നമ്മളുണ്ടായിരുന്ന നഗരങ്ങൾ...
ലാടങ്ങൾ ചുംബിച്ച തെരുവുകൾ...
നിറം കൊടുത്ത സന്ധ്യകൾ...
കുളമ്പടിപ്പാടുകളിൽ നിന്ന്
ഓർമ്മകളുടെ ഓട്ടക്കാലം
ചുരണ്ടിയെടുത്ത്
എന്റെ കാലൊടിഞ്ഞ കുതിര
കരഞ്ഞു വീർക്കുന്നുണ്ട്
സാരമില്ല...
നിന്റെ നേരമില്ലാ
നേരത്തിലേയ്ക്ക്
അവന്റെ മുടന്തൻ ചാട്ടം
പാകമാവില്ലായിരിക്കും
ഞങ്ങളിറങ്ങുകയാണ്..
അത്രമേൽ ഭ്രാന്തമായി
അവന്റെ മുക്കാലൻ മുടന്തിനെ
പ്രണയിക്കുന്നൊരുവളുടെ
അലങ്കാരങ്ങളില്ലാത്ത തേര്
കടൽപ്പാലത്തിന്റെ
മുറിഞ്ഞ തൂണുകൾക്കിടയിൽ
കാത്തു കിടപ്പുണ്ട്
ഇനി നമ്മളിറങ്ങിയ ചുരങ്ങളെ
കാടു തിന്നട്ടെ..
അല്ലെങ്കിലും
വണ്ടിക്കുതിരകൾ
വസന്തത്തെക്കുറിച്ചോർക്കുന്ന-
തെന്തിനാണല്ലേ
അടുത്ത ചാട്ടയടി
എവിടെ വീഴുമെന്നതിനെ കുറിച്ചല്ലാതെ..!