Image

നാൻ താനടാ ഇന്ത്യൻ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 21 June, 2025
നാൻ താനടാ ഇന്ത്യൻ  (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

ഇന്ത്യൻ സിനിമയിലെ താര ചക്രവർത്തി കമൽഹാസൻ ഒടുവിൽ രാജ്യസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്

തൊള്ളായിരത്തി അൻപത്തി നാലിൽ തമിഴ്‌നാട്ടിലെ പരമകുടിയിൽ ജനിച്ച കമൽ ആറാം വയസ്സിൽ കളത്തൂർ കണ്ണമ്മ എന്ന തമിഴ് സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു തന്റെ സിനിമ ജീവിതത്തിനു തുടക്കം കുറിച്ചത്

പിന്നീട് ചെറിയ ഇടവേളയ്ക്കു ശേഷം തൊള്ളായിരത്തി എഴുപത്തിരണ്ടിൽ പുറത്തിറങ്ങിയ കന്യാകുമാരി എന്ന മലയാള സിനിമയിൽ പതിനെട്ടാം വയസ്സിൽ നായകനായി അഭിനയിച്ചയിരുന്നു കമൽഹാസൻ എന്ന അതുല്യ പ്രതിഭയെ സിനിമാലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്

തമിഴ്,മലയാളം, ഹിന്ദി, കന്നഡ, തെലുഗ്, ബംഗാളി ഭാഷകളിൽ ആയി ഏതാണ്ട് ഇരുന്നൂറ്റി മുപ്പതിൽ അധികം ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു അരങ്ങു തകർത്ത ഈ മുടിചൂടാമന്നന്റെ ഭൂരിപക്ഷം ചിത്രങ്ങളും ബോക്സ്‌ ഓഫീസ് ഹിറ്റുകൾ ആയിരുന്നു

എക്കാലവും പരീക്ഷണങ്ങൾക്ക് മുതിരുന്ന ഈ സിനിമ മാന്ത്രികന്റെ ചില മാന്ത്രിക തമിഴ് സിനിമകൾ ആണ്‌ അപൂർവ സഹോദരങ്ങൾ, ഗുണ, സകലകലവല്ലഭൻ, മൈക്കിൾ മദന കാമ രാജൻ, നായകൻ, മൂന്നാം പിറ, തുടങ്ങിയവ. പരീക്ഷണ അടിസ്‌ഥാനത്തിൽ തന്നെ കമൽ തകർത്തു അഭിനയിച്ച പുഷ്പക വിമാനം എന്ന നിശബ്ദ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഒരു അത്ഭുതമായി ഇന്നും കണക്കാക്കപ്പെടുന്നു

തമിഴൻ ആണെങ്കിലും മലയാളികളോടും മലയാള സിനിമയോടും ഏറ്റവും ആദരവും സ്നേഹവും എക്കാലവും പുലർത്തിയിട്ടുള്ള കമൽ ഏതാണ്ട് അൻപതിൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

തൊള്ളായിരത്തി എഴുപത്തി എട്ടിൽ എൻ ശങ്കരൻ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ മുഴുനീള റൊമാന്റിക് മൂവി മദാനോത്സവത്തിൽ നായകനായി അഭിനയിച്ചു മലയാളി പ്രേക്ഷകരുടെ മനം കവർന്ന കമലിന്റെ ഫോട്ടോ അക്കാലത്തു കേരളത്തിലെ എല്ലാ കോളേജ് കുമാരികളുടെയും പുസ്തക താളുകൾക്കുള്ളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. വിഖ്യാത സംഗീത സംവിധായകൻ സലിൽ ചൗധരി ഇണമിട്ട മാടപ്രാവേ വാ, സന്ധ്യേ കണ്ണീരിനെന്തേ തുടങ്ങി ആ ചിത്രത്തിലെ ആറു സൂപ്പർ ഹിറ്റ് ഗാനങ്ങളും ദിവസം ഒരു തവണ എങ്കിലും മൂളാത്ത പുതു തലമുറ പോലും ഇപ്പോൾ ഇല്ല

സീമയെ നായിക ആക്കി ഐ വി ശശി സംവിധാനം ചെയ്തു കേരളത്തിൽ ആകമാനം ലൈഗിക പ്രമേയം ചർച്ച ആക്കിയ അവളുടെ രാവുകൾക്ക് ശേഷം ശശി തന്നെ കമൽഹാസനെയും ഷീലയെയും നായിക നായകന്മാർ ആക്കി മലയാറ്റൂർ കാടുകളിൽ ചിത്രീകരിച്ച ഈറ്റ എന്ന അക്കാലത്തെ വൻ വിജയം നേടിയ ചിത്രത്തിൽ കമൽഹാസന്റെയും ഷീലയുടെയും അതിരുകടന്ന ഗാന രംഗങ്ങൾ അക്കാലത്തു കേരളത്തിൽ വൻ ചർച്ചയ്ക്കു ഇടയാക്കിയിരുന്നു

എൺപതുകളുടെ പകുതിയോടെ മലയാളത്തിൽ പച്ച പിടിച്ചു തുടങ്ങിയ മമ്മൂട്ടിയ്ക്കും മോഹൻലാലിനും കമലിന് മലയാള സിനിമ പ്രേക്ഷകരിൽ നിന്നും കിട്ടുന്ന വലിയ പ്രോത്സാഹനവും പിന്തുണയും അസ്സ്വസ്ഥത ഉണ്ടാക്കിയിരുന്നു. അതിന്റെ പ്രതിഫലനം എന്നപോലെ പിന്നീട് കമലിന്റെ മലയാള സിനിമകൾ പടിപടിയായി കുറഞ്ഞു വന്നു

നീണ്ട ഇടവേളയ്ക്കു ശേഷം ടി കെ രാജീവ്കുമാർ സംവിധാനം ചെയ്തു എൺപത്തി ഒൻപതിൽ പുറത്തിറങ്ങിയ ചാണക്യൻ എന്ന ചിത്രത്തിൽ കമൽ നായകനായി അഭിനയിച്ചിരുന്നു. ആ ചിത്രത്തിൽ സഹനായകൻ ആയ ജയറാമിനു കമലുമായി അന്നുണ്ടാക്കിയ സൗഹൃദം മുതലെടുത്തുകൊണ്ട് തമിഴ് സിനിമയിൽ ആധിപത്യം ഉണ്ടാക്കുവാൻ പിന്നീട് സഹായകമായി. ജയറാമിന്റെ മകന് മലയാള സിനിമയിൽ വലുതായി ഒന്നും ചെയ്യുവാൻ പറ്റാതായപ്പോൾ കമലണ് തമിഴ് സിനിമയിൽ ബേസ് ഉണ്ടാക്കി കൊടുത്തത്

പത്തിൽ അധികം ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള കമലിന്റെ എൺപത്തി ഒന്നിൽ പുറത്തിറങ്ങിയ രതി അഗ്നിഹോത്രി നായികയായ ഏക്ദുജേകേലിയെ സൂപ്പർ ഹിറ്റായിരുന്നു തുടർന്ന് അമിതാബ്ബച്ഛനും രജനികാന്തും ആയി ചേർന്ന് മൂന്നു സഹോദരങ്ങളുടെ കഥ പറഞ്ഞ ഗിരഫ്തർ ബോക്സ്‌ ഓഫീസ് ഹിറ്റായിരുന്നു. എൺപത്തി അഞ്ചിൽ ഋഷികപ്പൂറും കൽഹാസ്സനും തുല്യ നായക വേഷം ചെയ്തു ഡിമ്പിൾ കാപാടിയ നായിക ആയ സാഗർ എക്കാലത്തെയും ഹിന്ദി സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു

സാഗർ എന്ന ചിത്രം സൂപ്പർ ഹിറ്റ്‌ ആയെങ്കിലും ആ ചിത്രത്തിന്റെ ചിത്രീകരണ സമയത്തു കമലിനെതിരെ തമിഴൻ എന്നുള്ള അതിക്ഷേപം ഹിന്ദി ലോബിയിൽ നിന്നും ഉണ്ടായത് കമലിന് മാനസികമായി ഒരുപാട് വിഷമം ഉണ്ടാക്കിയിരുന്നു. അതോടെ പിന്നീട് ഏറെക്കാലം ഹിന്ദി സിനിമയിൽ നിന്നും അദ്ദേഹം വളരെ അകലം പാലിച്ചിരുന്നു

അവൈഷണ്മുഖി എന്ന തമിഴ് ചിത്രത്തിൽ നായികയായ തെന്നിന്ത്യൻ സൂപ്പർ നായിക മീനക്ക് ആ ചിത്രത്തിലെ ചില രംഗങ്ങളിൽ നായകൻ കമലുമായി ഇഴുകി ചേർന്ന് ചില ചുംബന സീനുകളിൽ അഭിനയിക്കേണ്ടിയതായി വന്നു. കമൽഹാസനോട് ഒപ്പം മാത്രമായതു കൊണ്ടാണ് താൻ ആ രംഗങ്ങളിൽ ആത്മാത്രമായി അഭിനയിച്ചത് എന്നു മീന പിന്നീട് വെളിപ്പെടുത്തുക ഉണ്ടായി

കുടുംബ ജീവിതത്തിൽ ഒരു പരാജയം ആയിരുന്ന കമൽ വാണി ഗണപതി എന്ന നടിയെയും അതിന് ശേഷം സരികയേയും വിവാഹം കഴിച്ചെങ്കിലും രണ്ടും പിരിയേണ്ടിയതായി വന്നു. നീണ്ട ഇടവേളയ്ക്കു ശേഷം തെന്നിന്ത്യൻ നായിക ഗൗതമിയുമായി പത്തു വർഷത്തോളം ലിവിങ് ടുഗെതർ ആയെങ്കിലും ഒടുവിൽ അതും അവസാനിപ്പിച്ചു

അവാർഡുകളുടെ തോഴനായ കമലിനു നാലു നാഷണൽ അവാർഡുകളും കിട്ടിയിട്ടുണ്ട്. ഒരിക്കൽ ഒരു നാഷണൽ അവാർഡിന്റെ മത്സരം മലയാളത്തിന്റെ പ്രിയ നടൻ നെടുമുടി വേണുവും ആയിട്ടായിരുന്നു. രണ്ടു അഭിനയ പ്രതിഭകൾ തമ്മിലുള്ള പോരാട്ടത്തിൽ അവസാനം വേണുവിന് കമലിന്റെ മുൻപിൽ മുട്ടുമടക്കേണ്ടി വന്നു

തമിഴ് സിനിമയിലൂടെ ആരാധകരെ സ്വന്തമാക്കി പിന്നീട് രാഷ്ട്രീയത്തിൽ എത്തി തമിഴ്നാട് മുഖ്യമന്ത്രിമാർ ആയ എം ജി ആർ നെയും ജയലളിതയെയും കരുണാനിധിയെയും പോലെ കമലിന് രാഷ്ട്രീയത്തോടും അധികാരത്തോടും മോഹം തുടങ്ങുന്നത് രണ്ടായിരത്തി പതിനെട്ടിൽ ആണ്‌. അങ്ങനെ അദ്ദേഹം മക്കൾ നീതി മയം എന്നൊരു പാർട്ടി രൂപീകരിച്ചു. രണ്ടായിരത്തി പത്തൊൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിലും രണ്ടായിരത്തി ഇരുപത്തി ഒന്നിലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലും ഈ പാർട്ടി മത്സരിച്ചെങ്കിലും ഒരു സ്‌ഥാനാർഥിയ്ക്കും ജയിക്കുവാൻ സാധിച്ചില്ല

രണ്ടായിരത്തി ഇരുപത്തി ഒന്നിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നും മത്സരിച്ച സാക്ഷാൽ കമൽഹാസൻ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്

തൊള്ളായിരത്തി തൊണ്ണൂറ്റി ആറിൽ പുറത്തിറങ്ങിയ കമലിന്റെ ഇന്ത്യൻ എന്ന ചിത്രം രാജ്യം മുഴുവൻ തരംഗമായി. മാസങ്ങളോളം ഇന്ത്യയിലെ തീയേറ്ററുകളിൽ ഹൗസ്ഫുൾ ആയി ഓടിയ ആ ചിത്രത്തിൽ രാജ്യത്തിനു വേണ്ടി പോരാടുന്ന ഒരു കർഷകന്റെ റോളിലാണ് കമൽ അഭിനയിച്ചു അത്ഭുതം കാണിച്ചത് 
.                              എഴുപതു വയസിലൂടെ കടന്നു പോകുന്ന ഇന്ത്യൻ സിനിമ അത്ഭുതം കമലിന് ഇനി സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ല. ശിഷ്ട കാലം ഇന്ത്യൻ പാർലമെന്റിൽ കമൽ ഒരു ഗർജിക്കുന്ന സിംഹം ആയി മാറുമോ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക