ലോകം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേയ്ക്ക് കണ്ണുകള്‍ തുറന്നുവച്ച നൊമ്പര നിമിഷങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയംകൊണ്ട് അന്ത്യയാത്രാമൊഴി. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നിലുള്ള ഗ്രാന്‍ഡ് ബറോക്ക് പ്ലാസയിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം, നിറഞ്ഞ കണ്ണുകളോടെ, വിങ്ങുന്ന ഹൃദയത്തോടെ ജനസഞ്ചയം പ്രാര്‍ത്ഥനാപൂര്‍വം പങ്കെടുത്ത വിലാപയാത്ര നാലു കിലോമീറ്റര്‍ അകലെയുള്ള റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അവസാനിച്ചത്. വഴിനീളെ ജനങ്ങള്‍ പൂക്കളുമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. കൊളോസിയം അടക്കം ചരിത്ര സ്മാരകങ്ങള്‍ക്ക് മുന്നിലൂടെയായിരുന്നു വിലാപ യാത്ര കടന്നുപോയത്.
തന്റെ അപ്പസ്‌തോലിക യാത്രകള്‍ക്ക് മുന്‍പും ശേഷവും മേരി മേജര്‍ ബസിലിക്കയിലെത്തി പാപ്പാ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുക പതിവായിരുന്നു. പക്ഷേ, ഇത്തവണത്തേത് മടക്കമില്ലാത്ത യാത്രയായിരുന്നു. അവസാന യാത്ര പൂര്‍ത്തിയാക്കി സാന്റ മരിയ മജിയോറയുടെ വിശുദ്ധമായ അകത്തളത്തില്‍ കുടികൊള്ളുന്ന അമ്മയുടെ അരികിലെത്തിയ മകന് ഇനി അവിടെ നിത്യനിദ്രയാണ്. മുന്‍ മാര്‍പാപ്പമാര്‍ പിന്തുടര്‍ന്നു വന്നിരുന്ന പരമ്പരാഗത രീതികളില്‍ നിന്ന് മാറ്റം വരുത്തിയാണ് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പയെ അടക്കം ചെയ്തത്. മരണാനന്തര നടപടികളുടെയും ശുശ്രൂഷകളുടെയും ക്രമം കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പ പരിഷ്‌കരിച്ചിരുന്നു.
ആഡംബരങ്ങള്‍ ഒഴിവാക്കി സാധാരണ മരത്തില്‍ നിന്നു നിര്‍മിക്കുന്ന തടിപ്പെട്ടിയില്‍ തന്നെ അടക്കം ചെയ്യണമെന്ന് മാര്‍പാപ്പ നിഷ്‌കര്‍ഷിച്ചിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ തന്റെ പ്രിയപ്പെട്ട പ്രാര്‍ഥനാ ഇടമായ തന്നെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ കബറടക്കണമെന്ന് 2022 ജൂണ്‍ 29-ന് അന്ത്യാഭിലാഷത്തെക്കുറിച്ച് എഴുതിയ കുറിപ്പില്‍ മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. ജെമെല്ലി ആശുപത്രിയിലെ ചികില്‍സ കഴിഞ്ഞെത്തിയ മാര്‍പാപ്പ ഏപ്രില്‍ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മേരി മേജര്‍ ബസിലിക്കയിലെത്തുകയും പരിശുദ്ധ അമ്മയ്ക്ക് പൂക്കള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പത്രോസിന്റെ പിന്‍ഗാമിയായി തിരഞ്ഞടുക്കപ്പെട്ടതിന്റെ പിറ്റേന്ന്, അതായത് 2013 മാര്‍ച്ച് 14-നും പാപ്പാ ഈ ബസിലിക്കയിലെത്തിയിരുന്നു.
സഭയെ നയിച്ച ഒരുവ്യാഴവട്ടക്കാലം പാപ്പായുടെ ആത്മീയ ആശ്രയമായിരുന്നു സെന്റ് മേരി മേജര്‍ ബസിലിക്ക. കന്യാമറിയത്തിന്റെ കടുത്ത ഭക്തനായ പാപ്പ ഈ ആത്മബന്ധം മുന്‍ നിര്‍ത്തിയാണ് അന്ത്യവിശ്രമ ഇടമായി സെന്റ് മേരി മേജര്‍ ബസിലിക്ക തിരഞ്ഞെടുത്തത്. റോമിലെ നാല് പ്രധാന പേപ്പല്‍ ബസിലിക്കകളില്‍ പരിശുദ്ധ മറിയത്തിന്റെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് ദി ബസലിക്ക ഓഫ് സെന്റ് മേരി മേജര്‍ അഥവാ സാന്റ മരിയ മജിയോറ. 'മഞ്ഞു മാതാവിന്റെ ബസിലിക്ക' എന്നും, പ്രാചീന റോമാക്കാരുടെ പൊതുമന്ദിരങ്ങളുടെ രീതിയില്‍ നിര്‍മിച്ച ഈ ദേവാലയം അറിയപ്പെടുന്നു.
തങ്ങളുടെ പ്രിയ പാപ്പായെ യാത്രയാക്കാന്‍ 170 ലോക രാജ്യങ്ങളുടെ നേതാക്കളാണ് എത്തിയത്. പ്രസിഡന്റ് ട്രംപും ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അന്ത്യോപചാരമര്‍ച്ചിവരില്‍ ഉള്‍പ്പെടുന്നു. രണ്ടു ലക്ഷത്തോളം പേരാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത മാര്‍പാപ്പയ്ക്കായുള്ള തിഞ്ഞെടുപ്പിനാണ് ഇനി ലോകം ഉറ്റുനോക്കുന്നത്. പുരോഗമന ആശയങ്ങളെ മുറുകെപ്പിടിച്ച ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയുടെ നിലപാടുകളും ലോകചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായിരിക്കും.
ലോക സമാധാനത്തിന്റെ പ്രതിപുരുഷനായിരുന്ന ഫ്രാന്‍സിസ് പാപ്പാ അശരണരുടെയും ആലംബഹീനരുടെയും ആശാകേന്ദ്രമായിരുന്നു. അധസ്ഥിതരുടെ പക്ഷം ചേര്‍ന്ന് മാനവരാശിയുടെ ഹൃദയം കവര്‍ന്ന, കത്തോലിക്കാ സഭയുടെ ഈ പരമാധ്യക്ഷന്‍ വിപ്ലവകാരിയും തിരുത്തല്‍വാദിയുമായിരുന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനായ ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സഭയില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ ഇതര മാര്‍പാപ്പമാരില്‍ നിന്ന് അദ്ദേഹത്തെ തീര്‍ത്തും വ്യത്യസ്തനാക്കുന്നു. അതേസമയം ലോക സമാധാനത്തിന്റെ വക്താവ് എന്ന വിശേഷണവും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ടായിരുന്നു.
ലോകം ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷിച്ച ഈറ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ ബാല്‍ക്കണിയില്‍ നിന്ന് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്ത്‌കൊണ്ട് തന്റെ അവസാന സന്ദേശത്തിലും ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ വെട്ടിത്തുറന്നു പറഞ്ഞിരുന്ന മാര്‍പാപ്പ, സഭയിലെ യാഥാസ്ഥിതികരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. മാനവികതയുടെ അന്തസിനെ എതിര്‍ക്കുന്ന സാംസ്‌കാരിക ചായ്വുകളില്‍ മെത്രാന്‍മാര്‍ക്ക് എക്ലീസിയല്‍ സെന്‍സിറ്റിവിറ്റി അനിവാര്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്.
സമ്പന്നമായ വാക്കുകളാലും ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകളെടുത്തും വ്യത്യസ്തനായ മാര്‍പാപ്പ 2013 മാര്‍ച്ച് 19-നാണ് കത്തോലിക്കാസഭയുടെ 266-ാം പാപ്പയായി സ്ഥാനമേറ്റത്. 'ഫ്രാന്‍സിസ്' എന്ന പേര് സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാര്‍പാപ്പ 'ഫ്രാന്‍സിസ്' എന്ന പേര് സ്വീകരിക്കുന്നത്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്തമോദാഹരണവും രണ്ടാം ക്രിസ്തുവെന്നു വിളിക്കപ്പെടുന്നയാളുമായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമം അദ്ദേഹം സ്വീകരിച്ചത് ബോധപൂര്‍വമാണ്.
എല്ലാ കാര്യത്തിലും സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന് വാദിച്ച പാപ്പാ സ്ത്രീകള്‍ക്ക് ഡീക്കന്‍ പട്ടം കൊടുക്കണമെന്ന പക്ഷക്കാരനായിരുന്നു. പെസഹാ തിരുകര്‍മത്തില്‍ സ്ത്രീകളുടെയും കാല്‍കഴുകാം എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞപ്പോള്‍ യാഥാസ്ഥിതികരുടെ നെറ്റി ചുളിഞ്ഞു. ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്‌മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ വിഷയങ്ങളില്‍ സഭയിലെ പരിഷ്‌കരണ വാദികളുടെ മറുചേരിയിലാണ് അദ്ദേഹം നിലകൊണ്ടത്. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. യുദ്ധത്തിനും അധിനിവേശത്തിനും എതിരെ അവസാന ശ്വാസം വരെയും അദ്ദേഹം ജാഗ്രത പുലര്‍ത്തി. പാപ്പായുടെ പല തീരുമാനങ്ങളും ഉറച്ച നിലപാടുകളും സഭയ്ക്കുള്ളില്‍ എതിര്‍ക്കപ്പെട്ടെങ്കിലും മാനവികതയുടെ പ്രശാന്ത മുഖമായ അദ്ദേഹം അചഞ്ചലനായി നിലകൊണ്ടു.