Image

അഖിലസാരം (കവിത: വേണുനമ്പ്യാർ)

Published on 26 May, 2025
അഖിലസാരം (കവിത: വേണുനമ്പ്യാർ)

സ്നേഹത്തിന്റെ കൂട്ടിൽ

നീയെന്നെ ബന്ദിയാക്കിക്കോളൂ

എന്നാൽ കൂട് തകർന്നടിയും മുമ്പ്

ചിറകുകൾ തരാൻ മറക്കരുതേ!

2

ചിലർക്ക് സ്നേഹം

ഒരു പാലമാകാം

ചിലർക്ക് സ്നേഹം

ഒരു കട്ടിച്ചങ്ങലയാകാം

ചിലർക്ക് സ്നേഹം

പഴയ തടവറയിലേക്ക്

മടങ്ങാനുള്ള സ്വാതന്ത്ര്യമാകാം..

3

സ്നേഹിക്കാം

സ്നേഹിക്കുന്നയാളും

സ്നേഹിക്കപ്പെടുന്നയാളും

അപ്രത്യക്ഷമാകും വരെ 

മതിയാവോളം സ്നേഹിക്കാം

സ്വയം പ്രകാശിക്കുന്ന

സ്നേഹദീപമാകുവോളം വിശ്രമം വേണ്ട;

ഓരോ നിമിഷവും നല്ല നിമിഷം

അഗാധതയുടെ നിശ്ശബ്ദതയാൽ

പരിപൂരിതം

ഉള്ളതിനെയും ഇല്ലാത്തതിനെയുമെല്ലാം

ഉൾക്കൊള്ളുവാനുതകുന്ന തീവ്രമായ

സ്നേഹത്തിന്റെ പൊൻപ്രഭാവലയം!

4

ഹൃദയത്തിന് മേൽ ഒന്നൊന്നായി

പതിനായിരം പർദ്ദകൾ

അവയ്ക്കുള്ളിൽ പ്രകാശത്തിന്റെ

മധുരപ്രതീക്ഷയുമായി 

സ്നേഹം കാത്തിരിക്കുന്നു

സ്നേഹം ക്ഷമയെ പരീക്ഷിക്കുന്ന അനന്തമായ ഒരു കാത്തിരിപ്പാകാം.

5

അഖിലസാരത്തെ

ചില മൂഢർ നിസ്സാരമായി കാണും

അവർ ഇന്ദ്രിയദാസന്മാർ

അവർ സ്നേഹത്തിനു

വില പറയും

സ്നേഹത്തെ തുണ്ടു തുണ്ടാക്കി

തെരുവിൽ വിൽപ്പനയ്ക്കു വെക്കും

അത്തരം കശ്മലർ

സ്നേഹത്തെ സാക്ഷാത്കരിച്ചവരെ നിഷ്കരുണം വിധിക്കും; 

തിരസ്കരിക്കും.

6

സ്വയം നഷ്ടപ്പെടുവാൻ

ഒരുക്കമില്ലാത്തൊരുവനെ

സ്നേഹം ഒരിക്കലും

അനുഗ്രഹിക്കയില്ല

അവന്റെ നിമിഷങ്ങൾ

സ്ഫടികങ്ങളാവില്ല

ഓരോ പ്രഭാതവും അവന്

നീണ്ട മറ്റൊരു രാത്രിക്ക്

സദൃശമത്രെ!

7

സ്നേഹം ചങ്ങാടമല്ല

നദീതീരവുമല്ല

അനന്തമായ യാത്ര

നിത്യതയെ പുൽകാനുള്ള

സ്ഥലകാലാതീതമായ ഒരു മൗനയാനം.

8

സ്നേഹത്തിന്റെ മധുരമായ വേദന

സഹനത്തിന്റെ ജാലകം തുറക്കും

അനന്തമായ സൗന്ദര്യത്തിന്റെ

ആകാശം കൈവെള്ളയിൽ 

കാണിച്ചു തരും

അത് ഭൂമിയിൽ 

ദൈവത്തിന്റെ വേദനസംഹാരി!

കാലഹരണ തീയ്യതി കുറിക്കപ്പെടാത്ത

സൗജന്യവേദനസംഹാരി -

കയ്യെത്തും ദൂരത്ത്!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക