തനിക്ക് കൂടെ വർക്ക് ചെയ്യാൻ അവസരം ലഭിച്ചവരിൽ ഏറ്റവും എളിമയുള്ള ആർട്ടിസ്റ്റ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനാണെന്ന് നടി ശോഭന. ഇൻസ്റ്റാഗ്രാമിൽ നടന്ന ഒരു ചോദ്യോത്തര വേളയിലാണ് ശോഭന ഈ അനുഭവം പങ്കുവെച്ചത്. വർഷങ്ങൾക്ക് മുൻപ് അമിതാഭ് ബച്ചനൊപ്പം ഒരു ഗാനരംഗത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു സംഭവമാണ് ശോഭന ഓർത്തെടുത്തത്. അഹമ്മദാബാദിൽ വെച്ചായിരുന്നു ഷൂട്ടിങ്. ഒരുപാട് കോസ്റ്റ്യൂമുകൾ മാറി മാറി ധരിക്കേണ്ടിയിരുന്ന ആ ഗാനരംഗത്തിന്റെ ചിത്രീകരണം കാണാൻ അന്ന് ധാരാളം ആളുകൾ ചുറ്റും കൂടിയിരുന്നു.
"എൻ്റെ കാരവാൻ എവിടെ?" എന്ന് ശോഭന ചോദിച്ചപ്പോൾ, അന്ന് കാരവാൻ സൗകര്യങ്ങൾ സാധാരണമായിരുന്നില്ല. അമിതാഭ് ബച്ചന് മാത്രമാണ് അന്ന് കാരവാൻ ഉണ്ടായിരുന്നത്. പ്രൊഡക്ഷനിലുണ്ടായിരുന്ന ഒരാൾ വാക്കി ടോക്കിയിലൂടെ, "ആഹാ, അവർ മലയാള സിനിമയിൽ നിന്നുള്ള നടിയല്ലേ, അവരെല്ലാം വളരെ അഡ്ജസ്റ്റ് ചെയ്യുന്ന ആളുകളാണ്. ഏതെങ്കിലും മരത്തിന്റെ മറവിൽ ചെന്ന് വസ്ത്രം മാറാൻ പറയൂ" എന്ന് പറയുന്നത് ശോഭന കേട്ടു.
ഇത് വാക്കി ടോക്കിയിലൂടെ കേട്ട അമിതാഭ് ബച്ചൻ ഉടൻ തന്നെ പുറത്തുവന്ന്, "ആരാണ് അങ്ങനെ പറഞ്ഞത്?" എന്ന് ചോദിച്ചു. അതിനുശേഷം, അദ്ദേഹം ശോഭനയെ തൻ്റെ കാരവാനിലേക്ക് ക്ഷണിക്കുകയും അവിടെ നിന്ന് വസ്ത്രം മാറാൻ പറയുകയും ചെയ്തു. എനിക്ക് വേണ്ടി അദ്ദേഹം കാരവാനിൽ നിന്ന് പുറത്തിറങ്ങുക പോലും ചെയ്തു എന്നാണ് ശോഭന പറഞ്ഞത്. കൂടെ ജോലി ചെയ്യുന്നവരെ അത്രയധികം പരിഗണിക്കുന്ന സൂപ്പർസ്റ്റാറാണ് അമിതാഭ് ബച്ചൻ എന്നും ശോഭന കൂട്ടിച്ചേർത്തു.
English summary:
Isn't she the actress from Malayalam, who would change her dress behind a tree?" — Shobana about that superstar, the epitome of humility, who gave up her own caravan for her