Image

തഗ് ലൈഫ് - കമൽ ഹാസൻ-മണി രത്‌നം കൂട്ടുകെട്ട്, 38 വർഷത്തിന് ശേഷം (സിനിമ നിരൂപണം:ഏബ്രഹാം തോമസ്)

Published on 14 June, 2025
തഗ് ലൈഫ് - കമൽ ഹാസൻ-മണി രത്‌നം കൂട്ടുകെട്ട്, 38 വർഷത്തിന് ശേഷം (സിനിമ നിരൂപണം:ഏബ്രഹാം തോമസ്)

കമൽ ഹാസന്റെ 'തഗ് ലൈഫ്' തീയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ വിവാദമായി. കർണാടകത്തിൽ നടൻ നടത്തിയ ചില പരാമർശങ്ങൾ തങ്ങൾക്കു അസ്വീകാര്യമാണെന്നു ആരോപിച്ചു ചിത്രം ആ സംസ്ഥാനത്തു റിലീസ് ചെയ്യുന്നത് ചിലർ പ്രതിരോധിച്ചു. ഒരു ചിത്രവും പാടെ വിലക്കുന്നതിനോ രാഷ്ട്രീയമായി നേരിടുന്നതോ കല ആസ്വാദകർക്ക് അനുകൂലിക്കുവാൻ കഴിയുന്നതല്ല. ഇതിനു അപൂർവങ്ങളിൽ അപൂർവമായ കാരണങ്ങൾ മാത്രമാണ് എതിരായി ഉള്ളത്. തഗ് ലൈഫിൽ എതിർക്കണ്ടതായി പ്രേക്ഷകന് അനുഭവപ്പെടുക റീലുകളിൽ കുത്തി നിറച്ച അക്രമവും പുകവലിയും മദ്യപാനവും മാത്രമാണ്.

കമൽ ഹാസന്റേതാണ് കഥ. കണ്ടു പരിചയിച്ച രംഗങ്ങൾ കഥയുടെ പഴയ വഴിത്തിരിവുകൾ കൂട്ടിച്ചേർത്തു ആസ്വാദ്യകരമാക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ഫോർമുലകൾ വിട്ടു അധിക ദൂരം അഞ്ചരിക്കുവാൻ കമലിനോ സംവിധായകൻ മണി രത്‌നത്തിനോ ഭയമാണെന്നു നാം മനസിലാക്കുന്നു. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പോലും ആവശ്യമായ ഫുട്ടെജു നൽകിയിട്ടില്ല. വളരെ വേഗം അവരെ വിട്ടിട്ടു അക്രമത്തിലേക്കും കൊലപാതകങ്ങളിലേക്കും മടങ്ങാൻ ഇരുവരും കാട്ടുന്ന വെമ്പൽ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. അഭിരാമി, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, എന്നീ മൂന്നു പ്രതിഭാധനരായ നടികളുടെ കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ ശ്രമിച്ചിട്ടില്ല.  

കണ്ടു മടുത്ത, കേട്ട് മടുത്ത പ്രമേയം. നഗരവും സംസ്ഥാനവും നിയന്ത്രിച്ചു കഴിയുന്ന രണ്ടു, മൂന്നു മാഫിയ കൊള്ള സംഘങ്ങൾ. ഒരെണ്ണത്തെ നയിക്കുന്നത് രംഗരായ ശക്തിവേൽ നായകർ (കമൽ ) ആണ്. നേതൃത്വം മോഹിക്കുന്ന മൂത്ത സഹോദരൻ മാണിക്യവും (നാസർ ) എടുത്തു വളർത്തിയ മകൻ അമറും (സിലമ്പരശനും), അശോക് സെൽവനും, ജോജു ജോർജും മറ്റു ചിലരും മാഫിയ സംഘ നേതാവാകാൻ തക്കം പാർത്തു കഴിയുകയാണ്. അമറിന് തന്റെ പിതാവിനെ കൊന്നത് ശക്തിവേൽ ആണെന്ന തെറ്റിധാരണയും ഉള്ളിൽ അടങ്ങാത്ത പകയും ഉണ്ട്. പല വധ ശ്രമങ്ങൾ അതിജീവിക്കുന്ന ശക്തിവേലിന് അമറിന്റെ തെറ്റിദ്ധാരണ മാറ്റാൻ കഴിയുന്നു.

കമലും മണി രത്‌നവും ചേർന്ന് തയ്യാറാക്കിയ തിരക്കഥ പഴയ ഫോർമുലകൾ ആവോളം ആശ്രയിച്ചിരിക്കുന്നു. കമൽ, നാസർ, സിലമ്പരശൻ, അഭിരാമി, തൃഷ എന്നീ അഭിനേതാക്കളുടെ പ്രകടനങ്ങളാണ് ചിത്രത്തിന്റെ നിലവാരം ഉയർത്തിയത്. കമലും സിലമ്പരശനും തമ്മിലുള്ള രംഗങ്ങൾ, കമലും അഭിരാമിയും തൃഷയും ചേർന്നഭിനയിച്ച രംഗങ്ങൾ, കമലും നാസറും തമ്മിലുള്ള രംഗങ്ങൾ എന്നിവ വികാരാവിഷ്കരണത്തിന്റെ മനോഹര ഓർമ്മകളായി ചലച്ചിത്ര ആരാധകർക്ക് സൂക്ഷിക്കുവാൻ കഴിയും. വളരെ നീണ്ട ചിത്രത്തിന്റെ റീലുകൾ അഴിയുമ്പോൾ ഈ അധിക ആകർഷണങ്ങൾ ആരാധകരെ തങ്ങളുടെ സീറ്റുകളിൽ പിടിച്ചിരുത്തും. ദശകങ്ങൾ കഴിഞ്ഞിട്ടും അതെ ഊർജസ്വലതയോടെ ക്യാമെറയുടെ മുൻപിൽ തന്റെ പ്രതിഭാവിലാസം പ്രദർശിപ്പിക്കുവാൻ കമലിന് കഴിയുന്നത് വിസ്മയത്തോടെ മാത്രമേ നോക്കിക്കാണാൻ കഴിയൂ.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫുട്ടെജുകൾ ഉപയോഗിച്ച് പഴയ സംഭവങ്ങൾ ആവർത്തിക്കുന്നത് ചിത്രത്തിന്റെ ദൈർഘ്യം കൂട്ടാനാണെന്നു സമ്മതിക്കാതെ വയ്യ. രവി കെ ചന്ദ്രന്റെ കാമറ ആംഗിളുകൾ പ്രശംസനീയമാണ്. നായക വേഷത്തിൽ ഇത് കമലിന്റെ 234 -ആമത്തേ ചിത്രമാണ്. റെഡ് ജയന്റ് മൂവീസിന്റെ സ്റ്റാൻഡേർഡ്, ഐമാക്സ്, എപിക് ഫോർമാറ്റുകളിൽ ചിത്രം റിലീസ് ചെയ്തിരിക്കുന്നു. പതിവ് പോലെ എ ആർ റഹ്മാന്റെ സംഗീതം നിരാശപെടുത്തുന്നില്ല. കമൽ സ്വയം ഗാനരചന നടത്തിയ ജിൻഗൂച്ചാ, അഞ്ചു വർണ പൂവേ എന്നീ ഗാനങ്ങൾ ഹൃദ്യമാണ്. മണി രത്‌നത്തിന്റെ 'നായകൻ, 'ബോംബെ', 'ദിൽ സേ', തുടങ്ങിയ ആരംഭ വർഷങ്ങളിലെ ചിത്രങ്ങളിൽ പ്രകടമായ ശക്തമായ പ്രമേയങ്ങളോ തീവ്രതയോ തുടർന്നുള്ള ഈ സംവിധായകന്റെ ചിത്രങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ല. തഗ് ലൈഫും ഇതിനു അപവാദമല്ല. എങ്കിലും ഒരു തവണ ചിത്രം കാണുന്നത് സിനിമ ആരാധകരെ നിരാശപ്പെടുത്തില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക