തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പടിക്കല്‍ കൊണ്ടുവന്ന് കലം ഉടയ്ക്കുക എന്നത് കോണ്‍ഗ്രസുകാരുടെ കലാപരിപാടിയാണ്. ഇലക്ഷന് മുമ്പ് ഒറ്റക്കെട്ടായിരുന്നവര്‍ കിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിയുമ്പോള്‍ ഗ്രൂപ്പ് വഴക്കുമായി രംഗത്തുവന്ന് എല്ലാം കുളമാക്കിയ ചരിത്രമുണ്ട്. അവരുടെ ആ പരമ്പരാഗത രീതി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് സി.പി.എമ്മാണ്. ആര്‍.എസ്.എസ് ബാന്ധവത്തെക്കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദവും നടത്തിയ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളെ ഈ നിലയ്ക്ക് കാണുന്നതില്‍ തെറ്റില്ല.
നിലമ്പൂരിലെ വോട്ടെടുപ്പിന് തൊട്ടു തലേദിവസം, അതായത് ഇന്നലെ മണ്ഡലത്തില്‍ നിശബ്ദ പ്രചാരണം നടക്കുമ്പോള്‍ അനവസരത്തിലായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അഭിപ്രായ പ്രകടനം. അടിയന്തിരാവസ്ഥക്കാലത്ത് സി.പി.എമ്മുമായി ആര്‍.എസ്.എസ് സഹകരിച്ചിട്ടുണ്ടെന്നും സത്യം പറയുമ്പോള്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു എം.വി ഗോവിന്ദന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് ഗോവിന്ദന്‍ പറഞ്ഞതല്ല, താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട് എന്ന് ശാസനാ രൂപത്തില്‍ പറഞ്ഞു. ഇതോടെ ഗത്യന്തരമില്ലാതെ എം.വി ഗോവിന്ദന്‍ തിരുത്തലുമായി പ്രത്യക്ഷപ്പെട്ടു.
ജനതാപാര്‍ട്ടിയുമായാണ് സി.പി.എം സഹകരിച്ചതെന്നായിരുന്നു ഗോവിന്ദന്റെ തിരുത്തല്‍. ആര്‍.എസ്.എസ് വോട്ട് ആവശ്യമില്ലെന്നും, ഒരുകാലത്തും ആര്‍.എസ്.എസുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്നുമാണ് എം.വി ഗോവിന്ദന്റെ മലക്കം മറിച്ചില്‍. എന്നാല്‍ പിണറായി വിജയന്‍ ഗോവിന്ദനെ വെട്ടിക്കൊണ്ട്, ആര്‍.എസ്.എസുമായും ജനതാപാര്‍ട്ടിയുമായും സി.പി.എം ഒരുകാലത്തും സഹകരിച്ച ചരിത്രമില്ലെന്ന് പറഞ്ഞു. ഗോവിന്ദന്‍ ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞത് എന്ന് അറിയില്ലെന്നും താന്‍ പറയുന്നതാണ് സി.പി.എമ്മിന്റെ നിലപാടെന്നും പിണറായി ആവര്‍ത്തിച്ച് വ്യക്തമാക്കി. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് സി.പി.എമ്മിന്റെ ഇതുവരെയുള്ള നിലപാട് എന്നിരിക്കെ പിണറായി ആ രീതി മാറ്റിയിരിക്കുകയാണ്.
ആര്‍.എസ്.എസുമായി കൂട്ടുചേര്‍ന്നിട്ടുണ്ടെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തളളി. 50 വര്‍ഷം മുന്‍പ് സംഭവിച്ച രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സി.പി.ഐ ഇല്ലെന്നും എന്ത് കാര്യം എപ്പോള്‍ പറയണമെന്ന കാര്യത്തില്‍ തന്റെ പാര്‍ട്ടിക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍.എസ്.എസിനോടും ന്യൂനപക്ഷ വര്‍ഗീയതയുടെ മുഖമായ ജമാഅത്തെ ഇസ്ലാമിയോടും എല്‍.ഡി.എഫിന് ഇന്ന് എവിടെയും സഖ്യമില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എങ്ങനെ വിജയിച്ചു എന്ന് ആലോചിക്കണമെന്നും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് അത് നടപ്പാക്കിയതെന്നും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പരിഹസിച്ചു. ആര്‍.എസ്.എസ്-സി.പി.എം സഹകരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തു വന്നത്. ആര്‍.എസ്.എസുമായി ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് അങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതുകേട്ടു. കൂടുതല്‍ ചോദ്യങ്ങളും ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടലും ഉണ്ടാകാത്തതിനാല്‍ ഒരിക്കല്‍ക്കൂടി മാധ്യമങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ചരിത്രം കണ്ടില്ലെന്ന് വെയ്ക്കാനോ, അത് തമസ്‌കരിക്കാനോ അത് ബോധ്യമുള്ളവര്‍ക്കാവില്ലല്ലോയെന്ന് കെ.സി വേണുഗോപാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.
ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എം.വി ഗോവിന്ദന്‍ പഴയ കൂട്ടുകെട്ടിനെക്കുറിച്ചു നടത്തിയ പ്രസ്താവന ബുദ്ധിപൂര്‍വമായുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അനവസരത്തിലുള്ള പ്രസ്താവന ആണെന്ന് തോന്നാമെങ്കിലും സി.പി.എം ബുദ്ധിപൂര്‍വം സെക്രട്ടറിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണ്. പണ്ട് നമ്മള്‍ കൂട്ടായിരുന്നുവെന്ന് ഓര്‍മപ്പെടുത്താന്‍ വേണ്ടിയാണിത്. ഒരു പ്രണയിനിയുടെ പ്രണയാര്‍ദ്രമായ അപേക്ഷ പോലെയാണിത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സഹായത്തിനു വേണ്ടിയുള്ള പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തലായിരുന്നു ഗോവിന്ദന്റെ പ്രസ്താവനയെന്നായിരുന്നു വി.ഡി സതീശന്റെ കമന്റ്.
എം.വി ഗോവിന്ദന്റെ പ്രസ്താവന നിലമ്പൂരില്‍ ആര്‍.എസ്.എസ് വോട്ട് നേടാനുള്ള തന്ത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സ്വരാജിന് പണി കൊടുക്കാനാണെങ്കിലും, ആര്‍.എസ്.എസ് കൂട്ടുകെട്ടിനെക്കുറിച്ച് എം.വി ഗോവിന്ദന്‍ പറഞ്ഞത് സത്യമാണെന്ന് കോണ്‍ഗ്രരസ് നേതാവ് സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. പിണറായി വിജയനും ആര്‍.എസ്.എസും തമ്മിലുളള ബന്ധം ആറുമാസമായി താന്‍ പറയുന്നതാണെന്ന് പി.വി അന്‍വര്‍ പറഞ്ഞു. എം.വി ഗോവിന്ദന്റെ ഹൃദയത്തിലുള്ളത് വായിലൂടെ വന്നു. പച്ചയായ സത്യമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. ആര്‍.എസ്.എസ് വോട്ട് ലക്ഷ്യമിട്ട് മനപൂര്‍വ്വമുള്ള പ്രസ്താവനയാണ് ഗോവിന്ദന്റേതെന്നും അന്‍വര്‍ പ്രതികരിച്ചു.
കഴിഞ്ഞ ലോക്‌സഭാ വോട്ടെടുപ്പ് ദിവസം സമാനമായ ഒരു സംഭവമുണ്ടായി. ബി.ജെ.പിയുടെ ദേശീയ നേതാവും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവഡേക്കര്‍ തന്നെ കാണാനെത്തിയെന്ന് എല്‍.ഡി.എഫ് കണ്‍വീനറും മുതിര്‍ന്ന സി.പി.എം നേതാവുമായ ഇ.പി ജയരാജന്‍ തുറന്നു പറഞ്ഞിരുന്നു. ജാവഡേക്കര്‍ തന്റെ മകന്റെ വീട്ടില്‍ നന്ദകുമാറിനൊപ്പം വന്നുവെന്നും വെളിപ്പെടുത്തിയത് പാര്‍ട്ടിയെ വലിയ വിവാദത്തിലേക്ക് തള്ളിവിട്ടിരുന്നു. ഇ.പി ജയരാജന്‍ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലും വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ ലാക്ഷ്യം പറച്ചിലും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
ജയരാജന് ജാഗ്രതക്കുറവുണ്ടായി എന്ന അന്ന് പരസ്യമായി പ്രതികരിച്ച എം.വി ഗോവിന്ദനാണ് പ്രത്യേകിച്ചൊരു കാരണവുമില്ലാത്ത ഘട്ടത്തില്‍ ആര്‍.എസ്.എസ് ബന്ധത്തെക്കുറിച്ച് പറഞ്ഞത്. നിലമ്പൂരിലെ വോട്ടിങ്ങില്‍ ഈ വിവാദം സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. കാരണം കോണ്‍ഗ്രസിനും യു.ഡി.എഫിനും പ്രയോജനപ്പെടുത്താന്‍ പറ്റിയ ഏറ്റവും മൂര്‍ച്ഛയുള്ള ആയുധമാണ് എം.വി ഗോവിന്ദന്‍ എറിഞ്ഞിട്ടുകൊടുത്തത്.