Image

പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 11 ജോണ്‍ ജെ. പുതുച്ചിറ)

Published on 16 June, 2025
പ്രണയമനോഹരതീരം (നോവല്‍ : ഭാഗം 11 ജോണ്‍ ജെ. പുതുച്ചിറ)

അയാള്‍ നടന്നു നടന്നു തളര്‍ന്നു. ശരീരത്തിനു മാത്രമല്ല തളര്‍ച്ച. മനസ്സും ആകെ അസ്വസ്ഥമാണ്.
തന്റെ ജീവിതത്തിലെ അഭിശപ്തമായ മറ്റൊരു രാത്രി. ഇതുപോലെ മറ്റൊരു കാളരാത്രി പിന്നിട്ടിട്ട് കേവലം മാസങ്ങളെ ആകുന്നുള്ളൂ.
അന്ന് ഊര്‍മ്മിളയുടെ വഞ്ചന-
ഇന്ന് ലക്ഷ്മിയുടെ.... ലക്ഷ്മിയുടെ....
വഞ്ചന എന്നു പറയാമോ?
-വീണ്ടും ആ രംഗം മനസ്സില്‍ തെളിഞ്ഞു വരികയാണ്.
മനസ്സില്‍ എത്രയോ നാളുകളായി താലോലിച്ചിരുന്ന ഒരു മധുരസ്വപ്നമായിരുന്നു അത്. എങ്കിലും അത് വാക്കുകളിലൂടെ പുറത്തു വന്നപ്പോള്‍-
''ലക്ഷ്മി ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു... പ്രേമിക്കുന്നു...!''
അതുകേട്ട് അവള്‍ ഞെട്ടിത്തെറിച്ചു പോയി അമ്പരപ്പോടെ അവനെ നോക്കി.
''മധൂ-''
അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു:
''മധൂ, ഞാന്‍ നിങ്ങളെ ഏതെങ്കിലും തരത്തില്‍ പ്രലോഭിപ്പിക്കും വിധം പെരുമാറിയിട്ടുണ്ടെങ്കില്‍ എന്നോടു ക്ഷമിക്കണം. കാരണം ഞാന്‍ മറ്റൊരാളുടെ കാമുകിയാണ്...''
''ലക്ഷ്മീ!''
ഞെട്ടിപ്പോയി. അത്തരമൊരു വാചകം അവളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
''ലക്ഷ്മീ, നീ പറയുന്നത് സത്യമോ?''
''അതേ മധൂ. ഞാന്‍ മറ്റൊരാളുടെ കാമുകിയാണ്.'' അവള്‍ നിസ്സഹായതയോടെ പറഞ്ഞു: ''നാം വളരെ അടുത്തു പെരുമാറിയിട്ടുണ്ടാവാം. ഞാന്‍ നിങ്ങളെ പ്രേമിക്കുന്നുവെന്ന് മധു തെറ്റിദ്ധരിച്ചിട്ടുണ്ടാവാം. അങ്ങനെ ഒരു തെറ്റിദ്ധാരണയ്ക്ക് ഞാന്‍ കാരണക്കാരി ആയിട്ടുണ്ടെങ്കില്‍ മധു എന്നോടു ക്ഷമിക്കണം.''
പിന്നീട് അവള്‍ ആ പ്രണയകഥ പറഞ്ഞു. അനില്‍ ബാബു എന്ന കാമുകന്‍. വിവാഹമോതിരവും അണിയിപ്പിച്ചിട്ട് അയാള്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയ്ക്കു പോയിരിക്കുന്നു. അടുത്തവര്‍ഷം മടങ്ങിയെത്തിയാലുടന്‍ വിവാഹം.
അവന്റെ മനസ്സില്‍ ഒരു വലിയ സ്വപ്നസൗധം തകര്‍ന്നടിഞ്ഞു വീണത് പൊടുന്നനെയാണ്.
ഒരു ശിലാവിഗ്രഹം പോലെ അവന്‍ ആ കഥ കേട്ടുനിന്നു. പിന്നെ സ്വയം മനസ്സില്‍ പറഞ്ഞു:
''നിനക്ക് ഇത്തരമൊരു പൂര്‍വ്വകഥ ഉണ്ടെന്നുള്ളതിന് ഒരു സൂചനയെങ്കിലും നേരത്തെ നല്‍കിയിരുന്നെങ്കില്‍....''
പിന്നെയും ലക്ഷ്മി ക്ഷമാപണ സ്വരത്തില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും കേള്‍ക്കാന്‍ കരുത്തുണ്ടായിരുന്നില്ല. മനസ്സിന്റെ സമനില തന്നെ തെറ്റിയതുപോലെ തോന്നിയിരുന്നു.
സഹിക്കാനാവുമായിരുന്നില്ല-
ഒടുവില്‍ ആ രാത്രിയില്‍ ഒരു കള്ളനെപ്പോലെ അവിടുന്നു പാത്തും പതുങ്ങിയും ഇറങ്ങി നടന്നു.
ആ പ്രയാണം ഇപ്പോഴും തുടരുന്നു....
എല്ലാം വെറും മനക്കോട്ടകള്‍ ആയിരുന്നു. ലക്ഷ്മി തന്നെ സംബന്ധിച്ചിടത്തോളം ഒരു ആകാശപുഷ്പം മാത്രമായിരുന്നു. അതു മനസ്സിലാക്കുവാന്‍ അല്പം വൈകിപ്പോയി.
മധു മുന്നോട്ടു തന്നെ നടന്നുകൊണ്ടേയിരുന്നു-
സമയം അര്‍ദ്ധരാത്രി ആയിരുന്നു. എങ്കിലും ചെന്നൈ നഗരത്തിന് ഉറക്കമില്ല.
ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍-
ഈ നാട്ടില്‍ തനിക്ക് ഇനിയൊരു ജീവിതമില്ല. എത്രയും പെട്ടെന്ന് നാടുവിടണം-
അവന്‍ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
തൊട്ടുപിന്നില്‍ ഒരു കാര്‍ വന്ന് ബ്രേക് ചെയ്യുന്ന ശബ്ദം. അവന്‍ തിരിഞ്ഞു നോക്കി-ലക്ഷ്മിയാണ്. അവള്‍ കാറില്‍ നിന്നിറങ്ങി അടുത്തുവന്നു.
''മധു നിങ്ങളെത്തിരക്കി ഞാന്‍ എത്ര നേരമായി അലയുന്നു. നിങ്ങള്‍ എങ്ങോട്ടു പോകുന്നു?''
''ലക്ഷ്മി ക്ഷമിക്കണം. ഞാന്‍ പോകുന്നു...''
''എവിടേക്ക്?''
''അത് എനിക്കു തന്നെ നിശ്ചയമില്ല...''
''മധു തിരികെ വരണം. നിങ്ങളെ വിളിച്ചു തിരികെ കൊണ്ടു പോകുന്നതിനു വേണ്ടിയാണ് ഞാന്‍ വന്നത്.''
''ക്ഷമിക്കണം. ഞാനിനി അവിടേയ്ക്കു തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ല.''
''എന്തുകൊണ്ട്?''
''ലക്ഷ്മീ നീ എനിക്കൊരു ആകാശപുഷ്പം ആയിരുന്നിട്ടും എന്റെ അവിവേകം കൊണ്ട് ഞാന്‍ മോഹിച്ചു പോയി. ഇനിയിപ്പോള്‍ മുറിവേറ്റ ഹൃദയവുമായി അവിടെയുള്ള ജീവിതം അതൊരിക്കലും ശരിയാവില്ല.''
അവള്‍ അവന്റെ മുഖത്തേയ്ക്കു തന്നെ ഉറ്റു നോക്കിക്കൊണ്ടു നിന്നു. അവളുടെ കണ്ണുകള്‍ മെല്ലെമെല്ലെ നിറഞ്ഞു വന്നു.
മൂകമായ ഭാഷയില്‍ വിട ചോദിച്ചുകൊണ്ട് മധു മെല്ലെ മുന്നോട്ടു നടന്നു.
റെയില്‍വേ സ്റ്റേഷനില്‍ കോഴിക്കോടു വഴി കര്‍ണ്ണാടകത്തിലേക്കുള്ള വൃന്ദാവന്‍ എക്‌സ്പ്രസ് യാത്രയ്ക്കു തയ്യാറായി കിടക്കുകയായിരുന്നു.
മധു ഓടിച്ചെന്ന് അതില്‍ കയറി.
തീവണ്ടി മെല്ലെ മുന്നോട്ടു ചലിച്ചു തുടങ്ങി.
പിന്നെപിന്നെ തീവണ്ടിക്കു വേഗത വര്‍ദ്ധിച്ചു. അതു ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം കുതിച്ചു പായുകയായി.
ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിറയെ ആളുകള്‍. കണ്ണീരും സ്വപ്നങ്ങളുമായി കഴിയുന്ന മാനവ ഹൃദയങ്ങള്‍. മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥാപാത്രങ്ങള്‍.
ഈ ഭൂമി ദുഃഖിതരുടെ ഒരു കൂടാരമാണ്. എത്രയെത്ര നെടുവീര്‍പ്പുകള്‍. എത്രയെത്ര മോഹഭംഗങ്ങള്‍. എല്ലാം മനുഷ്യമനസ്സുകളില്‍ത്തന്നെ ഒതുങ്ങിക്കൂടുന്നു. പിന്നെ പുറമെ പ്രസന്നതയുടെ പൊയ്മുഖം ധരിച്ചുകൊണ്ട് അവര്‍ ജീവിക്കുന്നു. താനും ആയിരങ്ങളില്‍ ഒരുവന്‍.
ലക്ഷ്യമേതും ഇല്ലാതെയുള്ള അയാളുടെ യാത്ര അപ്പോഴും തുടര്‍ന്നുകൊണ്ടേയിരുന്നു.
(തുടരും.....)

Read More: https://www.emalayalee.com/writers/304

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക