Image

'ഇപ്പോഴും സിംഗിൾ', മലയാളിപ്പെണ്ണിനെ കല്യാണം കഴിച്ച് കേരളത്തിൽ താമസിക്കണമെന്ന് മലയാളികളുടെ 'ഉണ്ണിയേട്ടൻ' കിലി പോൾ

രഞ്ജിനി രാമചന്ദ്രൻ Published on 27 May, 2025
'ഇപ്പോഴും സിംഗിൾ', മലയാളിപ്പെണ്ണിനെ കല്യാണം കഴിച്ച് കേരളത്തിൽ താമസിക്കണമെന്ന് മലയാളികളുടെ 'ഉണ്ണിയേട്ടൻ' കിലി പോൾ

 മലയാളം ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം സോഷ്യൽ മീഡിയ റീലുകളിലൂടെ കേരളത്തിന് സുപരിചിതനായ ടാൻസാനിയൻ താരം കിലി പോൾ ഇപ്പോൾ കേരളത്തിലുണ്ട്. മലയാളികൾ സ്നേഹപൂർവം 'ഉണ്ണിയേട്ടൻ' എന്ന് വിളിക്കുന്ന കിലി പോൾ, തന്റെ ആദ്യ മലയാള സിനിമയായ 'ഇന്നസെന്റ്' എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ ദിവസം ലുലു മാളിൽ നടന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വേദിയിൽ കിലി പോൾ നടത്തിയ ചില രസകരമായ പരാമർശങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

പരിപാടിയിൽ അവതാരകൻ വിവാഹിതനാണോ എന്ന് ചോദിച്ചപ്പോൾ, താൻ ഇപ്പോഴും അവിവാഹിതനാണെന്നും സിംഗിളാണെന്നും കിലി പോൾ മറുപടി നൽകി. തുടർന്ന്, "കേരളത്തിൽ നിന്ന് നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കും" എന്ന് മലയാളികളുടെ സ്വന്തം 'ഉണ്ണിയേട്ടൻ' പറഞ്ഞത് സദസ്സിൽ ചിരി പടർത്തി. മലയാളത്തിൽ തന്റെ ഇഷ്ട നടി ശോഭനയാണെന്ന് കിലി പോൾ വെളിപ്പെടുത്തി. നടന്മാരിൽ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ഉണ്ണി മുകുന്ദൻ എന്നിവരെയാണ് കിലിക്ക് കൂടുതൽ ഇഷ്ടം. മലയാളികൾ നൽകുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ കിലി പോൾ, 'പുലിവാൽ കല്യാണം' എന്ന ചിത്രത്തിലെ 'ആരുപറഞ്ഞു ആരുപറഞ്ഞു' എന്ന ഗാനം സദസ്സിനായി ആലപിക്കുകയും ചെയ്തു. 'ഇന്നസെന്റ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന കിലി പോളിന്റെ വരവ് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

 

 

 

English summary:

Still Single," Says Kili Paul – Wants to Marry a Malayali Girl and Settle in Kerala, Says Malayalees' 'Unniyettan'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക