California Blasters team .
ജിമ്മി ജോര്‍ജ്ജ്' എന്ന പേരു കേട്ടാല്‍ സാധാരണക്കാരായ പുതിയ തലമുറയ്ക്ക് അത്ര പരിജയമൊന്നും തോന്നാനിടയില്ല. പക്ഷേ, വോളിബോള്‍ കളിക്കുന്നവരും മലയാളികളും എന്നെന്നും ഓര്‍മിക്കുന്ന ഒരു പേരാണത് എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്കാര്‍ക്കു ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നതുപോലെതന്നെയായിരുന്നു ഇന്ത്യന്‍ വോളിബോളിന്, കേരളത്തിന്‍റെ അഭിമാനമായ ജിമ്മി ജോര്‍ജ്ജ്. അദ്ദേഹത്തിന്‍റെ രംഗപ്രവേശത്തോടുകൂടി വോളിബോളില്‍ ഇന്ത്യയുടെ സുവര്‍ണകാലം ആരംഭിച്ചു എന്നുതന്നെ പറയാം.
ഹോക്കിയിലൊഴിച്ച് ഇന്ത്യ ഏതെങ്കിലും മത്സരത്തില്‍ രാജ്യാന്തരനിലവാരത്തില്‍ ആദ്യമായി കളിച്ചത് 1986 ല്‍,സൗത്ത് കൊറിയയിലെ സോളില്‍ വച്ചു നടന്ന ഏഷ്യന്‍ ഗെയിംസിലെ വോളിബോളിലായിരുന്നു. ജിമ്മി നയിച്ച ടീം അതിശക്തരായ ജപ്പാനെയാണ് അന്നു നിലംപതിപ്പിച്ചത്. അന്ന് ഇന്ത്യക്ക് ഒട്ടു മെഡൽ മെഡൽ ലഭിച്ചിന്നു. ജക്കാർത്തയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡലൂം.
with elder brother Joseph Antony
ഞങ്ങൾ ഞാനും , ബബുവും മൂത്ത ജേഷ്ട്ടൻ ജോസഫ് ആന്റണിയും വോളിബാൾ കളിക്കാരാണ്. ജോസഫ് ആന്റണി 17 വയസില്‍ തന്നെ കേരളാ സ്റ്റേറ്റിന്റെ കുപ്പായം അണിഞ്ഞു. ഹൈസ്‌കൂളിൽ വെച്ചുതന്നെ ലോങ്ങ് ജമ്പിനു നാഷണൽ മീറ്റിൽ സ്വർണ്ണവും നേടിയിരുന്നു . പഠിത്തത്തിൽ ശ്രദ്ധിക്കാഞ്ഞതുകൊണ്ട് പിന്നീട് യൂണിവേസിറ്റി ലെവലിൽ ഒന്നും പോകാൻ പറ്റിയില്ലങ്കിലും കേരളാട്രാൻസ്‌പോർട്ട്ടീമിലെ
പ്രധാനകളിക്കാരനായിരുന്നു. ഇപ്പോൾ ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റിൽന്നും പെന്‍ഷനായി പൊൻകുന്നത്തു വിശ്രമജീവിതം നയിക്കുന്നു . ഭാര്യ പള്ളിക്കത്തോട് തുനിയംബ്ര തറവാട്ടിലെ ആലീസ് ജോസഫ് ആണ്.
അന്നൊന്നും കളിക്കാർക്ക് ഗ്രെയ്സ് മാർക്ക് എന്നൊരു ഏർപ്പാടൊന്നുമില്ലായിരുന്നു അല്ലെങ്കിൽ വോളിബോളിൽ ഒരുപാടു പ്രതീക്ഷ നൽകിയ കളിക്കാരനായിരുന്നു ജോസഫ് ആന്റണി. അനിയൻ ബാബു ആന്റണി കോളേജ് പഠനത്തിനു പൂനായിക്കു പോയതുകൊണ്ട് പൂനാ യൂണിവേഴ്സിറ്റി വോളിബോൾ ട്ടീം ക്യാപ്റ്റനും പോൾവാൾട്ട് ചാമ്പ്യനുമായിരുന്നു. അങ്ങനെ പാരമ്പര്യമായി കിട്ടിയതുകൊണ്ടായിരിക്കും മകൻ കായൽ ആന്റണി ഇപ്പോൾ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ് ടീമിന്റെ ക്യാപ്റ്റനാണ്. കഴിഞ്ഞ ജിമ്മി ജോർജ് നാഷ്ണൽ ടൂർണമെന്റിൽ ഫൈനലിൽ ഡാലസ്സിനോടാണ് അടിയറവു പറഞ്ഞത്. അന്ന് കായൽ ടൂർണമെന്റിലെ ഏറ്റവും മികച്ചഡിഫൻസിവ്പ്ലെയർ,ബെസ്റ്റ് സെറ്റർ എന്ന ബഹുമതിയും കിട്ടിയിരുന്നു. ഞാൻ പ്രീഡിഗ്രിക്കു തിരുവനന്തപുരം സെന്റ് സേവിയേഴ്സിൽ പഠിക്കുബോൾ വോളിബോൾ ടീമിന്റെ ക്യാപ്ടനായിരുന്നു. പിന്നീടു കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുബോൾ വോളിബോൾ ട്ടീമിനു സാധ്യത ഇല്ലായിരുന്നതുകൊണ്ട്, അവിടെവെച്ചുതന്നെ ബാസ്കറ്റ് ബോളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . ഫൈനൽ ഇയറിൽ ട്ടീം ക്യാപ്റ്റനുമായിരുന്നു . ഇപ്പോളും ഞാൻ വോളിബോൾ കളിക്കുന്നു . കഴിഞ്ഞ ജിമ്മി ജോർജ് യു എസ് എ നാഷണൽ വോളിബോൾ ടൂർണമെന്റിൽ കായൽ സീനിയർ ടീമിലും ഞാൻ 40+ ട്ടീമിലും കളിച്ചു എന്നതും അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. അമേരിക്കയിലെ ഈ അന്തർ ദേശീയ മത്സരം ഇവിടെ ജനിച്ചു വളർന്ന രണ്ടാമത്തെ തലമുറ ഏറ്റടുത്തു എല്ലാവർഷവും വിജയകരമായി നടത്തുന്നു എന്നതിൽ നമുക്കഭിമാനിക്കാം .
1974 ല്‍, പത്തൊന്‍പതാമത്തെ വയസ്സില്‍, ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസിലാണ് ജിമ്മി ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. വളരെ നേരിയ വ്യത്യാസത്തിലാണ് അന്ന് ഇന്ത്യ പുറത്തായത്. ജിമ്മിയായിരുന്നു കളിയുടെ സൂത്രധാരന്‍. അന്നത്തെയും അതുകഴിഞ്ഞുള്ള മത്സരങ്ങളിലെയും പ്രകടനങ്ങളാണ്, ജിമ്മിയെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ഇന്ത്യയുടെ പരമോന്നതകായികബഹുമതിയായ അര്‍ജ്ജുനാ അവാര്‍ഡിന് അർഹനാക്കിയത്. വോളിബോളില്‍ അങ്ങനെയൊരു ബഹുമതി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് ജിമ്മി.
രാജ്യാന്തരമത്സരങ്ങളില്‍ ജിമ്മിക്കു മുമ്പും അതിനുശേഷവും, വോളിബോളില്‍ അത്രയധികം നേട്ടങ്ങള്‍ നാം നേടിയിട്ടില്ല എന്നതു ശ്രദ്ധേയമാണ്.
പേരാവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍, ജോസഫ് ജോര്‍ജ്ജിന്‍റെയും മേരിയുടെയും എട്ട് ആണ്‍മക്കളില്‍ രണ്ടാമത്തെ മകനായി 1955 മാര്‍ച്ച് 8 നാണ് ജിമ്മിയുടെ ജനനം. അപ്പന്‍ ജോസഫ്, മദ്രാസ് യൂണിവേഴ്സിറ്റി വോളിബോള്‍ താരമായിരുന്നു. ജിമ്മിയുടെ കുടുംബം പാലാ ഭാഗത്തുനിന്ന് വർഷങ്ങൾക്കു മലബാറിലേക്കു കുടിയറിയവരിൽ പെട്ടതാണ്.
ജിമ്മി വോളിബോള്‍ താരം മാത്രമായിരുന്നില്ല. മറ്റു സ്പോര്‍ട്സ് വിഭാഗങ്ങളിലും ചെസ്സിലും യുണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. പുകവലിയോ മദ്യപാനമോ ഇല്ലായിരുന്നു. എന്നു മാത്രമല്ല, പഠനത്തിലും അതീവസമര്‍ത്ഥനായിരുന്ന ജിമ്മി ഇന്നത്തെ സ്പോര്‍ട്സ് താരങ്ങള്‍ക്ക് ഒരു മാതൃകയാണ്.
എനിക്ക് ജിമ്മിയുടെ കളി കാണാനുള്ള ഭാഗ്യം സിദ്ധിച്ചത്, പാലാ നാഷനല്‍ ഗെയിംസില്‍ അദ്ദേഹം തമിഴ്നാടുമായി ഫൈനല്‍ കളിച്ചപ്പോഴാണ്. അന്ന് നൂറ്റിരണ്ടു ഡിഗ്രി പനിയുമായി, മുഴുവന്‍ നേരം കളിക്കാതിരുന്നതുകൊണ്ടു മാത്രം നമ്മള്‍ പരാജയപ്പെട്ടു. അതു കാണികളെയെല്ലാം നിരാശപ്പെടുത്തി.
California Blasters club team with President Antappan Illikattil, chairperson Prema Thekkek, secratory Raju Verghese , Treasurer Josekutty Madathil, Tomy Mathew Vaduthala
Players: Acfal Permihamad Anand Biju, Simon Antony , Brandon Kaithathrmara, Tommy,Prince, Kyle Thekkek( Captain) Jake, Jaydon and Mathew Antony
മൂന്നു മലയാളികളാണ് അക്കാലങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ജിമ്മിയുടെ ഇളയ സഹോദരന്‍ ജോസ് ജോര്‍ജ്ജും, ഗോപിനാഥും ജിമ്മി ജോര്‍ജ്ജും. അവര്‍ മൂന്നുപേരും അന്നു കേരളാ യൂണിവേഴ്സിറ്റിയിലും കേരളാ സ്റ്റേറ്റിലും ഇന്ത്യൻ ടീമിലും ഒരേ സമയം കളിക്കുന്ന താരങ്ങളായിരുന്നു. ആ കാലങ്ങളിൽ കേരളാ യൂണിവേസിറ്റി അജയ്യരായിരുന്നു. ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റിയും മൂന്ന് ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ട കേരളത്തോടു ജയിച്ചിട്ടില്ലായിരുന്നു. കാഞ്ഞിരപ്പളളി, രാമപുരം, പാലാ ഭാഗങ്ങളിൽ നിന്നും ഇന്ത്യൻ പ്ലേയർ റസ്സാക്ക് ഉൾപ്പെടെ വേറെയും പ്രഗത്ഭരായ കളിക്കാർ ഉണ്ടായിട്ടുണ്ട്. രാമപുരം ജോണിക്കുട്ടി സ്റ്റേറ്റ് ക്യാപ്റ്റൻ ആയിരുന്നു.
ഒരിക്കൽ റഷ്യന്‍ ടീമുമായി കളിച്ചപ്പോള്‍, അവരുടെ കോച്ചാണ് ജിമ്മിയുടെ, ലോകനിലവാരമുള്ള കഴിവുകള്‍ കണ്ടെത്തിയത്. അദ്ദേഹമാണ് ആദ്യമായി ജിമ്മിയോട് ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളില്‍പ്പോയി കളിക്കണമെന്നു നിര്‍ദ്ദേശിച്ചത്. 1979 ല്‍, ആദ്യമായി കളിച്ചത് അബുദാബി സ്പോര്‍ട്സ് ക്ലബ്ബിനുവേണ്ടിയാണ്. അവിടെ കളിച്ചപ്പോഴാണ്, ഏറ്റവും നല്ല കളിക്കാരനുള്ള പേര്‍ഷ്യന്‍ പ്ലെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. അതിനുശേഷം ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് 1987 നവംബര്‍ 30 ന് വാഹനാപകടത്തില്‍ ജിമ്മിജോര്‍ജ്ജ് അതിദാരുണമായി മരണപ്പെട്ടത്.
With Brother Babu Antony
നമ്മുടെ വോളിബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം, മറ്റു രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കുന്നത് എന്നത് ഓര്‍ക്കേണ്ടതുണ്ട്. ജിമ്മി ജോര്‍ജ്ജിന്‍റെ പേരില്‍ ഇറ്റലിയിലെ ബ്രാസിക്ക പ്രോവിന്‍സില്‍ 1993 ല്‍ പണി കഴിപ്പിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം, അദ്ദേഹത്തോടുള്ള അവരുടെ ആദരവിന്‍റെ സൂചകമാണ്. ഇന്ത്യക്കു പുറത്ത് ആരുടെയെങ്കിലും പേരില്‍ അങ്ങനെയൊരു സ്റ്റേഡിയം ഇനിയുണ്ടാകുമോ എന്നു സംശയമാണ്; വിശേഷിച്ച്, ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കുന്ന പുതിയ തലമുറയെ കാണുമ്പോള്‍!
ജിമ്മിയെപ്പറ്റി ഇത്രയൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഇപ്പോഴും അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്കായി ഇന്ത്യയ്ക്കകത്തും പുറത്തും നടക്കുന്ന വോളിബോള്‍ മത്സരങ്ങളാണ്. അമേരിക്കയില്‍ മുപ്പത്തിഅഞ്ചു വര്‍ഷങ്ങളായി നടന്നുവരുന്ന, 'ജിമ്മി ജോര്‍ജ്ജ് യു എസ് എ അന്തര്‍ദേശീയ വോളിബോള്‍ മത്സരങ്ങള്‍' ഇത്തവണയും പൂര്‍വാധികം ഭംഗിയായി നടക്കുന്നു. ഇപ്പോഴും എപ്പോഴും ആ വോളിബോള്‍ പ്രതിഭാസം തലമുറകളെ സ്വാധീനിക്കുന്നു എന്നതിന്‍റെ തെളിവുകൂടിയാണ് ഈ മത്സരങ്ങള്‍. എല്ലാ വര്‍ഷവും അമേരിക്കയിലെയും കാനഡയിലെയും ഓരോരോ പ്രമുഖ സിറ്റികളിലും
വിജയകരമായി അരങ്ങേറുന്നു. അടുത്ത വർഷം 2026 ഇൽ ടെക്സസ്സിലെ ഡാലസിലാണ് അരങ്ങേറുന്നത്. തദവസരത്തിൽ കായൽ ആന്റണിയും കൂട്ടുകാരും കളിക്കുന്ന കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് മധുരപ്രതികാരം തീർക്കുമെന്നുള്ള പ്രതീക്ഷയിലാണ്.
ഒരിക്കൽ സൗദി എയർപോർട്ടിൽ വെച്ചുണ്ടായ ഒരനുഭവം കൂടി എഴുതിയാലേ ഈ ഓർമ്മചിതം പൂണ്ണമാകൂ എന്നൊരു തോന്നൽ . അതുകൊണ്ട് അതുകൂടി കുറിക്കട്ടെ .
“മലയാളികളോടാ അവന്റെയൊക്കെ ഒരു കളി ”
ഒരിക്കൽ സൗദിയിലെ റിയാദ് എയർപോർട്ടിൽ ട്രാൻസിറ്റ് ആയി, വെറുതെയിരുന്നപ്പോൾ ഉണ്ടായ അനുഭവം.
@ Saudi international airport.
ഞാനന്ന് 2014 ൽ ബർലിൻ രാജ്യാന്തിര ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞുള്ള വരവാണ്. അന്ന് ഞാനും പ്രകാശ് ബാരെയും ഒക്കെ അഭിനയിച്ച ജയൻ ചെറിയാന്റെ പപ്പീലിയോ ബുദ്ധ എന്ന സിനിമാ അവിടെ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിൽനിന്നുമുള്ള രണ്ടു പടങ്ങളിൽ ഒന്നായ ഹൈവേ എന്ന ഹിന്ദിപടവുമായി ബന്ധപെട്ടു ഏ ആർ റഹിമാനും താരങ്ങളുമൊക്കെ അവിടെ ഉണ്ടായിരുന്നു. അന്ന് ആദ്യമായി റഹിമാനെ കണ്ടതിലുള്ള സന്തോഷത്തിലുമായിരുന്നു ഞാൻ . അവിടുന്ന് ഞാൻ ഒറ്റക്കായിരുന്നു തിരിച്ചുപോന്നത്. നിർഭാഗ്യവശാൽ സൗദി ഫ്ലൈറ്റാണ് കിട്ടിയത്. അതൊന്നുമല്ല ഇവിടുത്തെ വിഷയം. നാലു മണിക്കൂറോളം റിയാദ് എയർപോർട്ടിൽ എങ്ങനെ ചിലവഴിക്കും എന്നതായിരുന്നു. ചുറ്റുപാടും ആകെ കറുത്ത വസ്ത്രങ്ങൾകൊണ്ടു മൂടിയ പെൺകുട്ടികൾ, വെള്ള നീളകുപ്പായക്കാർ. മറ്റു ദേശക്കാരൊക്കെ ഉണ്ടെങ്കിലും ഒരു തകർന്ന തറവാട്ടിൽ ഒറ്റപ്പെട്ടുപോയ അവസ്ഥ. ആ എയർപോർട്ടിൽ ഇറങ്ങിയിട്ടുള്ളവർക്കറിയാം അവിടുത്തെ അവസ്ഥ. ഇപ്പോൾ ആ അവസ്ഥയൊക്കെ മാറി എന്നു കേൾക്കുന്നു. എനിക്ക് ബർലിനിൽനിന്നു സാൻ ഫ്രാൻസിസ്‌കോയിക്കു കിട്ടിയതോ ഈ ഗാന്ധി പ്ലെയിൻ. സൗദി എയർ ലൈൻസിന്റെ പ്ലെയിനിന് അന്നൊക്കെ അങ്ങനെ ഒരു വിളിപ്പേരുണ്ടായിരുന്നു. കാരണം പ്ലെയിനിനകത്തു ജൂസും മറ്റു നോൺ ആൾക്കഹോളിക് പാനിയങ്ങളും മാത്രമേ കിട്ടുമായിരുന്നുള്ളു.
ഇനിയാണ് സംഭവത്തിന്റെ ട്വിസ്റ്റ്!
അങ്ങനെ പരിജയമുള്ള ആരെയും കാണാതെ ബോറടിച്ചിരിക്കുബോഴാണ് പരിജയമുള്ള ഒരു മുഖം കാണുന്നത്. എന്നെ കണ്ടപ്പോഴേ ഒരു കോട്ടയം അച്ചായൻ ഭാഷയിൽ എന്നാ ഉണ്ട്, എന്താ ഇവിടെ എന്നൊക്കെ ചോദിച്ചു അടുത്തുകൂടി. എനിക്കും സന്തോഷമായി ബോറടി മാറ്റാൻ ഒരു മലയാളിയെ കിട്ടിയല്ലോ. അത് എനിക്കറിയാവുന്ന ബിജു ആയിരുന്നു. ആൾ ഓരൊന്നാന്തരം വോളീബോൾ പ്ലെയർ ആണന്നറിയാമായിരുന്നു. കേരള യൂണിവേഴ്സിറ്റിക്കും, സ്റ്റേറ്റിനുംവേണ്ടി കളിച്ചിട്ടുണ്ട്. ഇപ്പോൾ നാട്ടിൽനിന്ന് അമേരിക്കയിലേക്കു ജിമ്മി ജോർജ് ടൂർണമന്റ് കളിക്കാനുള്ള വരവാണ്. ഞാൻ നേരത്തെ ബിജുവിന്റെ കളികണ്ടിട്ടുണ്ട് വെടിക്കെട്ട്
സ്മാഷിംങാണ്, ബ്ലോക്കൊക്കെ തെറിപ്പിച്ചുകൊണ്ട് ഫസ്റ്റ് കോർട്ടിൽ അടിക്കും. 90 കളിൽ ന്യൂ യോർക്കിനു വേണ്ടിയാണ് കളിച്ചുകൊണ്ടിരുന്നത്. അന്നൊക്കെ കളികാണാൻ പോയപ്പോൾ കണ്ടുള്ള
പരിജയമാണ്. ബിജുവിന്റെ സഹോദരൻ ലൂക്കാച്ചനും കേരളത്തിൽ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്നു. അമേരിക്കയിൽ വെച്ച് കാർ ആക്‌സിഡന്റിൽ മരിച്ച എം കെ ലൂക്കാച്ചന്റെ പേരിൽ എം കെ ലൂക്കാച്ചൻ നെടുമ്പറമ്പിൽ എന്ന ഒരു നാഷണൽ ടൂർണമെന്റ് അമേരിക്കയിൽ എല്ലാ വർഷവും അരങ്ങേറുന്നുണ്ട് , അതൊക്കെ ഓർത്തങ്ങനെ നിന്നപ്പോൾ ബിജു എന്നോട്
“തമ്പി ആന്റണി എങ്ങോട്ടാ ”
എന്നു ചോദിച്ചു. ഞാൻ പറഞ്ഞു സാൻ ഫ്രാൻസിസ്കോയിലേക്കാണ്. എന്നെ പേരു പറഞ്ഞു വിളിച്ചപ്പോൾ എനിക്കത്ഭുതം തോന്നി. ഒരു പക്ഷേ സിനിമ പരിജയമായിരിക്കണം എന്നു കരുതി. ഉടൻതന്നെ കൈയിൽ ഇരുന്ന വെള്ളത്തിന്റെ കുപ്പി പൊക്കികാണിച്ചു ചോദിച്ചു.
“ഒന്നു വീശുന്നോ ”
ആദ്യം എനിക്കു മനസിലായില്ല. അത്ര അടുപ്പമൊന്നുമില്ലാത്ത ഒരാളോട് ആദ്യം കാണുബോഴേ ആരെങ്കിലും അങ്ങനെ ചോദിക്കുമോ എന്നറിയില്ല. ബിജു പിന്നെയും ഒരു കവിൾകൂടി കുടിച്ചിട്ടു പറഞ്ഞു
“ഒറിജിനൽ വോഡ്ക്കെയാ, ഈ ഗാന്ധി പ്ലെയിനെകേറുബോൾ ഒന്നു പിടിച്ചുനിൽക്കണ്ടേ”
എനിക്കു ചിരി അടക്കാൻ കഴിഞ്ഞില്ല, എങ്കിലും സൗമ്യമായിചിരിച്ചു.
“ ഇതു വെറും ഗാന്ധി പ്ലെയിനാ വേണമെങ്കിൽ കയറുന്നതിനു മുൻപ് ഒന്നു വീശിക്കോ ഉറക്കം സുഖമാകും ”
എന്നിട്ട് കുപ്പി എന്റെ നേരെ നീട്ടി. എനിക്ക് അന്നേരം താല്പര്യമില്ലായിരുന്നെങ്കിലും ആ ചോദ്യത്തിന്റെ രീതികണ്ടിട്ടു നിരസിക്കാൻ തോന്നിയില്ല.
എന്നിട്ടും ഞാൻ സ്നേഹപൂർവ്വം നിരസിച്ചു.
നാട്ടിൽ ബാറിലൊക്കെ, പോകാൻ തിരക്കുള്ളവർ നിന്നിട്ടു വീശുന്നതിനാണ് നിപ്പൻ അടിക്കുക എന്നു പറയുന്നത്. ഞാൻ ഉടൻതന്നെ നന്ദിയും പറഞ്ഞു. ഫ്‌ളൈറ്റിൽ കയറാൻ നേരം ബിജു വീണ്ടും തിരിഞ്ഞുനോക്കി യാത്ര പറഞ്ഞപ്പോൾ കുപ്പിയിരുന്ന കൈ പൊക്കികാണിച്ചു കുപ്പി ഒന്നുകൂടെ കുലുക്കികൊണ്ട് ബൈ പറഞ്ഞ് ഒന്നുകൂടി ഒന്ന് ആക്കി ചിരിച്ചു. അപ്പോൾ ഞാനോർത്തു
‘മലയാളികളോടാ സൗദിക്കാരുടെ ഒരു കളി’
എന്നൊരു ധ്വനി ബിജുവിന്റ ആ ചിരിയിൽ ഒളിഞ്ഞിരിപ്പുണ്ടെന്നുതന്നെ അപ്പോൾ തോന്നിയിരുന്നു. ഞാനും കൈ പൊക്കി യാത്രപറഞ്ഞു. അന്നൊക്കെ സൗദിയിൽ ആൾക്കഹോൾ കൊണ്ടുവന്നാൽ
ജയിൽ ശിക്ഷ ഉറപ്പാണ്. അതൊക്ക അവഗണിച്ചുകൊണ്ട് വോഡ്ക്ക നിറച്ച ആ വെള്ളകുപ്പിയുമായി ഫ്ലൈറ്റ്റിലേക്കു പുല്ലുപോലെ കയറിപോയ ബിജു ഇപ്പോൾ എവിടെയാണോ ആവോ. അടുത്ത കാലത്തായി കളി പൂർണമായും നിർത്തിയെങ്കിക്കും, കളികാണാൻ അമേരിക്കയിൽ വരുബോൾ വീണ്ടും കാണണമെന്നും ആ ഓർമ്മകൾ പുതുക്കണമെന്നുമുണ്ട്. അടുത്ത ജിമ്മി ജോർജ് 2025 ടൂർണമെന്റ് അടുത്ത മെയിൽ ഡാലസ്സിൽവെച്ചാണ് . മകൻ കായൽ ഈ വർഷവും
കാലിഫോർണിയ ബ്ളാസ്റ്റേഴ്സ് എന്ന ടീമിന്റെ ക്യാപ്റ്റനാണ്. അതുകൊണ്ട് ഞങ്ങളും പോകാതിരിക്കില്ല. അപ്പോൾ വീണ്ടും സ്റ്റേഡിയത്തിൽ വെള്ളകുപ്പിയുമായി ബിജുവിനെ കാണാമെന്നു പ്രതീഷിക്കുന്നു. അപ്പോൾ എനിക്കും ചോദിക്കണമെന്നുണ്ട്
"ബിജുവേ നമുക്കൊന്നു വീശിയാലോ"