Image

കഥാകാരന്‍ കോവിലന്‍ വിടപറഞ്ഞിട്ട് പതിനഞ്ച് വര്‍ഷം : ജോയിഷ് ജോസ്

Published on 02 June, 2025
കഥാകാരന്‍ കോവിലന്‍ വിടപറഞ്ഞിട്ട്  പതിനഞ്ച് വര്‍ഷം : ജോയിഷ് ജോസ്

തട്ടകത്തിന്റെ കഥ പറഞ്ഞും തോറ്റങ്ങളുടെ തീവ്രത പകര്‍ന്നും പട്ടാളകഥകളുടെ ഉശിരുകാട്ടിയും മലയാളിയുടെ വായനാലോകത്തെ സമ്പുഷ്ടമാക്കിയ കണ്ടാണശ്ശേരിയുടെ കഥാകാരന്‍ കോവിലന്‍ വിടപറഞ്ഞിട്ട്  പതിനഞ്ച് വര്‍ഷം.

1923 ജൂലൈ ഒന്‍പതിന്‌ ഗുരുവായൂരിനടുത്തുള്ള കണ്ടാണിശ്ശേരിയിലാണ്‌  കോവിലന്‍ ജനിച്ചത്‌. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ്‌ യഥാര്‍ത്ഥ പേര്‌. കണ്ടാണിശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1943-46 കാലഘട്ടത്തില്‍ റോയല്‍ ഇന്ത്യന്‍ നേവിയിലും, 1948മുതല്‍68വരെ കോര്‍ ഓഫ്‌ സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു.

എഴുത്ത്‌ സിദ്ധിയാണെങ്കില്‍ വായന സാധനയാണെന്ന ദര്‍ശനം വായനക്കാരിലേയ്‌ക്കു പകര്‍ന്നു കൊടുത്ത സാഹിത്യകാരനാണ്‌ കോവിലന്‍. മറ്റൊരാള്‍ എഴുതിയതുപോലെ എന്നല്ല താന്‍ തന്നെ മുമ്പൊരിക്കല്‍ എഴുതിയതുപോലെ വീണ്ടും എഴുതുകയില്ല എന്നാണു കോവിലന്റെ വാശിയും പ്രത്യേകതയും. എ മൈനസ്‌ ബി, ഏഴാമെടങ്ങള്‍, ഹിമാലയം, താഴ്‌വരകള്‍ എന്നീ നോവലുകളിലൂടെ പട്ടാളക്കാരും പട്ടാളത്താവളങ്ങളും നിറയുന്ന ഇന്ത്യയെ ആദ്യമായി മലയാളിയ്‌ക്കു കാട്ടിക്കൊടുത്തതും കോവിലനാണ്‌.

തോറ്റങ്ങള്‍, ശകുനം, ഏ മൈനസ്‌ ബി, ഏഴമെടങ്ങള്‍, താഴ്‌വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്‌ചകള്‍, ഒരു കഷ്‌ണം അസ്ഥി, ഈ ജീവിതം അനാഥമാണ്‌, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്‌ഔട്ട്‌, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവയാണ്‌ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം , ബഷീര്‍ പുരസ്‌കാരം , എ.പി. കുളക്കാട്‌ പുരസ്‌കാരം , കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്‌,കേരള സാഹിത്യ പരിഷത്ത്‌ അവാര്‍ഡ്‌ , സാഹിത്യ അക്കാദമി പുരസ്‌കാരം , എന്‍.വി. പുരസ്‌കാരം , വയലാര്‍ പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.  എഴുത്തിലൂടെ ജീവിതത്തിലും ഗ്രാമത്തിലും ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത വിശുദ്ധിയും നന്മയും കാത്തു സൂക്ഷിച്ചിരുന്ന കോവിലന്‍ 2010 ജൂണ്‍ രണ്ടിന്   ഈ ലോകത്തോട് വിടവാങ്ങി.ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക