ഹൂസ്റ്റണ്‍: നിത്യതയില്‍ ലയിച്ച സമാധാനത്തിന്റെ അപ്പോസ്തലനും മാനവികതയുടെ വക്താവുമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഫോമാ സതേണ്‍ റീജിയണ്‍ ആദരാഞ്ജലികളര്‍പ്പിച്ചു. മിസോറി സിറ്റിയിലെ അപ്നാ ബസാര്‍ ഹാളില്‍ വച്ച്, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജമ്മു-കാശ്മീരിലെ പഹല്‍ഗാം തീവ്രവാദി ആക്രമണവും ശക്തമായി അപലപിക്കപ്പെട്ടു.
ലോകംകണ്ട മനുഷ്യ സ്‌നേഹിയായ ഫ്രാന്‍സിസ് മാര്‍പാപ്പ മനുഷ്യ ഹൃദയങ്ങളിലൂടെ ജീവിക്കുമെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു. അതേസമയം കാശ്മീരില്‍ നിരപരാധികളെ കൊലപ്പെടുത്തിയ തീവ്രവാദി ആക്രമണത്തെ അപലപിക്കാന്‍ വാക്കുകളില്ലെന്നും ഉവരെ പോറ്റി വളര്‍ത്തുന്ന പാകിസ്ഥാന് ചുട്ട മറുപടി നല്‍കാന്‍ ഇന്ത്യ സര്‍വ സര്‍വസജ്ജമായത് നമ്മുടെ ദേശാഭിമാനബോധത്തെ ഉണര്‍ത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാനവികതയുടെ ഉദാത്ത മാതൃകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും ലോകജനതയ്ക്ക് മതൃകയായ എളിയ ജീവിതം നയിക്കുമ്പോഴും നിലപാടുകളില്‍ ഉറച്ചുനിന്ന ഫ്രാന്‍സിസ് മാര്‍പാപ്പ തെളിച്ച വഴിയിലൂടെ സഞ്ചരിക്കാന്‍ നമ്മളെല്ലാവരും കടപ്പെട്ടിരിക്കുന്നുവെന്ന് ഫോമാ വിമണ്‍സ് ഫോറം പ്രതിനിധി റെയ്‌ന റോക്ക് പറഞ്ഞു. മാര്‍പാപ്പയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും ദൈവസന്നിധിയിലെത്തിയ അദ്ദേഹത്തിന്റെ കൃപ നമ്മിലുണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും റെയ്‌ന റോക്ക് പറഞ്ഞു.
ഇന്ത്യയുടെ സ്വസ്ഥത കെടുത്താന്‍ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണ് പഹല്‍ഗ്രം ആക്രമണമെന്നും അത്തരം ചതിക്കുഴികളില്‍ ഇന്ത്യ ഇനി വീഴില്ലെന്ന് സൈനിക നടപടി ഉറപ്പാക്കുന്നുണ്ടെന്നും റിട്ടയേഡ് നേവി ഉദ്യോഗസ്ഥനും ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ മീഡിയ ചെയറുമായ സൈമണ്‍ വളാച്ചേരില്‍ (നേര്‍കാഴ്ച ചീഫ് എഡിറ്റര്‍) വ്യക്തമാക്കി. മനുഷ്യരാശിക്ക് നേരെയുള്ള ഈ ആക്രമണം ഇന്ത്യയോടുള്ള യുദ്ധപ്രഖ്യാപനമായി കണ്ട് ഭീകരവാദത്തെ ചെറുക്കാന്‍ ഏവരും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒരേമനസോടെ അണിനിരക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോമാ സതേണ്‍ റീജിയണ്‍ ചെയര്‍മാന്‍ രാജേഷ് മാത്യു, നാഷണല്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരന്‍, നാഷണല്‍ കമ്മിറ്റി അംഗം ജിജു കുളങ്ങര, എസ്.കെ ചെറിയാന്‍, തോമസ് ഒലിയാംകുന്നേല്‍, സന്ദീപ് ഈശോ, പ്രസാദ് (പ്രോംപ്റ്റ് റിയല്‍റ്റി ആന്റ് മോര്‍ട്‌ഗേജ്), സാജന്‍ ജോണ്‍, പൊടിയമ്മ പിള്ള, ആന്‍സി സാമുവേല്‍, മെര്‍ളിന്‍ സാജന്‍, ഹിമി ഹരിദാസ് തുടങ്ങിയവരും ഫോമാ സതേണ്‍ റീജിയന്റെ ഇതര നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.