Image

ഷാഫിയുടെ പെട്ടി (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 18 June, 2025
ഷാഫിയുടെ പെട്ടി  (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

നിലമ്പുർ ഉപതെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ മൂന്നു മുന്നണികളുടെയും സംസ്‌ഥാന നേതാക്കളും ദേശീയ നേതാക്കളും നിലമ്പുരിൽ ക്യാമ്പ് ചെയ്യുവാൻ തുടങ്ങിയിട്ട് ആഴ്ചകളായി. നിലമ്പുർ മണ്ഡലത്തിന്റെ പുറത്തുനിന്നും വന്നിരിക്കുന്ന നേതാക്കൾ എല്ലാം പെട്ടിയുമായാണ് വന്നിരിക്കുന്നത്. പല നിറത്തിലും രൂപത്തിലും ഭാവത്തിലുമായി ഒന്നിൽ കൂടുതൽ പെട്ടികളുമായി നിലമ്പുർ കീഴടക്കാൻ വന്നിരിക്കുന്ന നേതാക്കൾ ആണ്‌ ഏറെയും

കോൺഗ്രസിനു വേണ്ടി കാലേ കൂട്ടി ഇലക്ഷൻ പ്രഖ്യാപിച്ച ഉടൻ സ്‌ഥലത്തെത്തിയ രണ്ടു പേർ കെ മുരളീധരനും ചാണ്ടി ഉമ്മനും ആണ്‌ ഇവർ രണ്ടു പേരും ആദ്യമേ ഓടിവരുവാൻ കാരണം പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും വൈകി വന്നു തല കാണിച്ചിട്ട് പോയി എന്ന പേരുദോഷം ഇരുവർക്കും ഉള്ളതുകൊണ്ടാണ്. നിലമ്പുരും അഭ്യാസം എടുത്താൽ പണി പാപ്പനംകോട് ആയിരിക്കുമെന്ന് ഇരുവർക്കും ഹൈക്കമാണ്ടിൽ നിന്നും താക്കീത് ഉണ്ട്

മുരളി വന്നത് പണ്ടു എൺപത്തി ഒൻപതിൽ ആദ്യമായി കോഴിക്കോട് ലോക്സഭയിൽ മത്സരിച്ചപ്പോൾ വാങ്ങിയ കറുത്ത പെട്ടിയുമായാണ്. കോഴിക്കോട് രണ്ടു തവണ ജയിച്ചു പിന്നീട് വീരേന്ദ്രകുമാറിനോട് തോറ്റു വി വി രാഘവനോട് മത്സരിക്കുവാൻ ആദ്യമായി തൃശ്ശൂരിൽ പോയതും ഇതേ പെട്ടിയുമായാണ്

പിന്നീട് മന്ത്രിയായി ഇരുന്നു കൊണ്ടു വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയതും ഡി ഐ സി രൂപീകരിച്ഛ് വയനാട് മത്സരിക്കാൻ പോയതും തിരിച്ചു കോൺഗ്രസിൽ എത്തി വട്ടിയൂർക്കാവിൽ രണ്ടു തവണ മത്സരിക്കാൻ പോയതും വടകരയിൽ പോയതും ഇടയ്ക്കു നേമത്തു കുമ്മനത്തെ തോല്പിക്കാൻ പോയതും ഏറ്റവും ഒടുവിൽ പ്രതാപൻ കാലുവാരി സുരേഷ് ഗോപിയോട് തോൽക്കാൻ തൃശ്ശൂരു പോയതും ഈ കറുത്ത പെട്ടിയുമായി തന്നെയാണ്

ചാണ്ടി നിലമ്പുരിൽ എത്തിയിരിക്കുന്നത് രണ്ടു ചുവന്ന പെട്ടിയുമായാണ്. ഒരു പെട്ടി ഭാരത് ജോടോ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം മത്സരിച്ചു ഓടുവാൻ പോയപ്പോൾ മേടിച്ചതാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വീട് മണ്ഡലത്തിൽ തന്നെ ആയതുകൊണ്ട് പ്രത്യേകിച്ച് പെട്ടി വാങ്ങേണ്ട കാര്യം ഉണ്ടായില്ല. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കു വേണ്ടി ഓടി വോട്ടു പിടിക്കുവാൻ പോയപ്പോൾ ഈ ഒരു ചുവന്ന പെട്ടി മാത്രമാണ് കൊണ്ടുപോയത്

ചാണ്ടിച്ചൻ നിലമ്പുരിലേക്ക് പോന്നപ്പോൾ ഒരു ചുവന്ന പെട്ടി കൂടി വാങ്ങി കാരണം പാലക്കാട്‌ ചാർജ് കൊടുത്തില്ല എന്നു പറഞ്ഞുകൊണ്ട് വാവിട്ടു കരച്ചിൽ ആയിരുന്നത് കൊണ്ടു ഇത്തവണ കോൺഗ്രസ്‌ നേതൃത്വം അറിഞ്ഞുകൊണ്ടു എടക്കര പഞ്ചായത്തിന്റെ മുഴുവൻ ചാർജും കൊടുത്തു പോരാത്തതിന് പഞ്ചായത്തിലെ രണ്ടായിരം വീട്ടിലും ഓടി കയറിക്കൊള്ളണം എന്ന മുന്നറിയിപ്പും കൊടുത്തു

കോൺഗ്രസിനു വേണ്ടി നേരത്തെ നിലമ്പുരിൽ എത്തിയ നേതാക്കളിൽ ബെന്നി ബെഹ്‌നാൻ എം പി യും ഉണ്ട്

പണ്ടു എൺപതുകളിൽ പിറവത്തു നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ വാങ്ങിയ പെട്ടിയുമായായിരുന്നു പിന്നീട് ഉമ്മൻചാണ്ടിയുടെ വലംകൈ ആയിരുന്നതുകൊണ്ട് തിരുവനന്തപുരതേയ്ക്കുള്ള സ്‌ഥിരം ട്രെയിൻ യാത്ര. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ആഭ്യന്തര വകുപ്പ് നിയന്ത്രിച്ചിരുന്നത് കൊണ്ട് ക്ലിഫ് ഹൗസിലും പുതുപ്പള്ളി വീട്ടിലും തമ്പടിച്ചിരുന്നതും ഇതേ പെട്ടിയും ആയിട്ടായിരുന്നു

ഇതിനിടയിൽ തൃക്കാക്കരയിൽ നിയമസഭയിൽ മത്സരിക്കുവാൻ പോയപ്പോഴും ഈ പെട്ടി കൈവശം ഉണ്ടായിരുന്നു. പക്ഷേ കുറച്ചു കാലം യൂ ഡി എഫ് കൺവീനർ ആയിരുന്ന കാലത്ത് കൃത്യമായി പറഞ്ഞാൽ രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭ പൊതു തെരഞ്ഞെടുപ്പിനു മുൻപ് കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗത്തെ യൂ ഡി എഫ് ൽ നിന്നും പുറത്താക്കിയപ്പോൾ പിറവത്തു നിന്നും വാങ്ങിയ ആ പഴയ പെട്ടി കൂടി ബെന്നി ജോസ് കെ മാണിക്ക് കൊടുത്തു വിട്ടു. എന്തായാലും ബെന്നി ഇപ്പോൾ നിലമ്പുരിൽ എത്തിയിരിക്കുന്നത് പുതിയൊരു പെട്ടിയുമായാണ്

നിലമ്പുരിൽ നിന്നും അധികം അകലെ അല്ല വീടെങ്കിലും നമ്മുടെ കുഞ്ഞാലിക്കുട്ടി സാഹിബും രണ്ടു പെട്ടിയുമായാണ് നിലമ്പുരിൽ തമ്പടിച്ചിരിക്കുന്നത്

ദീർഘനാൾ മന്ത്രിയും എം എൽ എ യും ആയിരുന്നപ്പോൾ പല പെട്ടികളും ഇടയ്ക്കിടെ വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിലും കേന്ദ്ര മന്ത്രി സ്‌ഥാനം മോഹിച്ചു എം പി യായി മത്സരിച്ചു ജയിച്ചു ഡൽഹിയിൽ ചെന്നപ്പോൾ ബി ജെ പി ഗവണ്മെന്റ് അധികാരത്തിൽ വന്നതുകൊണ്ട് മന്ത്രിയാകാൻ പറ്റാതെ തിരികെ നാട്ടിലേയ്ക്കു പോരുവാൻ നേരത്തു ഡൽഹിയിൽ നിന്നും വാങ്ങിയ വലിയ പഴക്കമില്ലാത്ത പെട്ടികളുമായാണ് കുഞ്ഞാപ്പയുടെ വരവ്

സി പി എം സ്‌ഥാനാർഥി സ്വരാജിന് വേണ്ടി ആദ്യം നിലമ്പുരെത്തിയത് കെ കെ ഷൈലജ ടീച്ചർ ആണ്‌. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയായി ശരിക്ക് ഷൈൻ ചെയ്തു വിലസിയ ടീച്ചർക്ക് അന്ന് പെട്ടി കാശ് കൊടുത്തു വാങ്ങേണ്ടി വന്നിട്ടില്ല

രണ്ടായിരത്തി ഇരുപത്തി ഒന്നിലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ വരെ കടത്തി വെട്ടി മട്ടന്നൂരിൽ നിന്നും അറുപതിനായിരത്തിൽ അധികം വോട്ടിന്റെ റിക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു വീണ്ടും മന്ത്രിയാകാൻ കണ്ണൂരിൽ നിന്നും വാങ്ങിയ പെട്ടിയുമായി തിരുവനന്തപുരത്തു കിട്ടിയ വണ്ടിയിൽ പാഞെത്തിയ ടീച്ചറോടു പിണറായി പറഞ്ഞു ആ കൊണ്ടുവന്ന പെട്ടി വീണ ജോർജിനു കൊടുത്തിട്ടു സ്‌ഥലം കാലിയാക്കിക്കോളാൻ

ആ പെട്ടി പോയെങ്കിലും ടീച്ചർ വിട്ടു കൊടുത്തില്ല കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കുവാൻ പോയപ്പോൾ ബലിയാട് ആകേണ്ടി വന്നെങ്കിലും ഡൽഹിയിൽ കൂടി കറങ്ങി നടക്കുവാൻ വേണ്ടി ഒരു മോഡേൺ പെട്ടി വാങ്ങിയിരുന്നു. ഡൽഹി യാത്ര നടക്കാതെ വന്നതുകൊണ്ട് ആ പെട്ടിയുമായാണ് ടീച്ചർ നിലമ്പുരിൽ കാലേ കൂട്ടി എത്തിയിരിക്കുന്നത്

ബി ജെ പി സ്‌ഥാനാർഥിയ്ക്കു വേണ്ടി പ്രചരണം നടത്തുവാൻ മകൻ ഷോൺ ജോർജിനെ ആഴ്ചകൾക്ക് മുൻപേ നിലമ്പുരിലേക്ക് പറഞ്ഞയച്ച പി സി ജോർജ് കഴിഞ്ഞ ദിവസം ആണ്‌ തന്റെ പഴയ ട്രെങ്കു പെട്ടിയുമായി കളത്തിൽ എത്തിയിരിക്കുന്നത്

എൺപത്തിരണ്ടിൽ ആദ്യമായി പൂഞ്ഞാറിൽ നിന്നും മത്സരിച്ചു ജയിച്ചപ്പോൾ തിരുവനന്തപുരത്തു എം എൽ എ ഹോസ്റ്റലിൽ താമസിക്കുവാൻ പോകുവാൻ വേണ്ടി പാലായിലെ ചെറുപുഷ്പം സ്റ്റോറിൽ നിന്നും അന്നൊരു പെട്ടി വാങ്ങിയിരുന്നു

ഏതാണ്ട് മുപ്പത്തിരണ്ടു വർഷം എം എൽ എ ആയിരുന്ന കാലത്ത് പൂഞ്ഞാറിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രാന്സ്പോര്ട്ട് ബസിലും പിന്നീട് കാറിലും ആയുള്ള യാത്ര ഈ പെട്ടിയും ആയിട്ടായിരുന്നു

കഴിഞ്ഞ നാലു വർഷമായി എം എൽ എ പണി നഷ്ടപ്പെട്ടതുകൊണ്ട് പി സി യുടെ പെട്ടി വെറുതെ പൂഞ്ഞാറിലെ വീട്ടിൽ ഇരുന്നു തുരുമ്പ് എടുത്തിരുന്നു. ഏതായാലും നിലമ്പുരിൽ വരുവാൻ പുതിയ പെട്ടി വാങ്ങാനൊന്നും പി സി മെനക്കെട്ടില്ല. നന്നായി എണ്ണയിട്ട് തുടച്ചു മിനുക്കിയാണ് കൊണ്ടുവന്നിരിക്കുന്നത്

കഴിഞ്ഞ ദിവസമാണ് നിലമ്പുരിൽ യൂ ഡി ഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റ ഇലക്ഷൻ പ്രചരണത്തിനായി കുറച്ചു ദിവസങ്ങളായി പ്രവർത്തിക്കുന്ന വടകര എം പി യും കോൺഗ്രസിന്റെ സ്റ്റാർ പ്രചാരകനുമായ ഷാഫി പറമ്പിൽ സഞ്ചരിച്ചിരുന്ന കാർ പോലീസ് തടഞ്ഞു നിർത്തി പരിശോധിച്ചത് വിവാദം ആയത്

എന്തായാലും ഷാഫിയുടെ യും കാറിൽ നിന്നും പോലീസ് വളരെ തന്ത്രപൂർവ്വം വല വീശി കണ്ടെടുത്തത് കുറച്ചു പെട്ടികൾ ആയിരുന്നു. പക്ഷേ മുഖ്യമന്ത്രി മുൻപ് ആരോപിച്ചത് പോലെ നിലമ്പുർ ഉൾപ്പെടെയുള്ള മലപ്പുറം ജില്ലയിൽ സ്വർണ്ണം നിറച്ച പെട്ടികൾ കടത്തുന്നുണ്ട് എന്നു പറഞ്ഞ പോലെ ഒന്നും കണ്ടെത്താൻ പറ്റിയില്ല. തീവ്രമായ പരിശോധനയിൽ പെട്ടിക്കുള്ളിൽ നിന്നും ഒടുവിൽ കണ്ടെത്തിയത് ഷാഫിയുടെ കുറച്ചു വസ്ത്രങ്ങളും പുസ്തകങ്ങളും മാത്രം ആയിരുന്നു

 

Join WhatsApp News
Abraham Thomas 2025-06-22 22:37:39
Nice observation! Keep your impartial views, which are increasingly rare to find.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക