🤓വായനാദിനമായ ഇന്നത്തെ പ്രഭാതചിന്ത എന്റെ എഴുത്ത് അനുഭവങ്ങളിലൂടെ ആകാം എന്നു വിചാരിച്ചു.
കുഞ്ഞുന്നാളിൽ വീട്ടിലെ ലൈബ്രറിയിൽ നിന്നും പുസ്തകമെടുത്ത് വായിക്കുന്ന ശീലം എനിക്കില്ലായിരുന്നു.അമ്മയോ അച്ഛനോ നിർബന്ധിച്ചാൽ പോലും അത് ചെയ്തിരുന്നില്ല. എന്നാൽ കാലക്രമേണ ആ ശീലം എങ്ങനെയോ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അന്നൊന്നും എഴുതുമെന്നോ 5 പുസ്തകങ്ങൾ എന്റെ പേരിൽ ഉണ്ടാകുമെന്നോ തീരെ പ്രതീക്ഷിച്ചില്ല. പിന്നീടെപ്പോഴോ എഴുതി തുടങ്ങിയപ്പോൾ അത് മനസ്സിനു നൽകിയ ഊർജ്ജം വലുതായിരുന്നു.
(ഞാനുൾപ്പെടെ)എഴുത്തിന്റെ മേഖലയിൽ എത്തിപ്പെടുന്ന എല്ലാവരും ആഗ്രഹിക്കുന്നതെന്താണു എന്നു വെച്ചാൽ തന്റെ ബുക്ക് എല്ലാവരും വാങ്ങണം, ഒത്തിരിപ്പേർ വായിക്കണം, അവരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന മികച്ച എഴുത്തുകാരിയാകണം, കഴിവിന്റെ പ്രതിഫലമായി റോയൽറ്റി കിട്ടണം എന്ന് ഒക്കെ തന്നെയാണു. എന്നാൽ കാലം മാറുന്നതനുസരിച്ച് വായനക്ക് പുസ്തകം തെരഞ്ഞെടുക്കുന്നതിലും ആളുകൾക്ക് വിവിധ കാഴ്ചപ്പാടുകൾ ഉണ്ടാകാം.ആ കാഴ്ചപ്പാടുകൾ അതവരുടെ സ്വാതന്ത്ര്യം.
ഇണനാഗങ്ങളെന്ന എന്റെ ആദ്യ കവിതാപുസ്തകം വാങ്ങണേ എന്ന് ഞാൻ അന്ന് ഒരു സുഹ്യത്തിനോട് പറഞ്ഞപ്പോൾ " അയ്യേ.. അതിനു 40 രൂപയല്ലേ ഉള്ളൂ, ഇത്തിരി വില കൂട്ടി വെയ്ക്കാൻ മേലായിരുന്നോ" എന്നാണു എനിക്ക് അന്ന് മറുപടി കിട്ടിയത്. അപ്പോൾ വില കുറഞ്ഞു പോയി എന്നതിനാൽ ആ ബുക്ക് ഒരു മോശം ബുക്കാണെന്നാണു അദ്ധേഹത്തിന്റെ മനസ്സിൽ എന്ന് പിന്നീടുള്ള സംസാരത്തിൽ നിന്നും ആ അഭിപ്രായത്തിൽ നിന്നും ഞാൻ മനസ്സിലാക്കി..
മുഖസൗന്ദര്യം നോക്കി ബുക്ക് വാങ്ങുന്നവർ ഉണ്ടോ എന്നെനിക്കറിയില്ല. ഞാൻ അങ്ങനെ നോക്കി വാങ്ങാറില്ല. പക്ഷേ യാതൊരു വിധത്തിലും പല നല്ല എഴുത്തുള്ള ബുക്കുകളാരും വാങ്ങാതെ(വായിക്കാതെ )ഇരിക്കുന്നിടത്ത് സൗന്ദര്യമുള്ള മുഖചിത്രത്തോട് കൂടിയ ബുക്കുകൾ ( ബുക്കിനുള്ളിലെ എഴുത്ത് ശൈലിയിൽ ഗുണമില്ല എങ്കിൽ കൂടി) കൂടുതൽ വിറ്റഴിയുന്നുവെങ്കിൽ ചിലപ്പോ അത് സത്യവുമാകാം. മാർക്കറ്റിങ്ങിന്റെ മറ്റൊരു തന്ത്രം എന്നേ അതിനെ പറ്റി കരുതാൻ കഴിയുള്ളൂ. ഈ വായനക്കാർ എല്ലാരും സൗന്ദര്യം മാത്രം നോക്കി വാങ്ങിയിരുന്നെങ്കിൽ ഇന്നു എന്തോരം ആൺ-പെൺബുക്കുകൾ വിറ്റ് പോയേനേ? (ആണുങ്ങൾ)അവരുടെ മുഖചിത്രങ്ങളിൽ ഉള്ള പുസ്തകങ്ങൾ വിൽപ്പനയ്ക്ക് വരുന്നില്ലേ? അതിനും ഈ സൗന്ദര്യം ബാധകമാണോ എന്ന ചോദ്യം എന്റെ മനസ്സിൽ വരുമ്പോൾ ഒരു ഫേസ്ബുക്ക് ഫ്രണ്ടിന്റെ മറുപടി മനസ്സിൽ വരുന്നു.. " താൻ പെണ്ണായതു കൊണ്ടാ എന്തെഴുതിയാലും ലൈകും കമന്റും വരുന്നത്" ഞങ്ങൾ ആണുങ്ങൾക്കൊന്നും അത്രേം ലൈക് കിട്ടാറില്ലല്ലോ". അങ്ങനെ ആയിരുന്നേൽ എന്റെ ലൈക് ഒക്കെ എന്തേ 500 ഒന്നും പോകാത്തേ എന്ന് ഞാനും പുള്ളിയോട് മറുചോദ്യം ചോദിച്ചു.. "സുഹ്യത്തേ, എന്റെ സൗന്ദര്യം കണ്ടിട്ട് ലൈക് ഇടുന്നതിലും എനിക്കിഷ്ടം എന്റെ പോസ്റ്റുകൾക്ക് സത്യസന്ധമായി ഗുണത്തിനനുസരിച്ചുള്ള ഒരു 20 പേരുടെ ലൈക് മതി" എന്ന് ഞാനും പറഞ്ഞു.. അവിടെയും സൗന്ദര്യം, സ്ത്രീ ഇതൊക്കെ ആണു പ്രശ്നം(അല്ലാതെ അവർക്കുള്ള അസൂയയോ ഈഗോയോ ഒന്നുമല്ല)😜.
എഴുതാൻ കഴിവുള്ളവർക്ക് ഈ പറഞ്ഞതൊക്കെ ( സൗന്ദര്യം)ഉണ്ടെങ്കിൽ അവർ എഴുതിക്കൂടാ, മുന്നേറാൻ പാടില്ല എന്നൊന്നുമില്ലല്ലോ.. നല്ല എഴുത്താണെങ്കിൽ ആണായാലും പെണ്ണായാലും അവർ വായനക്കാരിൽ എന്നെന്നും നിറഞ്ഞ് നിൽക്കും.
എനിക്കുണ്ടായ അനുഭവങ്ങളിൽ നിന്നും വേറെ ഒന്നു രണ്ട് കാര്യങ്ങൾ പറയാം. എന്റെ ബുക്കിന്റെ വിൽപ്പനയെകുറിച്ച് ആകാംക്ഷയോടെ ഞാൻ ആദ്യകാലങ്ങളിൽ പബ്ലിഷറിനോട് ചോദിച്ചപ്പോൾ " സോയേ, ഇന്നത്തെക്കാലത്ത് ബുക്ക് ഒക്കെ നല്ല രീതിയിൽ വിറ്റ് പോകണമെങ്കിൽ സോയ വല്ല വിവാദത്തിലോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ വൈറലോ മറ്റും ആകണം. അല്ലാതെ കവിതകളൊന്നും വായിക്കാനും വാങ്ങാനും ആൾക്കാർക്ക് തീരെ താൽപ്പര്യം ഇല്ല".. അല്ല അത് ആണല്ലോ ഇന്ന് കലാസാഹിത്യ മേഖലകളിൽ നടന്ന് കൊണ്ടിരിക്കുന്നത് . അത് കേട്ടിട്ട് ശരിക്കും സങ്കടം തോന്നിയെങ്കിലും അതാണു അന്നത്തെയും ഇന്നത്തെയും വിൽപ്പനസത്യം എന്നത് തിരസ്കരിക്കാനായില്ല..
നാട്ടിലെ പുസ്തകമേളയിൽ പോയി അമേരിക്കയിലേക്ക് കൊണ്ടുവരുവാനായ് കവിതകളുടെ ബുക്ക് അന്വേഷിച്ച് നടന്ന എന്നോട് ആ കടയിലെ ഒരാൾ പറഞ്ഞ മറുപടി
"കവിതയൊന്നും അത്രേം വിറ്റ് പോകാറില്ല, അത് കൊണ്ട് അതു അത്ര വെക്കാറില്ല. ചേച്ചി കവിത എഴുതുന്ന ആളാണെങ്കിൽ അതൊക്കെ നിർത്തിയിട്ട് വല്ല കഥയോ അനുഭവകുറിപ്പോ അല്ലേൽ നോവലോ എഴുതൂ.. അതാകുമ്പോൾ കുറെക്കൂടി ആൾക്കാരിൽ എത്തും.. അവർ വാങ്ങും." ഇനിയിപ്പോ കവിതകളുടെ ഗതി അധോഗതി തന്നെയാണോ എന്നോർത്ത് ഞാൻ ഞെട്ടി..!
ബുക്ക് വാങ്ങാൻ മടിയുള്ളവർ ഒരു വശത്ത് എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുമ്പോൾ മറുവശത്ത് വാങ്ങിയവരോ എന്റെ കവിതാസമാഹാരം ഉൾപ്പെടെയുള്ള ബുക്കുകൾ വാങ്ങി വെച്ചു എന്നല്ലാതെ കവിതകൾ ആയത് കൊണ്ട് അതൊന്ന് തുറന്ന് വായിക്കാൻ പോലും ഉള്ള മനസ്സ് അവർ കാണിച്ചിട്ടുണ്ടോ എന്നത് സംശയമാണു. "അത് കവിതകളാ, ഞങ്ങൾക്ക് വായിച്ചാൽ മനസ്സിലാകാറില്ല അതു കൊണ്ട് വാങ്ങുന്നില്ല" എന്ന് തുറന്നടിച്ച് മുഖത്ത് നോക്കി പലരും പറയുമ്പോൾ മനസ്സ് പലപ്പോഴും മടുക്കാറുണ്ട്. എഴുതിയത് അബദ്ധം ആയോ എന്ന് തോന്നാറുണ്ട്,എഴുതാതിരുന്നാലോ എന്നും തോന്നാറുണ്ട്.. പക്ഷേ, എന്തോ എവിടെയോ ഒരു പ്രതീക്ഷ ബാക്കിയുള്ളത് കൊണ്ടും, പയ്യെത്തിന്നാൽ പനയും തിന്നാം എന്ന് ചൊല്ല് പ്രചൊദനം ആകുന്നത് കൊണ്ടും വീണ്ടും വീണ്ടും എഴുതുന്നു.
ബുക്ക് വായിച്ചിട്ട് ആ ബുക്കിനെ പറ്റി ഒരു അഭിപ്രായം റിവ്യൂ ആയി എഴുതി തരാമോ എന്നും പലരോടും ചോദിച്ചിട്ടുണ്ട്. അത് ഞാൻ ചോദിച്ച വ്യ്ക്തികൾക്ക് അത്ര പ്രാധാന്യം ഉള്ളതായി തോന്നിയില്ലായിരിക്കാം. നമ്മൾ സ്നേഹിക്കുന്നതു പോലെ നമ്മുടെ കുഞ്ഞിനെ എല്ലാവരും സ്നേഹിക്കണം എന്നില്ലല്ലോ?അവർക്കും തിരക്കാകും എന്നു കരുതി പിന്നെ കൂടുതൽ തിരക്കാനും പോയില്ല.. "എന്തിനു ഇങ്ങനെ ഈ കുട്ടി ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നു" എന്ന് അവർക്ക് മനസ്സിൽ പറയാൻ എന്തിനു ഞാനായിട്ട് ഒരവസരം കൊടുക്കണം എന്നും വിചാരിച്ച് അത് ചോദിക്കലും നിർത്തി. അടുപ്പമുള്ളവരും വായിച്ചിട്ട് സത്യസന്ധമായി മറുപടി നൽകുമെന്നുള്ളവരുമായ സുഹ്യത്തുക്കളോട് ചോദിക്കും. അവരത് ഒരു ലൈൻ ആണെങ്കിലും തുറന്ന് പറയുമ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നും.
എഴുതുന്നവർക്ക് മാത്രം അറിയാം അത് വായിക്കപ്പെടാതെ പോകുന്നതിന്റെ വിഷമം.
അയച്ച് കൊടുക്കുന്ന കവിതകൾ തിരസ്കരിക്കപ്പെടുമ്പോൾ ഇതിലും മോശമായതൊക്കെ പ്രസിദ്ധീകരിക്കുന്നുണ്ടല്ലോ ( പ്രശസ്തിയും പണവും ഉണ്ടെങ്കിൽ എന്തും ആകാം)എന്ന് വിചാരിക്കും. "അമേരിക്കയിൽ ഉള്ള നിനക്ക് ഈ ബുക്ക് വിറ്റ് കിട്ടുന്ന പണം എന്തിനാ, ബുക്ക് ഫ്രീയായി തന്നു കൂടെ"എന്ന് ചോദിക്കുന്നവരും ഗ്രൂപ്പിൽ കൊണ്ട് ബുക്ക്‌വിപണനം നടത്താതെ വല്ല ആശയവിനിമയവും നടത്തരുതോ എന്ന് ചോദിക്കുന്ന ഗ്രൂപ്പ് സുഹ്യത്തുക്കളും ഒക്കെ കളിയാക്കുമ്പോൾ ഒന്ന് മനസിലാകും. ഈ സുഹ്യത്തുക്കൾ എന്നൊക്കെ കരുതുന്നവർ ബുക്ക് വാങാനോ വായിക്കാനോ അല്ല താൽപ്പര്യപ്പെടുന്നത് പകരം എങ്ങനെ ഒരു വ്യക്തിയുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യാം എന്നാണെന്ന്.
വായനയ്ക്ക് അത്ര സമയം എനിക്ക് കിട്ടാറില്ല എങ്കിലും പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ആണു മിക്കപ്പോഴും ഞാൻ വായനയ്ക്കായ് വാങ്ങുക. പേരു കേട്ട എഴുതി തഴമ്പിച്ചവർ എന്തെഴുതിയാലും വാങ്ങാൻ ആളുകൾ ഉള്ളപ്പോൾ തിരസ്കരിക്കപ്പെടുന്നത് ആ മേഖലയിലേക്ക് എത്തിപ്പെടുന്ന പുതുമുഖങ്ങളാണു. എന്റെ സങ്കടങ്ങളിലൂടെ അവരുടെ സങ്കടത്തിന്റെ ആഴം അറിയാം. കഴിവിലൂടെ തന്നെ മുന്നോട്ട് വരണം എന്ന വാശി എനിക്ക് ഉള്ളതു കൊണ്ട് ആരെയും സോപ്പിട്ട് പതപ്പിക്കാനോ കാര്യസാധ്യത്തിനായ് പുകഴ്ത്താനോ ഒന്നും പോകാറില്ല. ശ്രമം കൈവിടാറില്ല..ഒന്നുമില്ലേൽ 10 പേർ വായിച്ച് അഭിപ്രായം പറഞ്ഞാൽ അതു കൊണ്ട് ഏറെ സന്തോഷപ്പെടും ഞാൻ..
സൗന്ദര്യം , സമ്പത്ത്, ശുപാർശ, വ്യ്ക്തിബന്ധങ്ങൾ, വിൽപ്പനകണക്ക്, കോപ്പിയടി ഇവയൊക്കെ വച്ച് വിറ്റ്‌വരവിൽ ലാഭം ഉണ്ടാക്കിയാലും ഇല്ലെങ്കിലും എഴുതിയ വരികൾക്ക് ജീവൻ ഇല്ലെങ്കിൽ മനുഷ്യന്റെ ഹ്യദയത്തിലേക്ക് അക്ഷരങ്ങൾ ആഴ്‌ന്നിറങ്ങുന്നില്ലെങ്കിൽ എഴുതിയത് കൊണ്ട് എന്ത് കാര്യം? ..
എഴുത്തുകാർ ജീവിച്ചിരിക്കുമ്പോൾ ഉള്ള പരിഗണനയെക്കാൾ കൂടുതലാണു അവർ മരിച്ച് കഴിയുമ്പോൾ അവരോടും അവരുടെ ക്യതികളോടും ഉണ്ടാകുകയെന്ന് പലപ്പോഴും പല സന്ദർഭങ്ങളിലും തോന്നിയിട്ടുണ്ട്.. എപ്പോഴും ജീവിച്ചിരിക്കുമ്പോൾ അവഗണിച്ചിട്ട്, അപ്പോൾ കൊടുക്കാത്തതിലും അധികം സ്നേഹമാണല്ലോ മരിച്ച് കഴിയുമ്പോൾ പൊതുവെ ആ വ്യ്ക്തിക്ക് നൽകുക. ഞാൻ അങ്ങനെ ഒരു സ്നേഹം ആഗ്രഹിക്കുന്നില്ല. പറ്റുമെങ്കിൽ ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ ബുക്കുകൾ വാങ്ങി വായിച്ച് അഭിപ്രായങ്ങൾ പറയുക, എന്നെ നന്നായി പ്രോൽസാഹിപ്പിച്ച് എന്നെ സഹായിക്കുക.
ഞാൻ എന്ന വ്യ്ക്തിക്ക് എഴുതാൻ പറ്റുന്ന വരെ എഴുതും.. എന്നെ അവഗേളിക്കുന്നവരും കളിയാക്കലുകളിലൂടെ സന്തോഷം കണ്ടെത്തുന്നവരും തളർത്തുന്നവരും അറിയുക ആരൊക്കെ എന്ത് പറഞ്ഞാലും കാക്കയ്ക്കും തങ്കുഞ്ഞ് പൊങ്കുഞ്ഞ് തന്നെ. എന്റെ കവിതകൾ അല്ലെങ്കിൽ ഞാൻ എഴുതുന്നതൊക്കെ അതെന്റെ ചിന്താക്കുഞ്ഞുങ്ങളാണു.. ആ കുഞ്ഞുങ്ങളും സ്വാതന്ത്ര്യത്തോട് പറക്കുന്ന ഒരു നേരിന്റെ കാലം വരും. ആ അക്ഷരങ്ങളുടെ അളവുകോൽ എന്ത് തന്നെയായാലും അതൊന്നും ബാധിക്കാത്ത രീതിയിൽ എഴുതുക,കൂടുതൽ വായിക്കുക,നിങ്ങളെ അടയാളപ്പെടുത്തുക.
പരാജയത്തെ വിജയമാക്കി മാറ്റാൻ ശ്രമിച്ചാൽ ഒന്നിലും ആരും പരാജയപ്പെടില്ല. ഞാൻ ഇന്നുമാ ശ്രമം തുടരുന്നൂ..മനസ്സ് കൊണ്ട് പൊരുതുക പരാജയങ്ങളെയും എഴുത്തിനെയും ജീവിതത്തെയും..എല്ലാവർക്കും എല്ലാ ബുക്കുകളും വാങ്ങാൻ പറ്റില്ല എങ്കിലും വാങ്ങാൻ പറ്റുന്ന ബുക്കുകൾ ഒക്കെ വാങ്ങുക. വാങ്ങി മാത്രം വയ്ക്കാതെ അത് വായിക്കാൻ ഉള്ള മനസ്സ് കൂടി കാണിക്കുക. തിരക്കിലും എഴുതുന്നവരുടെ പരിശ്രമത്തെ വിലകുറച്ച് കാണാതിരിക്കുക, അവരുടെ പ്രയത്നത്തെ ബഹുമാനിക്കുക. എല്ലാവരും വായിക്കുക, എഴുതുന്നവരെ പ്രോൽസാഹിപ്പിക്കുക, വായനയിലൂടെ അറിവ് നേടുക.. എന്റെ പുസ്തകങ്ങൾ വായിച്ച് എന്നെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരിക്കുന്ന, എല്ലാ ചങ്ങാതിമാർക്കും വായനാദിനസുപ്രഭാതം...