മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ പദ്ധതിയിട്ട ചിത്രം ഉപേക്ഷിച്ചതായി തിരക്കഥാകൃത്തും സംവിധായകനുമായ വിപിന്‍ദാസ്. മോഹന്‍ലാലിന് കഥ ഇഷ്ടപ്പെടാത്തതു കൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്നും വിപിന്‍ ദാസ് പറഞ്ഞു. നിര്‍മ്മാണത്തില്‍ പങ്കാളിയായ 'വ്യസനസമേതം ബന്ധുമിത്രാദികള്‍' എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിനു മുന്നോടിയായി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ദാസ് ഇക്കാര്യം വ്യക്തമാക്കിയത്.
''ലാല്‍ സാറിനോട് ഒരു കഥ പറഞ്ഞിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടമായില്ല. അതിനാല്‍ കഥ ഉപേക്ഷിച്ചു. ഫഹദ് ഫാസില്‍-എസ്.ജെ സൂര്യ ചിത്രവും ഉപേക്ഷിച്ചു. എന്നാല്‍ ഇവര്‍ക്കു പകരം മറ്റ രണ്ടു പേരെ ചേര്‍ത്തു കൊണ്ട് ചിത്രം ആരംഭിക്കുമെന്നും വിപിന്‍ദാസ് പറഞ്ഞു.
വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് സംസാരിക്കവേയാണ് വിപിന്‍ദാസ് ഇക്കാര്യം വ്യക്തമാക്കിയത്. 'വാഴ-2' ചിത്രീകരണം നടക്കുന്നു. ഏതാണ്ട് 40 ശതമാനത്തോളം ഷൂട്ടിങ്ങ് കഴിഞ്ഞു. സന്തോഷ് ട്രോഫി സെപ്റ്റംബറില്‍ തുടങ്ങുമെന്നും വിപിന്‍ദാസ് പറഞ്ഞു. വിപിന്റെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഉടനേയുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 'ഗുരുവായൂര്‍ അമ്പലനടയില്‍' നു ശേഷം പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സന്തോഷ് ട്രോഫി'. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'വാഴ'യുടെ തിരക്കഥയൊരുക്കിയത് വിപിനായിരുന്നു. 'ജയ ജയ ജയഹേ', 'അന്താക്ഷരി', 'മുദുഗവു' എന്നീ ചിത്രങ്ങളുടെ സംവിധായകനും വിപിന്‍ ദാസാണ്.