Image

ചില നിമിഷങ്ങളിൽ (കവിത: വേണുനമ്പ്യാർ)

Published on 30 May, 2025
ചില നിമിഷങ്ങളിൽ (കവിത: വേണുനമ്പ്യാർ)

ചില നിമിഷങ്ങളിൽ ഞാൻ
ജന്മജന്മാന്തരങ്ങളുടെ ഓർമ്മകൾ കുഴിച്ചിട്ട ഒരു ശവപ്പറമ്പ്

ചില നിമിഷങ്ങളിൽ ഞാൻ
പരിക്കും മുറിവുകളും ക്ലേശവും പ്രദർശിപ്പിക്കുന്ന
ഒരു കാഴ്ചബംഗ്ലാവ്

ചില നിമിഷങ്ങളിൽ ഞാൻ
പകയും ഖേദവും തന്നിൽ തന്നെ
പൂഴ്ത്തി വെച്ച ഒരു മരുഭൂമി

ചില നിമിഷങ്ങളിൽ ഞാൻ
അനന്തമായ കടലിനെ
പകുത്തു പോകുന്ന, ദിശയറിയാത്ത
ഒരു പളുങ്കൻ വഴിത്താര

ചില നിമിഷങ്ങളിൽ ഞാൻ
നിശ്ശബ്ദതയുടെ സംഗീതം
മറവ് ചെയ്യപ്പെട്ട 
ഒരു വയലിൻ പേടകം

ചില നിമിഷങ്ങളിൽ ഞാൻ
ത്രികാലത്തിനുമപ്പുറം പടരുന്ന 
ഒരു നിശ്ചല- നിശ്ശബ്ദ- നിമിഷത്തിന്റെ കാണാക്കയം

ചില നിമിഷങ്ങളിൽ ഞാൻ
സ്രഷ്ടാവിന്റെ ഇംഗിതമറിയാത്ത
വഴി തെറ്റിയ ഒരു കുഞ്ഞാട്

ചില നിമിഷങ്ങളിൽ ഞാൻ
ഉള്ളതിനും ഇല്ലാത്തതിനുമപ്പുറം
പരമയാഥാർത്ഥ്യത്തെ അന്വേഷിച്ചലയുന്ന
ഒരു വെള്ളിനക്ഷത്രം

ചില നിമിഷങ്ങളിൽ ഞാൻ
ക്ഷണികതയിലും നിത്യതയെ
ദർശിക്കുന്ന നിറവാർന്ന
ഒരു ശൂന്യത

ചില നിമിഷങ്ങളിൽ ഞാൻ
മരണത്തിന്റെ ഗുഹയ്ക്കുള്ളിൽ
അനശ്വരതയെ കാത്തിരിക്കുന്ന
ഒരു വിശുദ്ധമൗനം

ചില നിമിഷങ്ങളിൽ ഞാൻ
ശരണാഗതിയിൽ മുക്തി തേടുന്ന
എഴുതപ്പെടാത്ത ഒരു കവിത!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക