Image

കഥ തുടരും ( കഥ : രമണി അമ്മാൾ )

Published on 20 June, 2025
കഥ തുടരും ( കഥ : രമണി അമ്മാൾ )

വീട്ടിൽനിന്നു ദിവസേന പോയിവരാനാണെങ്കിൽ നല്ല ദൂരമുണ്ട്...!
വീടിന്റെ നടയിൽനിന്നാൽ അങ്ങോട്ടേയ്ക്ക് 
ഡയറക്ട് ബസ്സുണ്ടെന്നതായിരുന്നു ആശ്വാസം....
ജോയിൻ ചെയ്യുന്ന ദിവസം തനിച്ചെങ്ങനെ പോകും..? 
അത്രയും ദൂരം അങ്ങോട്ടുമിങ്ങോട്ടുംകൂടിയുളള ബസ്സുയാത്ര
അമ്മയ്ക്കു പറ്റില്ല...!

പ്രൈമറി ക്ളാസുകളിൽ പഠിക്കുന്ന പിള്ളേർക്ക്, വൈകുന്നേരങ്ങളിൽ ടൂഷ്യനെടുക്കുന്നത് പത്താംതരം പാസ്സായപ്പോൾ തൊട്ടു തുടങ്ങിയതാണ്...
പോളിയോവന്ന്  കാലിന് സ്വാധീനക്കുറവുളള ഗോകുലിന് അവന്റെ വീട്ടിൽ ചെന്നായിരുന്നു ടൂഷ്യൻ..
ഗോകുലിന്റെ അച്ഛൻ എക്സ് മിലിറ്ററിയാണ്.  ഇപ്പോൾ ജംങ്ഷനിൽ മോഡേൺ ബാർബ്ബർഷോപ്പു നടത്തുന്നു.  ജോലിയിൽനിന്നു വിടുതൽവാങ്ങി വന്നതിനുശേഷം വിവാഹിതനായതുകൊണ്ട്
ഗോകുല് നാലാംക്ളാസിലും
ഇളയ പെൺകുട്ടി ഒന്നാംക്ളാസിലും എത്തിയതേയുളളൂ..
ഭാര്യയ്ക്ക് മകളാവാനുളള പ്രായം മാത്രം...നീണ്ടു കൊലുന്നനെ, ഒരുപാടു മുടിയുളള മൂക്കുത്തിയിട്ട സുന്ദരി..
പഠിത്തത്തിൽ പിന്നോട്ടായിരുന്ന ഗോകുലിന്
എല്ലാ വിഷയത്തിനും പാസ്സാവാനുളള മാർക്ക് കിട്ടുന്നത് ടൂഷ്യൻ ടീച്ചറുടെ മിടുക്കാണെന്ന് ആ ചേച്ചി എപ്പൊഴും പറയും...
"ജോലിക്കു പോയിത്തുടങ്ങിയാൽ മോൾക്കെപ്പോൾ വീട്ടിലേക്കു വരാനാവും.?."
"ശനിയും ഞായറും മുഴുവൻ സമയവും ഞാനിവിടെത്തന്നെയുണ്ടല്ലോ ചേച്ചീ.."

ജോയിൻചെയ്യാൻ കൂട്ടുവന്ന ഗോകുലിന്റെ അച്ഛനെ എന്റെ സ്വന്തം അച്ഛനാണെന്നാണ്
ഓഫീസിലുളളവർ കരുതിയത്.. ഞാനതു തിരുത്താനും പോയില്ല...

അനിരുദ്ധൻ സാറായിരുന്നു
ഓഫീസ് മേധാവി.
പുതിയതായി തുടങ്ങിയ ഓഫീസായതുകൊണ്ട്
വളരെക്കുറച്ചുപേരേ തല്ക്കാലം സ്റ്റാഫായുളളൂ...

മൂന്നോ നാലോ വയസ്സുകണ്ടേക്കാവുന്ന, നല്ല ഓമനത്തമുളള ഒരു പെൺകുട്ടി,
ഓഫീസിൽ അങ്ങോട്ടുമിങ്ങോട്ടും തുള്ളിച്ചാടി നടക്കുന്നുണ്ടായിരുന്നു..
"അനിരുദ്ധൻ സാറിന്റെ മോളാ..
യൂണിവേഴ്സിറ്റി കലാതിലകമായിരുന്ന,ആതിരാ നരേന്ദ്രന്റെ  മകൾ."
"പ്രശസ്ത നർത്തകിയും, യൂണിവേഴ്സിറ്റി കലാതിലകവുമായിരുന്ന ആതിരാ നരേന്ദ്രൻ അന്തരിച്ചു.."വാർത്ത
പത്രത്തിൽ വായിച്ചതോർക്കുന്നു.
നരേന്ദ്രൻ ടെക്സ്റ്റയിൽസ് ഉടമയുടെ ഒരേയൊരു മകൾ.

കോമ്പ്ളിക്കേഷൻസുള്ള ഡലിവറിയായിരുന്നത്രേ..
പ്രസവം കഴിഞ്ഞ്
ഡിസ്ചാർജ്ജുചെയ്തു വീട്ടിൽ
വന്നശേഷം കടുത്തപനി..
വീണ്ടും ആശുപത്രിയിൽ....
ഒരാഴ്ച പിന്നിട്ടപ്പോൾ മരിച്ചു എന്ന വാർത്ത
എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞു..
കുത്തിവച്ച മരുന്നു മറിപ്പോയതാണെന്നൊക്കെ പറയുന്നു..  

അവരുടേത് പ്രണയവിവാഹമായിരുന്നത്രേ..!
പണവും, പ്രൗഢിയും, സൗന്ദര്യവും, കലയും സാഹിത്യവും എല്ലാം കൂടി ഒത്തിണങ്ങിയ പ്രണയം.
ജീവന്റെ ജീവനായി പരസ്പരം
സ്നേഹിച്ചവർ...
മാസങ്ങളോളം ഓഫീസിലെങ്ങും പോകാതെ സാറു മുറിയടച്ചിരിപ്പായിരുന്നുപോലും..
സാറിന്റെ അതുവരെക്കാണാത്ത രൂപവും ഭാവവും.. താടിയും മുടിയുമൊക്കെ വളർത്തി തികച്ചും പ്രാകൃതൻ.

കാലംമായ്ക്കാത്ത മുറിവുകളുണ്ടാവുമോ?
മകൾക്കുവേണ്ടിയാണ് മുറപ്പെണ്ണിനെ വിവാഹം കഴിച്ചതെന്നും, അതിൽ ഒരു മകളുകൂടിയുണ്ടു
പോലും..

അനിരുദ്ധൻ സാറിന്റെ മകൾ
പൊന്നാതിര അനിരുദ്ധ്
അമ്മയുടെ തനിസ്വരൂപമാണെന്ന്..!

ഉച്ചവരെ അവർ അച്ഛനും മകളും ഓഫീസിലുണ്ടായിരുന്നു..

നരേന്ദ്രൻ ടെക്സ്റ്റയിൽസിനു മുന്നിലൂടെ കടന്നുപോകുമ്പോഴെല്ലാം
വർഷങ്ങൾക്കു പിന്നിലേക്കെന്റെ മനസ്സ് പോകാറുണ്ട്.
ജോലികിട്ടി ആദ്യം ജോയിൻചെയ്ത ഓഫീസും
സഹപ്രവർത്തകരും അപ്പൊഴൊക്കെ കുറച്ചു ദൂരം കൂടെപ്പോരും..

സർവ്വീസിൽനിന്നു 
വിരമിച്ചിട്ടും
സഹപ്രവർത്തകരായിരുന്നവർ മക്കളുടേയുംമറ്റും
കല്യാണത്തിനു ക്ഷണിക്കുമ്പോൾ കഴിവതും  പോകാൻ ശ്രമിക്കാറുണ്ട്. 
ദൂരമെത്രയായാലും സ്വയം ഡ്രൈവുചെയ്തങ്ങു പോകും. സ്റ്റിയറിംഗുമായി  പതിറ്റാണ്ടുകളായുളള സൗഹൃദം..
"നിനക്ക് വണ്ടിയോടിക്കാൻ
അറിയാവുന്നതുകൊണ്ട് അവനവന്റെയിഷ്ടത്തിന് എവിടെവേണേലും പോകാം.. ഞങ്ങളൊക്കെ എവിടേലും പോകണമെങ്കിൽ ആരുടെയൊക്കെ സൗകര്യം നോക്കണം.."   
ഒട്ടൊരസൂയയോടെ കൂട്ടുകാർ..

കല്യാണം കഴിഞ്ഞു തിരികെ പോരുമ്പോൾ
ലിസിയും  ഒപ്പം കൂടി.  എം.സി.റോഡിൽനിന്ന്  ഇടതോട്ടും വലതോട്ടും
തിരിയാനുളള റോഡുകൾ...
സിഗ്നൽ കാത്ത് വാഹനങ്ങൾ.. റോഡിന്റെ വലതു  ഭാഗത്ത്
നരേന്ദ്രൻ ടെക്സ്റ്റയിൽസ് എന്നെഴുതിയ വലിയ ബോർഡ്.
ഇന്നും പഴയ പ്രൗഢിയോടെ വർഷങ്ങളുടെ പാരമ്പര്യമുളള
വസ്ത്രാലയം.

"നീ കേട്ടിട്ടില്ലേ യൂണിവേഴ്സിറ്റി കലാതിലകമായിരുന്ന ആതിര നരേന്ദ്രനേക്കുറിച്ച്.. 
ആ കാണുന്ന
നരേന്ദ്രൻ ടെക്സ്റ്റയിൽസ് ഉടമയുടെ ഏക മകൾ.  നമ്മുടെ  ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥനായിരുന്നു അവരുടെ ഭർത്താവ് അനിരുദ്ധൻ. "
മറുപടി പറയാനാഞ്ഞ
ലിസിയ്ക്ക് ആ നിമിഷം ഒരു കാൾ.
"മകനാണ്.."  
തിരക്കു തീരെക്കുറഞ്ഞ വീതിയുളള സ്ട്രെയ്റ്റ് റോഡ്.  സാമാന്യം സ്പീഡിൽത്തന്നെ വണ്ടി വിട്ടു.. പിന്നിലേക്കു മിന്നായം മറയുന്ന ദൂരക്കാഴ്ചകൾ....
ലിസിയുടെ 
സംസാരം നീളുകയാണ്..
ചിരപരിചിതമായ വഴികൾ... വലിയമാറ്റങ്ങളൊന്നും പ്രത്യക്ഷത്തിൽ കാണുന്നില്ല.. 
റയിൽവേസ്റ്റേഷൻ കഴിഞ്ഞാണ് ലിസിയുടെ വീട്.  റിട്ടയർമെന്റു ദിവസം വീട്ടിൽ കൊണ്ടാക്കാൻ ഓഫീസിൽനിന്നുളളവരോടൊപ്പം വന്നതാണ്. 
വണ്ടി സൈഡിലേക്ക് ഒതുക്കിനിർത്തി.
"നീ ഇറങ്ങുന്നില്ലേ..."
കാറിൽനിന്നിറങ്ങുമ്പോഴും തുടരുന്ന ലിസിയുടെ സംസാരം.. സീരിയസായ കാര്യങ്ങളെന്തോ ആണെന്നു തോന്നുന്നു..
"തന്നെ ഞാൻ രാത്രിയിൽ  വിളിക്കാമെടോ..." 
കാറിൽനിന്നിറങ്ങി 
പിന്നിലേക്കു വേഗത്തിൽ നടന്നുമറയുന്ന ലിസി..
വെയിൽ ചായാൻതുടങ്ങിയിരുന്നു..
അരമണിക്കൂറിനകം വീടെത്തിയേക്കും...
പായൽ പിടിക്കാൻതുടങ്ങിയ  ഓർമ്മകളെ  ചുരണ്ടിയുണർത്താൻ
വീണുകിട്ടുന്ന നിമിഷങ്ങൾ..
അടുത്ത യാത്രയ്ക്കായുളള കാത്തിരുപ്പ്..
"അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
അണയുന്നു നിൻ സ്നേഹ മർമ്മരങ്ങൾ.."
ഏറെയിഷ്ടമുളള ഗാനം എഫ് എമ്മിൽ.. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക