-മണി രത്‌നവും ഉലകനായകന്‍ കമല്‍ഹാസനും. ഇന്ത്യന്‍ സിനിമയിലെ തന്നെ രണ്ട് ഇതിഹാസങ്ങള്‍ ഒരുമിച്ച ചിത്രമാണ് 'തഗ് ലൈഫ്'. 1987-ല്‍ ഇരുവരും ഒരുമിച്ച ക്‌ളാസിക് ചിത്രം 'നായകനു' ശേഷം വീണ്ടും മൂന്നര പതിറ്റാണ്ടിലേറെ കഴിഞ്ഞ് ഇരുവരും ഒരുമിക്കുന്നു എന്ന പ്രത്യേകതയോടെയാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തിയത്.
നായകന്‍ ബോംബെയിലായിരുന്നുവെങ്കില്‍ തഗ് ലൈഫ് കഥ നടക്കുന്നത് ഡല്‍ഹിയിലാണ്. അടിയും ഇടിയും വെട്ടും കുത്തും കൊലയും ചതിയും പ്രതികാരവും പ്രണയവും അങ്ങനെ ഒരു ഗ്യാങ്ങ്സ്റ്റര്‍ മൂവിക്ക് വേണ്ട എല്ലാ ചേരുവകളും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തുകൊണ്ട് ഒട്ടും മടുക്കാത്ത രീതിയില്‍ പുതുമയുളള ദൃശ്യവിഭവമായിട്ടാണ് മണിരത്‌നം തഗ് ലൈഫ് ഒരുക്കിയിട്ടുള്ളത്. വാര്‍ധക്യത്തിലെത്തിയിട്ടും അപാരമായ മെയ് വഴക്കവും ശരീരഭാഷയും കൊണ്ട് ആക്ഷന്‍ സീനുകളിലും വൈകാരികരംഗങ്ങളിലും ഉള്‍പ്പെടെ കമല്‍ഹാസന്‍ രംഗരായ ശക്തിവേല്‍ എന്ന അധോലോക നായകനായി അസാമാന്യ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തീ പാറുന്ന ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ പ്രായം വെറും നമ്പറാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നും. അത്ര മാത്രം പെര്‍ഫെക്ഷനോടെയാണ് കമല്‍ ആക്ഷന്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചത്. ശക്തിവേല്‍ സ്വന്തം മകനെ പോലെ കരുതി കൂടെ കൊണ്ടു നടക്കുന്ന ആളാണ് അമരന്‍(ചിമ്പു). കഥയില്‍ ഇരുവരുടെയും ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നതാണ് ചിത്രം പറയുന്നത്.
മണിരത്‌നം എന്ന സംവിധായകന്റെ തിളക്കം നഷ്ടപ്പെട്ടു എന്നു പറഞ്ഞവര്‍ക്കുള്ള അദ്ദേഹത്തിന്റെ മറുപടിയായിരുന്നു 'പൊന്നിയിന്‍ സെല്‍വന്‍'. അതിനോട് സാമ്യപ്പെടുത്താന്‍ കഴിയില്ലെങ്കിലും മറ്റൊര ശ്രേണിയില്‍ മികച്ച ക്രാഫ്റ്റ് നല്‍കി ചിത്രീകരിച്ച സിനിമയാണ് തഗ് ലൈഫ്. മണിരത്‌നത്തിന്റെ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകതകളും മൂല്യമേറിയ ഘടകങ്ങളും അതിലെ ഫ്രെയിമുകളും സംഗീതവുമാണ്. ഈ രണ്ടു കാര്യത്തിലും തഗ് ലൈഫിലും ഒട്ടും വിട്ടുവീവ്ച വരുത്തിയിട്ടില്ല എന്നു കാണാം. എ.ആര്‍ റഹ്‌മാന്റെ സംഗീതം ആത്മാവ് കിനിഞ്ഞിറങ്ങുന്നു. ദൃശ്യങ്ങളാകട്ടെ, പ്രേക്ഷകന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞുപോകുന്നവയും. നിശ്ശബ്ദമായ ഫ്രെയിമുകള്‍ പോലും പ്രേക്ഷനോട് സംവദിക്കും. അത്ര പെര്‍ഫെക്ഷനോടെയാണ് ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്.
കമല്ഹാസന്‍ കഴിഞ്ഞാല്‍ എടുത്തു പറയേണ്ടത് ചിമ്പുവിനെയാണ്. അമരന്‍ എന്ന കഥാപാത്രമായി അദ്ദേഹത്തിന്റെ പരകായ പ്രവേശം അതിമനോഹരമായി. ചിമ്പുവിന്റെ കരിയര്‍ ബെസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് അമരന്‍ എന്ന് നിസ്സംശയം പറയാം. മലയാളത്തിന്റെ ജോജു ജോര്‍ജ്ജും ചിത്രത്തിലുണ്ട്. ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നകഥാപാത്രമായിട്ടാണ് തൃഷയുടെ വരവ്. അധികം സ്‌ക്രീന്‍ പ്രസസന്‍സ് ഇല്ലെങ്കിലും വളരെ ശക്തമായ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. കമലിനോടും ചിമ്പുവിനോടുമെല്ലാം ഇടിച്ചു നില്‍ക്കുന്ന പ്രകടനം. ഇവര്‍ക്കൊപ്പം ഐശ്വര്യലക്ഷ്മിയും ബാബുരാജും മിന്നും പ്രകടനം തന്നെ കാഴ്ച വച്ചു.
മണിരത്‌നത്തിന്റെ മുന്‍കാല ചിത്രങ്ങളുമായി ഒരിക്കലും തഗ് ലൈഫിനെ താരതമ്യം ചെയ്യരുത്. തിരക്കഥയില്‍ ചില പാളിച്ചകളുണ്ടെങ്കിലും അത് മേക്കിങ്ങിന്റെ മികവു കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദൃശ്യവും സംഗീതവും അതിനു തുണയയിട്ടുണ്ട്. തീര്‍ച്ചയായും തിയേറ്റര്‍ എക്‌സ്പീര്യന്‍സ് ലഭിക്കേണ്ട ചിത്രമാണ് തഗ് ലൈഫ്. ഒരു പ്രതീക്ഷയുമില്ലാതെ നേരേ പോയി കാണുക. ചിത്രം നിങ്ങള്‍ക്കിഷ്ടപ്പെടും.