Image

ജായിയെ ആപ് കഹാൻ ജായേങ്കേ? ഗ്രാമീണ ഇന്ത്യയുടെ നേർചിത്രം (സിനിമ നിരൂപണം: ഏബ്രഹാം തോമസ്)

Published on 20 June, 2025
ജായിയെ ആപ് കഹാൻ ജായേങ്കേ? ഗ്രാമീണ ഇന്ത്യയുടെ നേർചിത്രം (സിനിമ നിരൂപണം: ഏബ്രഹാം തോമസ്)

ഓഫീസിലെ ഒരു സഹപ്രവർത്തക ഇടയ്ക്കിടെ പറയുമായിരുന്നു: 'ഐ ഹാവ് ടു ഗോ' . അഞ്ചെട്ടു മിനിറ്റുകൾക്ക് ശേഷം അവർ തിരിച്ചെത്തുമായിരുന്നു. ആദ്യമൊന്നും എനിക്ക് മനസിലായിരുന്നില്ല അവർ എവിടെയാണ് പോകുന്നതെന്ന്. കുറെ നാളുകൾക്കു ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത് അവർക്കു പോകേണ്ടത് ശുചി മുറിയിലായിരുന്നു എന്ന്. പ്രസിദ്ധമായ ഒരു ഹിന്ദി സിനിമ ഗാനം ആരംഭിച്ചിരുന്നത് (മറ്റൊരു സന്ദർഭത്തിൽ) 'ജായിയെ ആപ് കഹാൻ ജായേങ്കെ' എന്നായിരുന്നു. ഇതൊരു പ്രേമ ഗാനം ആയിരുന്നു.

ഗാനത്തിന്റെ ആദ്യ വരി കടമെടുത്തു പേരു് നൽകിയ ഹിന്ദി ചിത്രം വരക്കുന്നത് ഗ്രാമീണ ഇന്ത്യയുടെ നേർചിത്രമാണ്. ഗ്രാമീണ ഇന്ത്യയെ പ്രതിനിധീകരിക്കുവാൻ ഒരു ബീഹാർ ഗ്രാമം പോലെ മറ്റൊരു ശരിയായ പകർപ്പ് ഉണ്ടാവാൻ സാധ്യത ഇല്ല. ഒരു സൈക്കിൾ റിക്ഷക്കാരനായ മകനോട് (കരൺ ആനന്ദ് ) നിരന്തരം മല്ലിട്ടു കഴിയുന്ന സാധു (സഞ്ജയ് മിശ്ര) വിനെ അവതരിപ്പിച്ചു കൊണ്ട് തുടങ്ങുന്ന ചിത്രത്തിൽ ഏറെ ഗൗരവമുള്ള ഒരു പ്രശ്നമാണ് കൈകാര്യം ചെയ്യന്നത്. വീടിനു പുറത്തു പോകേണ്ടി വരുന്ന സ്ത്രീകൾ തങ്ങളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സുരക്ഷിതമായ സ്ഥലം ഇല്ലാതെ വിഷമിക്കുന്ന അവസ്ഥ കണ്ട് അതിനൊരു പോംവഴി കണ്ടെത്തണമെന്ന റിക്ഷാക്കാരന്റെ തീരുമാനത്തിന് ആദ്യം സ്വന്തം വീട്ടുകാർ തന്നെ എതിരായി. റിക്ഷാക്കുള്ളിൽ തന്നെ ശുചി മുറി ഒരുക്കാനുള്ള അയാളുടെ ആദ്യ ശ്രമങ്ങൾ പരാജയപെട്ടു.

ഗ്രാമത്തിലെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്ന് സഞ്ജയ് ആണോ മകൻ ആണോ കൂടുതൽ വരുമാനം ഉണ്ടാക്കുന്നത് എന്ന് ഇരുവരും തമ്മിൽ വാതുവയ്പ് നടത്തുന്നു. മകന്റെ ശ്രമങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നു എങ്കിലും ഒരു മഹിളക്കു അത്യാവശ്യമായി ശുചി മുറിയായി ഉപയോഗിക്കുവാൻ മകന്റെ മാറ്റം വരുത്തിയ റിക്ഷക്കു കഴിയുന്നു. അവർ പ്രതിഫലമായി നൽകിയ അഞ്ചു രൂപ സാധു നേടുന്ന ഒരു രൂപയിൽ കൂടുതലായതിനാൽ മകൻ വിജയിക്കുന്നു. ഇതിനകം റിക്ഷക്കുള്ളിൽ അയാൾ സൃഷ്ട്രിച്ച ഗോപ്യമായ ശുചിമുറി നാടെങ്ങും ചർച്ച ആകുന്നു. കേന്ദ്ര ഗവർമെന്റ് ഈ ഉദ്യമം ഏറ്റെടുക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്നു.

വളരെ ഗൗരവമായ പ്രശ്‍നം പിതാവും പുത്രനും തമ്മിൽ എന്തിനും ശണ്ഠ കൂടുന്ന ചിരി മുഹൂര്തങ്ങളാക്കി അവതരിപ്പിച്ചു പ്രേക്ഷകരുടെ താല്പര്യവും ചിന്തകളും ഒരേ സമയം കവർന്നെടുക്കുവാൻ സംവിധായകൻ നിഖിൽ രാജിനും, സഞ്ജയ് മിശ്ര, കരൺ ആനന്ദ് ടീമിനും കഴിഞ്ഞിരിക്കുന്നു. ഹിന്ദി സിനിമയിലെ പഴയ തലമുറ അരങ്ങൊഴിഞ്ഞപ്പോൾ ഏറ്റെടുക്കുവാൻ പ്രതിഭാധനരായ മറ്റൊരു കൂട്ടം എത്തിയത് സന്തോഷകരമാണ്. അനവധി 'ബജറ്റ് ഒന്നും ഇല്ലാത്ത' ചിത്രങ്ങളിൽ അവിസ്മരണീയമായ പ്രകടനം നടത്തുന്ന സഞ്ജയ് അതുല്യനായ നടനാണ്. മെയ്‌ക്ക് അപ്പ് ഒന്നും ഇല്ലാതെ പാറി പറന്ന മുടിയും വായ്ക്കുള്ളിൽ എപ്പോഴും മുറുക്കാനുമായി പ്രത്യക്ഷപ്പെടുന്ന സഞ്ജയിൽ നിന്ന് പല അഭിനേതാക്കൾക്കും ബാല പാഠങ്ങൾ പഠിക്കാവുന്നതാണ്. വളരെ കുറച്ചു അക്ഷരങ്ങളിൽ തന്റെ സംഭാഷണം ഒതുക്കി തീവ്ര കടാക്ഷത്തിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്ന കരനും മികച്ച അഭിനയം കാഴ്ച വയ്ക്കുന്നു. സ്വരൂപ് ഖാൻ, സന്ദേശ് ഷാണ്ഡില്യ , മൊണാൽ ഗജ്ജർ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ചന്ദന് കാട്ടുകെ', 'ജയയെ ആപ് കഹാനി ജായേങ്കെ' എന്നീ ഗാനങ്ങൾ വരികളിലും ആലാപനത്തിലും ഹ്ര്യദ്യമാണ്.

വന്പൻ സ്റുഡിയോകളിലോ, വിദേശ ലൊക്കേഷനുകളിലോ വൻ നിര താരങ്ങളെ നിറച്ചു ചിത്രങ്ങൾ നിർമ്മിക്കുന്നതിന് അപവാദമാണ് ലളിത സുന്ദരമായി ഇന്ത്യൻ ഗ്രാമീണ പശ്ചാത്തലത്തിൽ ചെറിയ പ്രതിഫലം പറ്റി അഭിനയിക്കുന്ന പ്രതിഭാധനരായ നടീനടന്മാരെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തി ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നത്. അതോടൊപ്പം ഗൗരവമായ വിഷയങ്ങൾ പരസ്യപ്രചരണമില്ലാതെ പ്രേക്ഷകരിൽ എത്തിക്കുന്നതും. 'ജായിയെ ആപ് കഹാൻ ജായേങ്കെ' ഇത് സാധിച്ചിരിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക