കഴിഞ്ഞതു
കഴിഞ്ഞു
ഇനി മൂക്ക് പിഴിഞ്ഞ്
കരഞ്ഞിട്ടെന്തു കാര്യം
കൊഴിഞ്ഞതു
കൊഴിഞ്ഞു
ഇനി പെറുക്കി
മുടിയിൽ കെട്ടി വെച്ചിട്ടെന്തു കാര്യം
മൊഴിഞ്ഞതു
മൊഴിഞ്ഞു
ഇനി മൗനത്തിനു പുതിയ
പതിപ്പിറക്കിയിട്ടെന്തു കാര്യം
അഴിഞ്ഞതു
അഴിഞ്ഞു
ഇനി നഗ്നതയെ
പ്രതിരോധിച്ചിട്ടെന്തു കാര്യം
അണഞ്ഞതു
അണഞ്ഞു
ഇനിയിരുളിൽ കണ്ണടയ്ക്കാതെ
പിണയാതിരുന്നിട്ടെന്തു ലാഭം
വഴിയിൽ തങ്ങാതെ
വരാനുള്ളതൊക്കെ
നൈസായിങ്ങ് വന്നു
ഇനി വരുംവരായ്കയെക്കുറിച്ച്
ചിന്തിച്ചിട്ടെന്തു കാര്യം
മരിച്ചവർ പൂർണ്ണമായും
മരിച്ചു കഴിഞ്ഞു
ഇനി അവരോടൊപ്പം
ചിതയിൽ ദഹിച്ചിട്ടെന്തു കാര്യം!