Image

ദൈവം ഗർജ്ജിക്കുന്നു ! (കവിത: ജയൻ വർഗീസ്)

Published on 18 June, 2025
ദൈവം ഗർജ്ജിക്കുന്നു ! (കവിത: ജയൻ വർഗീസ്)

(ഇസ്രായേൽ - ഇറാൻ യുദ്ധ മേഖലയിൽ നിന്നുള്ള ഭീതിജനകമായ വാർത്തകൾ ലോകത്തെയാകമാനംഭയപ്പെടുത്തുന്ന ഒരു സഹഹാര്യം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ കലക്ക വെള്ളത്തിൽ നിന്ന് മീൻ പിടിക്കുന്നതിരക്കിലാണ്  ഇപ്പോൾ ലോകത്താകമാനമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. വേദ പണ്ഡിതന്മാരുടെ വേഷംകെട്ടിയിറങ്ങിയിട്ടുള്ള മത പുരോഹിതന്മാരും സാമൂഹ്യ പരിഷ്കരണത്തിന്റെ വാറോലയേന്തുന്ന ചാനൽവിപ്ലവകാരികളും ഈ വിഷയത്തിൽ തങ്ങളുടെ ആശങ്കകൾ വിതച്ചു കൊയ്ത്തു വിളവെടുക്കുന്നു. ഇതോടെലോകം അവസാനിച്ചു പോകും എന്ന നിലയിലാണ് മിക്കവരുടെയും വില കുറഞ്ഞ തള്ളൂകൾ. ഇരുണ്ടു പോകുന്നഇന്നിനെക്കുറിച്ചല്ല ഉദിച്ചുയരുന്ന നാളയെക്കുറിച്ചാണ് മനുഷ്യവർഗ്ഗം സ്വപ്നം കാണേണ്ടത് എന്ന അടിസ്ഥാനആശയം പ്രചരിപ്പിക്കാൻ കടമപ്പെട്ട ഇക്കൂട്ടർ താൽക്കാലിക ലാഭത്തിന്റെ ചക്കരക്കുടങ്ങളിൽ കയ്യിട്ടു നക്കിലജ്‌ജാകരമായി ആസ്വദിക്കുകയാണ് മില്ലേനിയപ്പിറപ്പിന്റെ തൊട്ടു മുൻപ് ഇതേ വേലയിറക്കിയ മത മാടമ്പികളെവെല്ലുവിളിച്ചു കൊണ്ട് ഞാനെഴുതിയതും മലയാളം പത്രത്തിലെ സാഹിത്യ വാരഫലത്തിലൂടെ പ്രൊഫസർ എം. കൃഷ്ണൻ നായരുടെ പ്രശംസ ഏറ്റു വാങ്ങിയതുമായ ഈ കവിത സമാന സാഹചര്യങ്ങളിൽ വീണ്ടുംപ്രസിദ്ധീകരിക്കുന്നു. ആണവ ബട്ടൺ തന്റെ മേശപ്പുറത്താണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്ഉൻ. അത് കാണാമെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. 2018 ജനുവരി ഒന്നിലെ ചൂടൻവാർത്തയിലും ഇതേ സാഹചര്യം നില നിന്നിരുന്നു. )

ആരാണ് ചൊന്നതെൻ ഭൂമി നശിക്കുവാൻ 
പോകയാണെന്നുള്ള മിഥ്യ?
ആരാണതിന്റെയും പേരിൽ മനുഷ്യനെ 
ചൂഷണം ചെയ്യുന്ന വർഗ്ഗം?

കോടാനുകോടി യുഗങ്ങളായ് നിങ്ങളെ 
താരാട്ടു പാടിയുറക്കി, 
ഓരോ പ്രഭാതത്തുടിപ്പിലുമുമ്മ തൻ
ചൂടിൽ തഴുകിയുണർത്തി,

ജീവന്റെ താളത്തുടുപ്പിൽ അമ്മിഞ്ഞ തൻ 
സ്നേഹ പ്രവാഹം ചുരത്തി, 
വാഴുമീയമ്മ, എൻ മാനസ പുത്രിയെ -
യാരാണ് തച്ചുടച്ചീടാൻ?

കീടങ്ങളെ, നര കീടങ്ങളെ, മമ -
സ്നേഹത്തിൽ നിന്ന് ഞാൻ രൂപപ്പെടുത്തിയ 
താരങ്ങളെ, മണ്ണിൻ മോഹങ്ങളേ, 
ദീപ നാളങ്ങളേ, രോമ ഹർഷങ്ങളെ, ?  

.x..........x..........x............x............x

ഏദനിൽ നിങ്ങൾക്ക് നൽകി ഞാൻ ജീവിത - 
മാദമേ, നന്മയും, തിന്മയും നട്ടു ഞാൻ.
നന്മയെ കാൽ കൊണ്ട് തട്ടി നീ തിന്മ തൻ 
വൻ മടിത്തട്ടിൽ മയങ്ങി വീണാദ്യമായ് ?

അത്തി വൃക്ഷത്തി ന്നിലകളാൽ നഗ്നത -
യെത്രയോ കാലം മറയ്‌ക്കാൻ ശ്രമിച്ചു നീ?
മുള്ളും, പറക്കാരയും കൊണ്ട് മൂടിയ 
മണ്ണിൽ നീ നിന്റെ സ്വപ്നങ്ങൾ വിതയ്‌ക്കുവാൻ ,

ഹവ്വയെ കൈ പിടിച്ചാദ്യമായേദന്റെ - 
യുമ്മറ വാതിൽ പ്പടികളിറങ്ങവേ,  
എൻമനം നീറി പ്പിടഞ്ഞു വിതുമ്പിയ - 
തോന്നു മറിഞ്ഞീല നീ നിന്റെ യാത്രയിൽ?

" ആദമേ, പോരൂ മടങ്ങി " യെന്നോതുവാ - 
നായില്ലെനിക്കെന്റെ നീതിയും, ന്യായവും. 
എന്നാലും വന്നു ഞാൻ നിന്നെ വിളിക്കുവാ - 
നന്നാ കുരിശിലെ കാരിരുമ്പാണിയിൽ !  

വന്നില്ല നീ നിന്റെ ലോഭ- ഭോഗേച്ഛകൾ 
നിന്നെത്തളച്ചൂ ചെകുത്താന്റെ കോട്ടയിൽ. 
കൊന്നും, കൊല വിളിച്ചാർത്തും, എൻ മണ്ണിലെ 
പുണ്ണായ് വളർന്നു നീ പോയ കാലങ്ങളിൽ?

വേദ- ശാസ്ത്രങ്ങ ളുരുക്കി വാർത്തായുധ - 
മേധം നടത്തി നീ മണ്ണിലും, വിണ്ണിലും!
* നാളെയൊരു ചെറു ബട്ടണമർത്തിയാൽ-
ച്ചാരമായ് ത്തീരും പ്രപഞ്ച മെന്നോതുവാൻ,


ആരാണ് തന്നതധികാരം? നിന്നുടെ - 
യേറിയാ ലെൺപതാ മായുസ്സിൻ വീര്യമോ?
കേവലം കണ്ണിൽ പതിക്കും കരടിന്റെ 
പേരിൽ കരയുന്ന പാവമേ , സാധുവേ ?

പോര് വിളിക്കുവാനല്ല, ഞാൻ നിന്നുടെ 
മനസ വേദിയിലെന്നെ പ്രതിഷ്ഠിച്ചതീ , 
ഭൂമിയിൽ നന്മയെ നട്ടു വളർത്തിയീ - 
പ്പാരിനെ യെന്റെ വാസ സ്ഥലമാക്കുവാൻ!

നമ്മളൊന്നായി പ്പണിഞ്ഞുയർത്തുന്നൊരീ 
നന്മ്മ തൻ സ്വർഗ്ഗ മുയരട്ടെ ഭൂമിയിൽ!
ആയിരമായിരം വർഷങ്ങളായതിൻ 
ശീതള ഛായ വിരിക്കട്ടെ ഭൂമിയിൽ !!

ഭൂമിയെ കീറി മുറിച്ചു കൊണ്ടായിരം 
ഛേദങ്ങളാക്കു മതിരുകൾ വേണ്ടിനി!
ലേബല് നെറ്റിയിലൊട്ടിച്ചു മർത്യനെ - 
ക്കാശാക്കി മാറ്റും വ്യവസ്ഥയും വേണ്ടിനി!!

പോരിക, നിന്റെ പറക്കാര മൂടിയ 
വീഥിയിൽ നിന്നുമീ ശീതള ഛായയിൽ , 
ഹവ്വ! അവളെത്ര മോഹിനിയായിരു - 
ന്നിന്നവൾ വാടിക്കരിഞ്ഞു പോയ് ചൂടിനാൽ?

എല്ലാക്കുറവും ക്ഷമിക്കുകയാണ് ഞാൻ, 
നിന്നെ യുപേക്ഷിച്ചിടാ നെനിക്കാവില്ല.
ഒന്നായ് ചുരുക്കുന്നെൻ കൽപ്പന മേലിലേ -
" ക്കൊന്നോർക്കണം നീ യപരന്റെ വേദന" ?

x..........x...........x..............x.............x

ആരാണ് ചൊന്നതെൻ ഭൂമി നശിക്കുവാൻ 
പോകയാണെന്നുള്ള മിഥ്യ?
ആരാണതിന്റെയും പേരിൽ മനുഷ്യനെ 
ചൂഷണം ചെയ്യുന്ന വർഗ്ഗം?

കീടങ്ങളെ, നര കീടങ്ങളെ, മമ- 
സ്നേഹത്തിൽ നിന്ന് ഞാൻ രൂപപ്പെടുത്തിയ 
താരങ്ങളെ, മണ്ണിൻ  മോഹങ്ങളേ, 
ദീപ നാളങ്ങളെ , രോമ ഹർഷങ്ങളെ ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക