Image

'മാർക്കോ' സിരീസ് തുടരില്ലെന്ന് ഉണ്ണി മുകുന്ദൻ; കാരണം വെളിപ്പെടുത്തി താരം

രഞ്ജിനി രാമചന്ദ്രൻ Published on 14 June, 2025
'മാർക്കോ' സിരീസ് തുടരില്ലെന്ന് ഉണ്ണി മുകുന്ദൻ; കാരണം വെളിപ്പെടുത്തി താരം

 നടൻ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന "മാർക്കോ" സിരീസിന്റെ തുടർച്ച താൻ ഉപേക്ഷിച്ചതായി ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. ചിത്രത്തിന് ചുറ്റും വലിയ നെഗറ്റിവിറ്റി ഉള്ളതാണ് തീരുമാനത്തിന് കാരണമെന്നും അദ്ദേഹം അറിയിച്ചു. ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ഒരു ആരാധകൻ മാർക്കോ 2-നെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഈ പ്രതികരണം നടത്തിയത്.

"ബ്രോ, ക്ഷമ ചോദിക്കുന്നു. മാർക്കോ സിരീസ് തുടരാനുള്ള ആലോചന ഞാൻ അവസാനിപ്പിച്ചു. ആ പ്രോജക്റ്റിന് ചുറ്റും ഒരുപാട് നെഗറ്റിവിറ്റി ഉണ്ട്. മാർക്കോയേക്കാൾ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാൻ ഞാൻ ശ്രമിക്കും. സ്നേഹത്തിനും പോസിറ്റിവിറ്റിക്കും നന്ദി," എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ഈ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ ഫിലിമോഗ്രഫിയിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഏക ചിത്രമാണ് "മാർക്കോ". മറുഭാഷാ പ്രേക്ഷകർക്കിടയിലും, പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിലും ചിത്രം വലിയ ചർച്ചയായിരുന്നു. പ്രൊമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദൻ നൽകിയ ഹിന്ദി അഭിമുഖങ്ങളും ശ്രദ്ധ നേടി.

ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ചിത്രം, മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് എത്തിയത്. എന്നാൽ, ചിത്രത്തിന്റെ ടെലിവിഷൻ പ്രദർശനാനുമതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) നിഷേധിച്ചിരുന്നു. 'യു' അല്ലെങ്കിൽ 'യു/എ' കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്തത്ര അക്രമ രംഗങ്ങൾ ചിത്രത്തിലുണ്ടെന്നായിരുന്നു സി.ബി.എഫ്.സിയുടെ വിലയിരുത്തൽ. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിച്ചത്.

സിദ്ദിഖ്, അഭിമന്യു, ഷമ്മി തിലകൻ, ആൻസൺ പോൾ, യുക്തി തരേജ, ദുർവ താക്കർ, ഷാജി ചെൻ, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, രവി ബാബു, അർജുൻ നന്ദകുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ.ജി.എഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ രവി ബസ്രൂരാണ് "മാർക്കോ"യുടെയും സംഗീത സംവിധായകൻ. പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സ്റ്റൺ ഒരുക്കിയ ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളെ ശ്രദ്ധേയമാക്കിയത്.

 

English summary:

'Markoo' series will not continue, says Unni Mukundan; actor reveals the reason.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക