്തിയ പ്രതിഷേധത്തിനിടെ ചെറിയ തോതിലുള്ള സംഘർഷമുണ്ടായി. കെഎസ്‌യു പ്രവർത്തകർ സർവകലാശാലയുടെ കവാടത്തിൽ വാഴ വെച്ച് പ്രതിഷേധിച്ചു.

ബോർഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വേണ്ടി സോഫ്റ്റ്‌വെയറിലൂടെ ക്രമീകരിച്ചപ്പോൾ ചില പേപ്പറുകളിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതാണ് കാരണമെന്ന് സർവകലാശാല അധികൃതർ വിശദീകരിച്ചു. ഇത് പരിഹരിക്കാൻ നിശ്ചിത സമയത്തിനുള്ളിൽ സാധിക്കാത്തതിനാലാണ് പരീക്ഷകൾ മാറ്റിവെച്ചത് എന്നും സർവകലാശാല അറിയിച്ചു.

 

 

 

English summary:

Question paper not received: Exams disrupted at Kannur University; KSU and MSF stage protest.

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക