Image

മേരിയും സൈബോറിയയും; കവിത, ലിൻസി വിൻസെന്റ്

Published on 24 May, 2025
മേരിയും സൈബോറിയയും; കവിത, ലിൻസി വിൻസെന്റ്

 

വെള്ളിയാഴ്ചകൾ പലതു കഴിഞ്ഞാണ് മേരിയും സൈബോറിയയും വീണ്ടും കണ്ടുമുട്ടിയത്.
സ്ത്രീകളങ്ങനെ സഞ്ചരിക്കാറില്ലല്ലോ!

മേഘജാലങ്ങൾ തെറ്റിപ്പു പോലെ ചിതറിയ ആകാശത്തിനു കീഴെ  വിറയാർന്ന അധരങ്ങളും തകർന്ന നെഞ്ചുമായ് , സ്നേഹ സങ്കടങ്ങൾ കുമിഞ്ഞ നിരാംലംബരായ അമ്മമാർ...

മുളന്തണ്ടു പോലെ വിരലുകൾ പിടിച്ചു നടന്ന മക്കൾ ...
കടുത്ത മുറിവിന്റെ നിശബ്ദതകൾക്കും , പ്രാർത്ഥനയ്ക്കും നടുവിൽ സൈബോറിയ വ്യാകുലപ്പെട്ടു ...
നമ്മുടെ കടിഞ്ഞൂൽ കിടാക്കളായിരുന്നു അവർ..

മാതൃ തല്പത്തിലും വക്ഷസ്സിലും വിടർന്ന പൂങ്കുലകൾ
നസ്രത്തിലെ യേശുവിനെ ഒറ്റു കൊടുത്ത പശ്ചാതാപത്തിൽ അവൻ ഒരു ഉയർന്ന പാറക്കെട്ടിൽനിന്ന് താഴേയ്ക്ക് ചാടിയെന്ന് ..

രഥങ്ങളും സാമ്രാജ്യങ്ങളും കൊതി കൊണ്ടവന്റെ ശുന്യത...

നൊന്തു നിലവിളിച്ചു കൊണ്ടവൾ മേരിയുടെ പാദങ്ങളിൽ വീണു ..

ശിരസ്സു കുനിച്ചവൾ തന്റെ ജന്മപാപങ്ങൾ തിരഞ്ഞു.
കരഞ്ഞു ഒരുപാടു കരഞ്ഞു ..

വിവർണ്ണമായ മിഴിയിണകൾ ...
ചോര വറ്റിയമുഖം
കാറ്റത്തെ ഉണക്കക്കമ്പു പോലവളുടെ കൈകൾ വിറച്ചു ...

എന്റെ മകനു മാപ്പുതരില്ലയോ..
അവന്റെ രക്തം മണ്ണിൽ വീണു കുതിരട്ടെ ...

കാരുണ്യവാനും ദയാലുവുമായിരുന്നു നസ്രത്തിലെ യേശു ... മലനിരകളിലെ സൗമ്യപ്രകാശം
തടാകക്കരയിലെ ചന്ദ്രിക, പുലർവേളകളിലെ മഞ്ഞുകണിക .... മരുഭൂമിയിൽ കുളിർത്ത ജലം ...

അല്ലയോ മറിയമേ, ...
സൈബോറിയ മുട്ടുകുത്തി ,
അലിവും സ്നേഹവും ഘനിഭവിച്ച ദയാമയമായ തടാകങ്ങളെ ഓർമ്മിപ്പിക്കുന്ന മിഴികളുമായ് വ്യാകുല മാതാവ് ... അരണ്ട വെളിച്ചത്തിൽ മ്ലാനയായി ...

പ്രാർത്ഥനയുടെ ജപമണികൾ പോലെ
ദൈവ നിസ്വനം പോലെ
മൗനത്തിന്റെ ഖര മൃദുക്കൾ ... 
ചോര പുരണ്ടൊരു ശാശ്വത സത്യം ഉൾകൊള്ളുന്നതുപോൽ ,
രക്തത്തിന്റെ തീക്ഷ്ണ ഗന്ധമിയന്ന നടുക്കുന്ന വേർപാടിൽ, ചുവന്നു കറുത്ത വെള്ളിയാഴ്ച യവളോർത്തു ..
സഹനത്തിന്റെ ആണിപ്പഴുതിൽ നിന്ന് ഇറ്റുവീഴുന്ന ചുവന്ന വിഷാദം 
ദൈവമേ ...

നാഭിനാള ബന്ധം ഉറവ പൊട്ടുന്നു..
ഉദരം പുകഞ്ഞു നീറുന്നു.
ഹൃദയത്തിലെ തീയണയുന്നില്ല.
ദുഃഖക്കടലിൽ നിന്ന് ഓരോ തിരകൾ ...

ഇടതു കൈവിരൽ കൊണ്ടവൾ സൈബോറിയയെ തൊട്ടു ..
കൊടും വരൾച്ചയിൽ കാരുണ്യത്തിന്റെ ജലസ്പർശം ....

രക്താഭിഷിക്തനായവൻ അവന്റെ തിരുമുറിവുകൾ എല്ലാം പൊറുക്കുന്നു .... 
ജീവദായകവും ജീവ. നാശകവുമായ മന്ത്രത്തിന്റെ പൊരുൾ. പ്രാണൻ വെടിഞ്ഞ് കാലത്തെ അതിജീവിച്ച് ദൃഢികരിക്കുന്നമൃത്യു ...


സൈബോറിയ- യൂദാസിന്റെ അമ്മ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക