തന്റെ സ്വപ്ന പദ്ധതിയായ 'മഹാഭാരതം' ഒരുപക്ഷേ തന്റെ അവസാന ചിത്രമായിരിക്കുമെന്നും, ഈ സിനിമയുടെ പ്രവർത്തനങ്ങൾക്കിടയിൽ മരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ആമിർ ഖാൻ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തൽ നടത്തിയത്. മഹാഭാരതത്തിന്റെ വ്യാപ്തിയെയും വൈകാരിക തലങ്ങളെയും കുറിച്ച് സംസാരിക്കവെയാണ് ആമിർ ഈ പ്രസ്താവന നടത്തിയത്. "മഹാഭാരതം ഒരു ലെയേർഡ് സിനിമയാണ്, അതിൽ വികാരങ്ങളുണ്ട്, വലിയ ക്യാൻവാസുണ്ട്, ലോകത്ത് നിങ്ങൾ കണ്ടെത്തുന്നതെല്ലാം അതിൽ ഉണ്ടാകും," ആമിർ പറഞ്ഞു.
'മഹാഭാരതം' പൂർത്തിയാക്കിയതിന് ശേഷം തനിക്ക് ഇനി മറ്റൊന്നും ചെയ്യാനുണ്ടാവില്ലെന്ന് തോന്നിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരുപക്ഷേ ഇത് ചെയ്തുകഴിയുമ്പോൾ, എനിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് തോന്നും. ഇതിനുശേഷം എനിക്കൊന്നും ചെയ്യാൻ കഴിയില്ല, കാരണം ഈ സിനിമയുടെ വിഷയം അത്ര വലുതാണ്," ആമിർ വ്യക്തമാക്കി. "പ്രവർത്തനങ്ങൾക്കിടയിൽ മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, പക്ഷേ നിങ്ങൾ ചോദിച്ചതുകൊണ്ട്, എനിക്ക് പറയാൻ കഴിയുന്ന ഒരേയൊരു കാര്യം ഇതാണ്. ഒരുപക്ഷേ ഇതിനുശേഷം എനിക്ക് മറ്റൊന്നും ചെയ്യേണ്ടി വരില്ലെന്ന് തോന്നും," ആമിർ ഖാൻ പറഞ്ഞു.
തന്റെ അടുത്ത ചിത്രം 'സിതാരെ സമീൻ പർ' റിലീസ് ചെയ്തതിന് ശേഷം മഹാഭാരതത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നും ആമിർ സൂചിപ്പിച്ചു. മഹാഭാരതം ഒറ്റ സിനിമയായി പൂർത്തിയാക്കാൻ കഴിയില്ലെന്നും, അതിനാൽ ഇത് ഒരു മൾട്ടി-പാർട്ട് സീരീസായിരിക്കുമെന്നും, ഒരുപക്ഷേ ഒന്നിലധികം സംവിധായകർ വേണ്ടിവന്നേക്കാമെന്നും ആമിർ നേരത്തെ 'ദി ഹോളിവുഡ് റിപ്പോർട്ടർ'ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ ബൃഹത്തായ പദ്ധതിക്ക് വർഷങ്ങൾ നീണ്ട ഗവേഷണവും എഴുത്തും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary:
Mahabharat might be my last film; I wish to die while making movies: Aamir Khan.