ലോകം
കലർപ്പറ്റ
കറയൊ
കറ
മോഹനമൊ
സുന്ദരമൊ
മറുപുറം
പൊന്നറയൊ
ലോകത്തിൽ
സ്വയം തിരിച്ചറിയാതെ
മായികലയത്തിലിങ്ങനെ
ചുറ്റിക്കറങ്ങാനെന്തു രസം
ചുറ്റിത്തിരിയവെ
തല കറങ്ങി വീണാൽ
അതും ദിവ്യരസം
വെളിച്ചത്തെ തന്നിലേക്ക്
വലിച്ചൂറ്റുന്ന തമസ്സ്
സുഖപ്രദം
തല ഉറുമ്പരിച്ചാൽ
ബഹുസുഖം
പിന്നെ ശിരോവേദന-
യെന്നൊന്നില്ലല്ലോ
ശൂന്യമായ ഊർജ്ജകുംഭം മാത്രം
തലയുടെ സ്ഥാനത്ത്
ചീറ്റുന്ന ചിതറുന്ന
തുമ്പിക്കൈപ്പൂക്കുറ്റി
കറുപ്പിനെ വിഴുങ്ങും
വെളുപ്പ്
സ്വയംഭൂവാം
ഊർജ്ജകുംഭത്തിന്
കലർപ്പില്ല
ഭാരമില്ല
നാശവുമില്ല
ഇച്ഛിക്കാതെ
ഇച്ഛിക്കാം
ഇനി താമസം വിനാ
സഫലം ഇച്ഛയൊക്കെ
കാമിക്കാതെ
കാമിക്കാം
ഇനി താമസം വിനാ
സഫലം കാമനയെല്ലാം
ജീവിതം
ഒരപ്പൂപ്പൻ താടി
കാറ്റിന് വഴങ്ങി
നിമ്നോന്നതവിഹാരം
സഖീ, നിന്റെ കാർകൂന്തലിൽ
കുത്താൻ
എന്റെ തോട്ടത്തിൽ
പൂവൊന്നുമില്ല
പകരം തരട്ടെ
ഒരപ്പൂപ്പൻ താടിയുടെ പാതി!