നഗര കവാടത്തിൽ
എവിടെയോ
അവൻ കാത്തു നിന്നിരുന്നു
അവളുടെ യാത്ര
ശൂന്യമായ
വിളനിലങ്ങൾക്കരികിലെ
ഒറ്റയടിപ്പാതയിലൂടെ
ആയിരുന്നു.
ഋതുഭേദങ്ങൾ
പലവട്ടം
മഴയും മഞ്ഞും വെയിലും
തണലുമായി
പെയ്തിറങ്ങിയ
വഴിയുടെ വിജനതയിലൂടെ
എത്ര നടന്നിട്ടും
അവനിലേക്ക്
എത്തിച്ചേരാൻ
അവൾക്കായില്ല
കാരണം
അവളുടെ
ഹൃദയകവാടത്തിൽ
ആയിരുന്നല്ലോ
അവൻ താമസിച്ചിരുന്നത്.
അവരുടെ
ഹൃദയ സ്പന്ദനങ്ങൾക്കു പോലും
എന്നും എപ്പോഴും
ഒരേ താളമായിരുന്നല്ലോ.