Image

വെറുതെയോരോ പരിണാമങ്ങൾ ( കവിത : ജയന്തി അരുൺ )

Published on 02 June, 2025
വെറുതെയോരോ പരിണാമങ്ങൾ ( കവിത : ജയന്തി അരുൺ )

എനിക്കെന്നെ
നന്നായറിയാമെന്നു
വിചാരിക്കുമ്പോൾ
പല സന്ദർഭങ്ങളിലും 
വേറെയാരൊക്കെയോ
ആയിപ്പോകുന്നുണ്ട്..

പതം കിട്ടിയ നെല്ലുകുത്തി
വിശപ്പാറ്റിയ 
ഒരിടവഴി ബാല്യത്തിലേക്ക്
നീണ്ടു നീണ്ടു പോയത് 
റസ്റ്ററന്റിന്റെ
അരണ്ട വെളിച്ചത്തിൽ
ഗസലുകളുടെ
താളത്തിൽ തലയാട്ടി
ദം ബിരിയാണിയുടെ
മണം പിടിക്കുമ്പോഴാണ്.

നെല്ലുപുഴുങ്ങുന്നതിന്റെ,
ചെമ്പിനടിയിൽ
ഓല പുകയുന്നതിന്റെ മണം 
ഊദിന്റെ സുഗന്ധത്തിനും മേലെ....
ഞാനപ്പോൾ
മുത്തശ്ശിയാകുന്നു കൂട്ടരേ.
അമ്മയുമാകുന്നു,
പിന്നെപ്പിന്നെ 
അവൽ പരുവത്തിലുണങ്ങിയ
പുഴുങ്ങിയ നെല്ലാവുന്നു.
ഒന്നുകൂടിയുണങ്ങി
പത്തായത്തേക്ക്
വാലൻകുട്ടയിൽ നിന്നും
ഒഴുകി വീഴുന്നു...
ബിരിയാണിയുടെ ദമ്മിൽ
നിന്നിറങ്ങി
പൊടിയരിക്കഞ്ഞിയും
ചുട്ട പപ്പടവും
തേങ്ങ ചുട്ടരച്ച
ചമ്മന്തിയുമാകുന്നു.

കടലുകാണുമ്പോൾ,
തിരയെണ്ണിയിരിക്കുമ്പോൾ
മുങ്ങിക്കുളിക്കണമെന്ന്
കശുമാവുതോട്ടത്തിലെ
കല്ലുവെട്ടാങ്കുഴിയിൽ
ശവം ചീഞ്ഞ
കിറുക്കി ചെറ്യേമ്മയാവുന്നു.

അച്ഛച്ഛനാകാത്തതെന്ത്?
അച്ഛനാകാത്തതെന്ത്?
പൂമുഖത്തെ ചാരുകസേര
വീശുപാളക്കാറ്റിൽ
ചൂളംകുത്തുന്നു.

മിന്നൽ വേഗത്തിൽ
ബസ്സുകയറിറങ്ങിപ്പോയ
ന്യൂ ജൻ ബൈക്കുകാണുമ്പോൾ
ഞാനിപ്പോൾ 
മകന്റെ സ്മാരകവുമാകുന്നു.

ഓർമകളിലേക്കു 
കറുത്ത കരിമ്പടമിട്ട്
നിറങ്ങളിലും
ചായക്കൂട്ടുകളിലും
തിരുകിക്കയറ്റിയാലും
ഞാനാരൊക്കെയോ
എന്തൊക്കെയോ
ആയിത്തീരുന്നുണ്ട് കൂട്ടരേ.
നിങ്ങളോ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക