ഡാളസ്, നോർത്ത് ടെക്സസ് : യു എസിലെ ഫുഡ് ഡെസേർട് (ഭക്ഷ്യ ക്ഷാമ) സംസ്ഥാനങ്ങളിൽ ടെക്സസ് മുന്നിലാണ്. രണ്ടാം വർഷവും ഏറ്റവുമധികം ഭക്ഷ്യക്ഷാമുള്ള സംസ്ഥാനമായി ടെക്സസിനെ ഫീഡിങ് അമേരിക്ക എന്ന ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തി. കൂടുതൽ കൂടുതൽ ജനങ്ങൾ നോർത്ത് ടെക്സസിലേക്കു കുടിയേറുമ്പോൾ ജനസംഖ്യാ വർധനക്കൊപ്പം അവർ കൊണ്ട് വരുന്നത് കത്തിക്കാളുന്ന വിശപ്പും ഒഴിഞ്ഞ വയറുകളും കാലിയായ കീശകളുമാണ്.
2023 ലെ വിവരങ്ങൾ മാപ് ദി മീൽ ഗ്യാപ് സ്റ്റഡി അനുസരിച്ചു ഡാലസ് - ഫോര്ട്ടുവർത്തു ആണ് രാജ്യത്തെ ഏറ്റവും അധികം വിശപ്പു ശമിപ്പിക്കുവാൻ ബുദ്ധിമുട്ടുന്ന മൂന്നാമത്തെ വലിയ നഗരം.
ടെക്സസിലെ നഗരങ്ങൾ വളരുകയാണ്. ഇതോടൊപ്പം കൂട്ട പലായനം നടത്തി എത്തുന്ന ജനങ്ങൾ-ജോലിസ്ഥലം മാറിയോ, അനധികൃത കുടിയേറ്റത്തിലൂടെയോ ഒരു നിയന്ത്രണവും ഇല്ലാതെ വർധിക്കുന്ന ജനസംഖ്യ എല്ലാം കൂടി ഭക്ഷ്യപ്രശ്‍നം വർധിപ്പിച്ചു. അവർക്കു സഹായമായി വളരെയധികം സംസ്ഥാന, ദേശീയ പദ്ധതികളും ഉണ്ട്. എന്നാൽ ഈ പദ്ധതികളുടെ ഏൻഡ് യൂസ് പലപ്പോഴും ഉറപ്പു വരുത്താറില്ല. അതിനാൽ അർഹരായ പലരും പുറത്തു നിൽക്കേണ്ടി വരുന്നു.
ഭക്ഷ്യ സുരക്ഷ ഇല്ലായ്‌മ നിരക്ക് ടെക്സസിൽ 17.6% ആണ്. ഇത് 54 ലക്ഷം വരും. 2002 ൽ നിന്ന് 9 % വർധന ഉണ്ടായി . കോവിഡ് മഹാ മാരിയിൽ നല്കിയിരുന്നതിനേക്കാൾ ഭക്ഷണ സഹായം ഇപ്പോൾ ചെയ്യുന്നു എന്നത് അത്ഭുതകരമായ കാര്യമാണ്, ഫീഡിങ് അമേരിക്കയുടെ സി ഇ ഓ യും പ്രസിഡന്റുമായ തൃഷ കണ്ണിങ്ഹാം പറഞ്ഞു.
നോർത്ത് ടെക്സസ് ഫുഡ് ബാങ്ക് ഏരിയയുടെയും റ്ററൻറ് ഏരിയ ഫുഡ് ബാങ്കിന്റെയും സേവന പരിധിയിൽ വരുന്നവരുടെ 13 ലക്ഷം ജനങ്ങൾ കടുത്ത വിശപ്പിനെ അഭിമുഖീകരിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 12% കൂടുതലാണ്. ഇവരിൽ 60% ൽ അധികവും ഡാലസ്, റ്ററന്റ് കൗണ്ടികളിൽ താമസിക്കുന്നവരാണ്.
ലോസ് ആന്ജെൽസും ന്യൂ യോർക്കും കഴിഞ്ഞാൽ ഏറ്റവും അധികം ഭക്ഷ്യ സുരക്ഷയില്ലായ്മ അനുഭവിക്കുന്ന നഗരസമൂഹം നോർത്ത് റ്റെക്സസാണെന്നു കണ്ണിങ്ഹാം പറഞ്ഞു. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതു കുട്ടികളെയും പ്രായമായവരെയുമാണ്. ഫീഡിങ് അമേരിക്കയുടെ വിവരം അനുസരിച്ചു 442,000 കുട്ടികളും 240,000 പ്രായമായവരും കടുത്ത വിശപ്പു അനുഭവിക്കുന്നവരാണ്.
ഡാലസ് കൗണ്ടിയിൽ മാത്രം 61% ഭക്ഷ്യ സുരക്ഷ ഇല്ലായ്മ അനുഭവിക്കുന്നവരുണ്ട്. ഡാലസ് ഏറ്റവും അധികം കടുത്ത ഭക്ഷ്യ സുരക്ഷ ഇല്ലായ്മ അനുഭവിക്കുന്ന ആറാമത്തെ വലിയ കൗണ്ടിയാണ്. ഈ പഠനം അനുസരിച്ചു ഡി എഫ് ഡബ്ലിയു ചൈൽഡ് ഫുഡ് ഇൻസെക്യൂരിറ്റി നിരക്ക് 20.9% ആണ്.
ഈ പ്രദേശത്തെ മുതിർന്നവരും പ്രായാധിക്യം ബാധിച്ചവരും ഫുഡ് ഇൻസെക്യൂറി പോപുലേഷന്റെ 18% വരുമെന്ന് പഠനം പറഞ്ഞു. ' നിങ്ങളെ ആരും ജോലിക്കെടുക്കുകയില്ല, കാരണം നിങ്ങള്ക്ക് പ്രായമായി എന്നവർക്ക് തോന്നുന്നു. ജോലിക്കെടുത്താൽ തന്നെ മിനിമം സാലറിയെ നൽകൂ. വാടക നല്കാൻ പോലും ഇത് തികയുകയില്ല,' ലൂയി മനുവേൽ മാർട്ടിനെസ് ആരെല്ലാനോ എന്ന 71 കാരൻ പറഞ്ഞു. നോർത്ത് ടെക്സസിലെ ഗാർലണ്ടിലെ ഫുഡ് ബാങ്കിൽ നിന്ന് കഴിഞ്ഞ ആറ് മാസമായി സഹായം സ്വീകരിക്കുന്ന വ്യക്തിയാണ് ഇയാൾ. ഇയാൾക്കു നിത്യ ചിലവുകൾ വഹിക്കാൻ പോലും കഴിയുന്നില്ല. അയാൾ പല റെസ്റ്ററന്റുകളിലും പാത്രം കഴുകലും മറ്റും നടത്തി മുന്നോട്ടു പോകാൻ ശ്രമിക്കുന്നു.
കറുത്ത വർഗക്കാരിൽ മൂന്നിൽ ഒരാൾ ഭക്ഷ്യ സുരക്ഷയില്ലായ്മ നേരിടുന്നു. ഹിസ്പാനിക്കുകളിൽ അഞ്ചിൽ ഒരാളിന്റെയും അവസ്ഥ ഇത് തന്നെയാണ്. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ വെളുത്ത വർഗക്കാരിലും മറ്റുള്ളവരിലും പത്തിൽ ഒരാളിനാണ് ഈ അവസ്ഥ. ഭക്ഷ്യ സാധനങ്ങളുടെയും വീട്ടു വാടക, മാസ തവണ എന്നിവയിൽ വന്ന വളരെ വലിയ വില വർധന ഭക്ഷ്യ സാധനങ്ങൾ തീൻ മേശകളിൽ എത്തിക്കണോ മറ്റു ചിലവുകൾ -ഗ്യാസ്, ചൈൽഡ് കെയർ, മെഡിക്കേഷൻ, വീട്ടു വാടക, ഇ എം ഐ തുടങ്ങിയവ മാറ്റി വയ്ക്കണോ എന്ന കടുത്ത ചിന്തകളിലേക്ക് സാധാരണ അമേരിക്കക്കാരനെ എത്തിച്ചിരിക്കുന്നു എന്ന് കണ്ണിങ്ഹാം പറഞ്ഞു.
ഡി എഫ് ഡബ്ലിയു പ്രദേശത്തുള്ളവരിൽ വിശപ്പു രൂക്ഷമായി നേരിടുന്നവരിൽ 52% വും ജോലി ചെയ്യുന്ന കുടുംബങ്ങളിൽ നിന്നുള്ളവർ ആണ്. ഇവരിൽ പലരും തല നാരിഴ വ്യത്യാസത്തിൽ സപ്പ്ളിമെന്റൽ ന്യൂട്രീഷൻ അസ്സിസ്റ്റൻസ് പ്രോഗ്രാമിൽ (എസ് എൻ എ പി യിൽ ) നിന്ന് പുറത്താക്കപെട്ടവരാണ്. സ്നാപ്പ് ലഭിച്ചാൽ ഇവർക്ക് ഭക്ഷണം വാങ്ങിക്കുവാൻ സഹായമാകും. എന്നാൽ സ്നാപ്പ് സഹായം ഒരാഴ്ചത്തെ ഭക്ഷണം പോലും വാങ്ങാൻ തികയുകയില്ല എന്ന് മാർട്ടിനെസ് പറഞ്ഞു.