പുരുഷാധിപത്യം അല്ലെങ്കിൽ Patriarchy എന്നു പറയുന്നത് ഒരു വസ്തുതയാണ്. മിക്കവാറും യുഗങ്ങളായുള്ള ആഗോള സാമൂഹിക ഘടനയിൽ നാളിതുവരെ മേധാവിത്വം പുലർത്തിപോന്ന ഒരു വ്യവസ്ഥയുമാണത്. പുരുഷേതര ലിംഗത്തിൽ പെട്ടവരെ പരിഗണിക്കാതേയും പുരുഷ മേധാവിത്വത്തിന് കീഴിൽ കൊണ്ടുവന്ന് അവരുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുമ്പോഴാണ് കാര്യങ്ങൾ അപകടകരമാകുന്നത്. ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളെ ദേവതയായും വിശുദ്ധയായും Text കൾ പരിഗണിക്കുമ്പോഴും സ്ത്രീയുടെ സാമൂഹിക ജീവിതത്തിലെ യഥാർത്ഥ അവസ്ഥ എന്ത് എന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്.
രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ജെൻഡർ അടിസ്ഥാനമാക്കിയുള്ള വേർതിരിവിൻ്റെ കാര്യത്തിലും പലവിധ പ്രശ്നങ്ങൾ ഇന്ത്യൻ സ്ത്രീകൾ ഇന്നും നേരിട്ടു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായ സ്വയംപര്യാപ്തത ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ഒരു പരിധിവരെ അന്തസ്സോടെ നിലനിൽക്കാനാകും.
°°°°° °°°°°°°° °°°°°°°° °°°°°°°
ഈയടുത്ത് നിയമ ബിരുധദാരിയായ ഒരു പെൺകുട്ടി തൻ്റെ അനുഭവത്തിൽ നിന്നുമെഴുതിയ കാര്യത്തെ ഇങ്ങനെ വായിക്കാം. ഭർത്താവ് സ്നേഹം ചൂഷണം ചെയ്ത് ഒരു സ്ത്രീയുടെ ജീവിതം തകർക്കുന്നു. പിന്നീട് നാലും അഞ്ചും സ്ത്രീകളെ ഇതേ രീതിയിൽ വഞ്ചിച്ച് അവരോട് ലൈംഗിക ബന്ധം സ്ഥാപിച്ച് അവരേയും ചൂഷണത്തിന് വിധേയമാക്കുന്നു. അവസാനം ആ സ്ത്രീ വിവാഹ മോചനം നേടിയിട്ടും അവരെ വിടാതെ പിന്തുടർന്ന് ചൂഷണം ചെയ്യുന്നു. അവർ എഴുതിയ കുറിപ്പ് വായിക്കൂ.
"എന്റെ അടുക്കലേക്ക് വ്യക്തിപരമായി വരുന്ന ഡിവോഴ്സ് കേസുകളിൽ ഭൂരിഭാഗത്തിലും ഒരേ സ്റ്റോറി ലൈൻ ആണുള്ളത്. പലരും ഒരു കഥയുടെ തുടക്കം പറഞ്ഞു തുടങ്ങുമ്പോൾ ബാക്കി ഞാൻ അങ്ങോട്ട് പറഞ്ഞു കൊടുക്കലാണ് പതിവ്. ഇത് നിങ്ങൾക്ക് എങ്ങിനെ കൃത്യമായി മനസിലാകുന്നു എന്നതാവും അപ്പോൾ അവരുടെ അത്ഭുതം.
Narcissistic abuse എന്നത് ഒരു യൂണിവേഴ്സൽ പ്രതിഭാസമാണ്.
ഒരു ബന്ധത്തിന്റെ തുടക്കം മുതൽ നമ്മളെ മാനസികമായി അടിമപ്പെടുത്തുന്ന ഒരു പങ്കാളി. അയാൾക്ക് പല തരം ദുശീലങ്ങൾ ഉണ്ടാവും. തരാതരം ലൈംഗിക പങ്കാളികൾ ഉണ്ടാവും. അതെപ്പോഴെങ്കിലും ചോദ്യം ചെയ്ത് തുടങ്ങിയാൽ അതിനുള്ള ശിക്ഷ അതി ഭീകരം ആയിരിക്കും.നമ്മളെക്കൊണ്ട് ഒന്നിനും കഴിയില്ലെന്നും നമ്മൾക്ക് സൗന്ദര്യം കുറവാണെന്നോ സാമ്പത്തികം കുറവാണെന്നോ അങ്ങനെയങ്ങനെ നമ്മുടെ ആത്മവിശ്വാസം തകർത്തു തുടങ്ങും. ചെയ്യാത്ത തെറ്റിന് പോലും മാപ്പ് പറഞ്ഞാലേ പിടിച്ചു നിൽക്കാൻ ആവൂ എന്ന ഗതികേടിൽ നമ്മെ കൊണ്ടെത്തിക്കും. നല്ല സമയങ്ങളിൽ നമ്മൾ പങ്കു വെച്ച രഹസ്യങ്ങൾ വരെ നമ്മെ തകർക്കാൻ ആയി ഉപയോഗിക്കും. നമ്മുടെ സ്ഥാവര ജംഗമ വസ്തുക്കളെല്ലാം ഫിസിക്കലി തന്നെ തകർക്കുന്ന അവസ്ഥയുണ്ടാവും. ഓവർ സ്പെൻഡിങ്ങോ അമിതമായ കടം വാങ്ങൽ പ്രവണതയോ കാണിച്ച് നമ്മളെ സാമ്പത്തികമായി ബാധ്യതയിലാക്കും. വിവാഹ സമയത്ത് വീട്ടുകാർ തരുന്ന സ്വർണം അടക്കം വിറ്റു നശിപ്പിച്ചു കാണും.ഈ ബന്ധത്തിൽ നിന്ന് ഒന്ന് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ വട്ടപ്പൂജ്യമാണെന്ന തിരിച്ചറിവിൽ പതറിപ്പോകും. ഇനി എന്ത് തന്നെ ആയാലും വേണ്ടില്ല ഇറങ്ങിയേ പറ്റൂ എന്ന് ചിന്തിക്കുമ്പോഴാവും നാർ സിസ്റ്റിന്റെ നാടകീയമായ ഭാവമാറ്റം. അത് വരെയില്ലാത്ത സ്നേഹ പ്രകടനങ്ങൾ സമ്മാനങ്ങൾ ഇതിന്റെയൊക്കെ പ്രവാഹമായിരിക്കും. ഇതിൽ ഇമോഷ നലി വീണു പോകുന്ന മറ്റെയാൾ (ഇതൊരിക്കലും ബുദ്ധിമോശം കൊണ്ട് സംഭവിക്കുന്നതല്ല. Narcissistic abuse victims ന് ട്രോമ ബോണ്ടിങ് മൂലം സംഭവിക്കുന്ന nervous system dysregulation ആണിതിന് കാരണം.)ഇയാൾ നന്നായെന്ന് കരുതി വീണ്ടും ബന്ധം തുടരാം എന്ന് തീരുമാനിക്കും. നാഴ്സിസ്റ്റിന്റെ നാടകം നീണ്ടു നില്കുന്നത് ഏതാനും ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ മാത്രമായിരിക്കും. വീണ്ടും പഴയ സൈക്കിൾ റിപ്പീറ്റ് ചെയ്യും. കുട്ടികൾ ഇല്ലാത്തവരാണെങ്കിൽ ഈ ലവ് ബോംബിങ് സമയത്ത് പ്രെഗ്നൻസിയുടെ വർത്തമാനങ്ങൾ ഉണ്ടാവുകയും മിക്കവാറും പ്രെഗ്നൻസിയിലേക്ക് എത്തിക്കുകയുംചെയ്യും. പ്രെഗ്നൻസി യോടെ മറ്റെയാൾ ബന്ധത്തിൽ എന്നെന്നും കുടുങ്ങിപ്പോകും എന്ന ധാരണ.
അവസാനം,ശരിയാണ്. ഞാൻ ഭയങ്കര വീക്ക് ആണ് എനിക്ക് ഇയാളില്ലാതെ പറ്റില്ലെന്ന അവസ്ഥയിലോട്ട് മറു പുറത്തുള്ള ആളിനെ മാറ്റും.വർഷങ്ങൾ പോകെ നമ്മുടെ ശരീരം, മനസ്, സമ്പാദ്യം എല്ലാം പിടി വിട്ടു പോകുമ്പോൾ ഇനി എന്ത് തന്നെയായാലും ഉള്ളതെല്ലാം വാരിപ്പെറുക്കി ഇറങ്ങാം എന്ന് ചിന്തിക്കുമ്പോൾ കുടുംബം, സമൂഹം ഇതിന്റെയൊക്കെ സാരമായ എതിർപ്പുകളും ബഹിഷ്കരണവും ഭ്രഷ്ടുമൊക്കെ നേരിടേണ്ടി വരും. നമ്മളെ മാനസികമായി അങ്ങേയറ്റം ഇല്ലാതാക്കിയ multiple relationships ലെ ചതി കൾ അടക്കം വിശദീകരിച്ചാലും ആണുങ്ങൾ അല്ലെ എന്ന് പറഞ്ഞു പലരും കൈ കഴുകും.
ഒരു നാർസിസ്റ്റിന്റെ കാര്യത്തിൽ ഏതു നാടോ ഭാഷയോ വംശമോ ആയാലും ഈ കഥ സമാനമായിരിക്കും.അതിൽ പെട്ടു പോയവരുടെയും ജീവിച്ചു പുറത്ത് ഇറങ്ങിയവരുടെയും.
നമ്മൾ ഒരു നാർസിസ്റ്റിനെ ഉപേക്ഷിച്ചു പോകുമ്പോൾ, അത്രയും കാലം നമ്മളെ ശാരീരികമായും സാമ്പത്തികമായും മാനസികമായും നിയന്ത്രിക്കാൻ സാധിച്ച അയാൾ പെട്ടെന്നുള്ള ട്രാൻസിഷൻ മനസ്സിലാക്കാൻ പോലുമുള്ള മാനസികാവസ്ഥയില്ലാതെ നമ്മളെ വീണ്ടും നിയന്ത്രിക്കാം എന്ന വ്യാമോഹത്തോടെ പലതും കാട്ടിക്കൂട്ടും.ഡിവോഴ്സ് ആയാൽ പോലും നമുക്ക് ഭീഷണിപ്പെടുത്തുന്ന മെസ്സേജുകൾ അയക്കുന്നതും, വീട്ടിൽ കയറി നിങ്ങളുടെ മകളെ ആക്രമിക്കും എന്നൊക്കെ നമ്മുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതും നമ്മെക്കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നതും ഇതിന്റെ ഭാഗമാണ്. അവരെ ആശ്രയിക്കാതെ നമുക്കൊരു ജീവിതം ഉണ്ടാവുന്നു, നമ്മൾ സന്തോഷമായിരിക്കുന്നു, സ്വയം പടുത്തുയർത്തുന്നു എന്നത് നഴ്സിസിസ്റ്റ് നെ ഇല്ലാതാക്കുന്ന സ്ഥിതി വിശേഷമാണ്.ഇനി ഇറങ്ങിപ്പോന്നയാൾ പുതിയൊരു പങ്കാളിയെ കണ്ടെത്തുക കൂടി ചെയ്തിട്ടുണ്ടെങ്കിൽ ഈ അക്രമം കൂടുക എന്നല്ലാതെ ഒരിക്കലും കുറയില്ല.
വീട്ടിൽ കയറി നമ്മളെ ആക്രമിക്കും എന്ന ഭീഷണി വരുമ്പോൾ പോലീസ് സ്റ്റേഷനിൽ പോയെന്നിരിക്കട്ടെ, എന്താണുണ്ടാവുക. എനിക്കും എന്റെ പല കക്ഷികൾക്കും ഉണ്ടായ അനുഭവം, ഒരിക്കൽ ദമ്പതികൾ ആയിരുന്നു എന്ന അവജ്ഞയോടെ ആ പരാതി തള്ളിക്കളയും. രണ്ടു മാസം മുൻപ് ഭർത്താവിന്റെ വെട്ട് ഏറ്റു മരിച്ച ഷിബില ഇത്തരത്തിൽ ഒരു പരാതി കൊടുക്കുകയും അതിന്മേൽ നടപടി ഇല്ലാതെയിരിക്കുകയുമാണ് ചെയ്തത്.
Intimate partner violence കാണിക്കുന്ന ഇവർക്ക് രണ്ടോ അതിലധികമോ ബ്രേക്ക് അപ്പുകളിലൂടെ കടന്നു പോയ ചരിത്രം ഉണ്ടാവും. എല്ലാ പങ്കാളികളും ഇവരെ ഉപേക്ഷിച്ചു പോയത് കൊണ്ട് തന്നെ ആ വേദന പറഞ്ഞാവും മിക്കവാറും പുതിയ ഇരയെ വീഴ്ത്തുക. ഇവർ ജോലി സ്ഥലങ്ങളിലും സമൂഹത്തിലുമൊക്കെ വളരെ മാന്യന്മാർ ആവുകയും ചെയ്യുന്നത് കൊണ്ട് മറ്റുള്ളവർക്ക് ഇരയെ സംശയിക്കാൻ ആയിരിക്കും കാരണങ്ങൾ കൂടുതൽ. സ്വയം ഡിഫെൻഡ് ചെയ്യാൻ വേണ്ടി ഇത്തരത്തിലുള്ള ബന്ധത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് ഉറപ്പായാൽ മെസേജുകളും കാളുകളുമെല്ലാം റെക്കോർഡ് ചെയ്തു വെക്കുക. മറ്റുള്ളവർ അവിശ്വസിക്കുമ്പോൾ അതെടുത്തു കാണിക്കുക എന്നത് മാത്രമെ നിർവഹമുള്ളൂ. ഇനി ആര് തന്നെ സർട്ടിഫിക്കറ്റ് തന്നില്ലെങ്കിലും സ്വയം ബോധ്യമുണ്ടാവുക, സ്വന്തം ജീവിതം പടുത്തുയർത്തുക,ഒട്ടും കഴിയില്ലെന്ന് തോന്നുമ്പോൾ തെറാപ്പി എടുക്കുക, അവനവനു കഴിയുന്ന സമയം ആണെങ്കിൽ പുതിയ ഇരകളെ ഈ വലയിൽ നിന്ന് രക്ഷപ്പെടുത്തുക, എത്രെയേറെ ബുദ്ധിമുട്ടിയാലും നീന്തിക്കയറുക എന്നത് മാത്രമേ ചെയ്യാനുള്ളൂ. ഏത് നീണ്ട തുര ങ്കത്തിനൊടുവിലും ഒരു വെളിച്ചം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ".