ഭൂമി വായിക്കുന്ന മണ്ണിൻ്റെ പുസ്തകം
പാതിയിൽ വച്ചങ്ങ് നിർത്തി
മൺതരിക്കുള്ളിൽ കിനിക്കുന്ന ചോരയിൽ
മണ്ണെഴുത്താകവെ മാഞ്ഞു
കണ്ണടച്ചെന്നും ഇരുട്ടാക്കി മാറ്റുന്നു
മണ്ണിലെ യുദ്ധക്കളത്തിൽ
വന്മതിൽ തുമ്പത്ത് കണ്ട വ്യാളീമുഖം
പിന്നെയും തീതുപ്പി നിന്നു.
ഓരോയിടത്തും പ്രകമ്പനം കൊള്ളുന്ന-
പോരിൻ്റെ ചില്ലക്ഷരങ്ങൾ
ഓരോയിടത്തും പലായനം, പൊള്ളുന്ന
ലോഹമിറ്റിക്കുന്ന രകതം
വർത്തമാനത്തിൻ്റെ യുദ്ധകാണ്ഡങ്ങളെ
വിട്ട് പോകുന്നതിൻ മുൻപേ
ഭൂമി വായിച്ചു മുളംകാടിനുള്ളിലെ
നേരെഴുത്തോർമ്മക്കുറിപ്പ്
ഭൂമി വായിച്ചു കടൽത്താളവും, നാട്ടു-
വാംഗവും, മേഘമൽഹാറും..
ഭൂമി വായിച്ചു ഋതുക്കളാം പുസ്തകം
സായന്തനത്തിൻ്റെ പട്ടിൽ
കാറ്റും, വിളക്കും, തെളിച്ചവും, പൂക്കളും
ഞാറ്റുവേലക്കിളിപ്പാട്ടും
പെയ്യുന്നു തോരുന്നു നാട്ടെഴുത്തോർമ്മകൾ
പെയ്യുന്നു, തോരുന്നു വീണ്ടും
മേഘമാർഗ്ഗങ്ങളിൽ നിന്നുതിർന്നക്ഷരം
തൂമഴത്തുള്ളികൾ പോലെ
മണ്ണിൽ പടർന്ന് വാനത്തിലേക്കെത്തുന്ന
വൻമരക്കുടകൾക്ക് താഴെ
മൗനത്തിലെങ്കിലും മണ്ണിൽപ്പടർന്നോടി
എന്നും ക്ഷമിക്കുന്ന വേര്..
ഭൂമി വായിച്ചോരു പുസ്തകത്താളിൻ്റെ
ആരൂഢമെന്നുമാ വേര്.