“അവള്‍ ഒരു പാവമാണ്. അല്ലെ”
“ആര്” ഞാന്‍ ചോദിച്ചു .
“ലിറ്റി. നമ്മുടെ ലിറ്റി തോമസ് “ പറയുന്നത് റെനില്‍ ആണ്. എബ്രഹാം ചാക്കോ റെനില്‍
“ശരിയാണ്”. ഞാന്‍ പറഞ്ഞു. ഒരു വിവാഹാലോചനയുടെ മട്ടും മാതിരിയുമുണ്ട് റെനി ലിന്റെ പറച്ചില്‍ കേള്‍ക്കുമ്പോള്‍.
“ഉറപ്പിച്ചോ” ഞാന്‍ ചോദിച്ചു.
“എന്ത്”
“അല്ല അവളെ വാമഭാഗത്ത് ഉറപ്പിച്ചോ എന്ന് ചോദിക്കുവായിരുന്നു.” ഞാന്‍ പറഞ്ഞു.
“ഹേയ്. നീ എന്താ ഈ പറയുന്നേ. ഞാന്‍ വെറുതെ ചോദിച്ചെന്നെയുള്ളു.” റെനിലിന് ചെറിയ ഒരു ചമ്മല്‍.
“കഴിഞ്ഞ ബുധനാഴ്ച തമ്പുരാനേം തമ്പുരാട്ടിയേം മോത്തിജി പാര്‍ക്കില്‍ കണ്ടതായി ചില ചാരന്മാര്‍ അറിയിച്ചിട്ടുണ്ട്.” ഞാന്‍ പറഞ്ഞു.
“ഏയ് . അത് ചുമ്മാ പറയുന്നതാ.” റെനില്‍ എന്‍റെ പ്രസ്താവന നിഷേധിച്ചു.
“ശരിയാവാം. പക്ഷെ ബുധനാഴ്ച നീ പ്രാക്ടിക്കല്‍ ഹാളില്‍ ഇല്ലായിരുന്നു എന്ന് രേഷ്മ പറഞ്ഞു. വയറിനു നല്ല സുഖമില്ലായിരുന്നു അല്ലെ.” ഞാന്‍ റെനിലിനെ ഒന്ന് കുത്തി.
“നമുക്ക് പോകാം.” റെനില്‍ എണീറ്റു.
ചായയുടെ ബാക്കി പെട്ടെന്ന് കുടിച്ചു തീര്‍ത്തിട്ട് ഞാനും എണീറ്റു. പതിവുപോലെ അവന്‍ ചായയുടെ പൈസ കൊടുത്തു. അങ്ങനെ ഒരു മെച്ചമുണ്ട് അവനെക്കൊണ്ട്. എന്ത് പറഞ്ഞാലും പിണക്കമില്ല. ഹോട്ടലില്‍ പോയാല്‍ പൈസ അവന്‍ കൊടുത്തുകൊള്ളും. അത് അവന്റെ ഒരു ആധികാരികതയായി അവന്‍ കരുതി.
“ഈ വര്‍ഷം തന്നെ കടന്നു കൂടണ്ടേ. അതോ അവള്‍ക്കു കൂട്ടായി ഒരു വര്‍ഷംകൂടി ഇവിടെ കൂടുന്നോ.”
റെനില്‍ അതിനു മറുപടി പറഞ്ഞില്ല. പകരം എന്നെ ഒന്ന് രൂക്ഷമായി നോക്കി.
ലിറ്റി ശരിക്കും പറഞ്ഞാല്‍ എന്‍റെ ജൂനിയര്‍ ആണ്. തിരുവല്ലക്കാരി. ദൈവം തമ്പുരാന്‍ അത്യാവശ്യം ശില്പവേലകള്‍ അവളുടെ ശരീരത്തില്‍ നടത്തിയിട്ടുള്ളത് കൊണ്ട് പൂവാലന്മാര്‍ക്ക് യാതൊരു ദാരിദ്രവുമില്ല. എവിടെയും എന്തിനും ഒരു ആരാധകവൃന്ദം റെഡി.
“ആരാധകരെ ഉണ്ടാക്കാനും നിലനിര്‍ത്താനും അവള്‍ക്കറിയാം. അതൊരു പ്രത്യേക കഴിവാ. പിന്നെ വേണ്ട സമയത്ത് യോഗ്യമായ നിലയില്‍ ഒഴിവാക്കാനും.” ഒരിക്കല്‍ അവളുടെ കൂട്ടുകാരി രേഷ്മ എന്നോട് പറഞ്ഞു. അവളുടെ വാക്കുകളില്‍ അസൂയയുടെ ചെറിയ ഒരു അംശം ഉണ്ടായിരുന്നു. രേഷ്മ ലിറ്റിയുടെ റൂംമേറ്റ് കൂടിയാണ്. ലേഡീസ് ഹോസ്റ്റലില്‍.
“അവള്‍ നിങ്ങള്‍ കരുതുന്നപോലെ അല്ല.” ഒരിക്കല്‍ രേഷ്മ എന്നോട് പറഞ്ഞു.
“അതിനു ഞാന്‍ ഒന്നും കരുതിയില്ല.” ഞാന്‍ പറഞ്ഞു.
രേഷ്മ ഒന്നും പറയാതെ ഒരു കത്ത് എനിക്ക് നീട്ടി. ഞാന്‍ അഡ്രെസ്സ് നോക്കി. ലിറ്റിയുടെ പേര്‍ക്ക് വന്ന കത്തായിരുന്നു അത്.
ഞാന്‍ സംശയത്തോടെ രേഷ്മയെ നോക്കി. ഒരാള്‍ക്ക് വന്ന കത്ത് വായിക്കുന്നത് ശരിയോ എന്ന സംശയമായിരുന്നു എനിക്ക്.
“വായിക്ക് .”രേഷ്മ പറഞ്ഞു.
ഞാന്‍ വായിച്ചു . കേവലം രണ്ടു വരി. അത് എഴുതിയിരിക്കുന്നത് ലിറ്റിയുടെ അമ്മയാണ്.
“ പത്താം ക്ലാസ്സില്‍ ഉണ്ടായ അബദ്ധം ഇനിയും ആവര്‍ത്തിക്കരുത്. ഒരു അബോര്‍ഷന്‍ കൂടി താങ്ങാനുള്ള കെല്പ് നിന്റെ ശരീരത്തിനില്ല. ഓര്‍മ്മ വേണം.”
കൃത്യമായ താക്കീത്. കടുപ്പിച്ച വാക്കുകള്‍. അതില്‍ എല്ലാം ഉണ്ടായിരുന്നു. ഭയം, ദേഷ്യം, കരുതല്‍, അങ്ങനെ എല്ലാം.
ഞാന്‍ രേഷ്മയെ നോക്കി. “അവള്‍ക്കു ഒരു അബോര്‍ഷന്‍ കഴിഞ്ഞതാണ്. അതും പത്താം ക്ലാസ്സില്‍ വെച്ച്. പതിനഞ്ചു വയസ്സില്‍.” രേഷ്മ ആരോടെന്നില്ലാതെ പറഞ്ഞു.
ഞാന്‍ ഒന്നും പറഞ്ഞില്ല. കത്ത് തിരിച്ചേല്പിച്ചു.
റെനിൽ എൻറെ സഹബാച്ചാണ്. തൃശ്ശൂരുകാരൻ. വിഷയം കെമിസ്ട്രി. പേര് പോലെ അത്ര സൗമ്യമുഖമുള്ള ഒരു വ്യക്തിയല്ല റെനില്‍. കണ്ടാൽ ഒരു കാട്ടുമാക്കാനെപ്പോലെയിരിക്കും. കറുത്ത നിറം. മുഖം നിറയെ ഇടതിങ്ങിയ താടി. പക്ഷേ ഇത്രയും ആത്മാർത്ഥതയുള്ള ഒരു സുഹൃത്ത് അപൂർവമായി മാത്രമേ കണ്ടുകിട്ടുകയുള്ളൂ.
“എന്തിനാണ് അവിടെ നിന്ന് മുങ്ങിയത്.” ഒരിക്കല്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ റെനിലിനോട് ചോദിച്ചു. നാഗാലാന്‍ഡില്‍ നിന്ന് മുങ്ങിയ കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്.
“ജീവന്‍ പോകാതിരിക്കാന്‍”
റെനില്‍ നാഗാലാന്‍ഡില്‍ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. നാല് വര്‍ഷം. നാഗാലാന്‍ഡിലെ ജീവിതചര്യ യൂറോപ്യൻ ശൈലിയിലാണ്. ക്രിസ്ത്യൻകൾച്ചർ ഡോമിനേറ്റ് ചെയ്യുന്ന സ്ഥലമാണ്. മാംസം, മദ്യം, മദുരാക്ഷി ഇതൊക്കെ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഡേറ്റിംഗ് എന്നു പറയുന്നത് പത്താം ക്ലാസിലെയും എട്ടാം ക്ലാസിലെയും ഒക്കെ വിദ്യാർത്ഥികളുടെ ഒരു ദിനചര്യയാണ്. വിവാഹത്തിനു മുമ്പുള്ള അബോർഷനുകൾ അത്ര അസാധാരണമല്ല. അതിൽ ആർക്കും വലിയ പരാതികള്‍ ഇല്ല. കെട്ടാന്‍ പോകുന്ന പെണ്ണ് വിര്‍ജിന്‍ ആണോ എന്ന് ആരും തിരക്കാറില്ല. പകരം അവള്‍ക്കു വേണ്ടത്ര സ്വത്തുണ്ടോ എന്നാവും അന്വേഷിക്കുക. ‘സുഖിച്ചു ജീവിക്കുക’ എന്നുള്ള ഒരു കാഴ്ചപ്പാടിന്റെ വക്താക്കളാണ് അവര്‍. ഒമര്‍ഹയ്യാമിന്റെ സന്തതികള്‍.
“ചില ക്ഷേത്രങ്ങള്‍ക്ക് മുന്‍പിലെ ശിലാശില്പങ്ങള്‍ ഉണ്ടല്ലോ .”
“സാലഭഞ്ജിക” ഞാന്‍ പറഞ്ഞു.
“ആ. അതിനെ വെല്ലുന്ന സ്ട്രക്ച്ചര്‍ ഉള്ള പെണ്‍പിള്ളാര്‍ ആരാധികമാരായി എന്തിനും തയ്യാറായി നില്‍ക്കുമ്പോള്‍ ഒരു പുരുഷന് വിര്‍ജിന്‍ ആയി നില്‍ക്കുക അത്ര എളുപ്പമല്ല. നമ്മളൊക്കെ കേവലം മനുഷ്യരല്ലേ. വീണു പോകും.”
“പദ്മിനി അല്ലെങ്കില്‍ ശംഖിനി”
“എന്ത് “
“അതൊരു തരംതിരുവാ” ഞാന്‍ പറഞ്ഞു.
“മനസ്സിലായില്ല. മനുഷ്യന് മനസ്സിലാവുന്ന ഭാഷയില്‍ പറ”
“ഒന്നുമില്ല. സ്നേഹരൂപിണി എങ്കില്‍ പദ്മിനി. കാമരൂപിണിയെങ്കില്‍ ശംഖിനി”
റെനില്‍ രൂക്ഷമായി എന്നെ നോക്കി.
“ഘടനാവ്യത്യാസത്തിലൂടെ സ്വഭാവം അറിയാമെന്നു പറയുകയായിരുന്നു. ഞാനല്ല വാത്സ്യായനന്‍.”
“അതാര്”
“അങ്ങനെ ഒരു പാര്‍ട്ടിയുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സുന്ദരി പോകുന്നത് പുറകില്‍ നിന്ന് നോക്കിയാല്‍ ഓട്ടോറിക്ഷയുടെ പിന്‍ഭാഗമാണെന്നു തോന്നരുത് അത്രയേയുള്ളൂ. പണ്ടുള്ളവര്‍ പറയാറില്ലേ. ഉഡുരാജമുഖി മൃഗരാജഘടി ഗജരാജ വിരാജിത മന്ദഗതി. കേട്ടിട്ടില്ലേ”
“ഇല്ല”
“നന്നായി”
“ചന്തുമേനോന്റെ ഇന്ദുലേഖയെപ്പറ്റി വിവരിക്കുന്ന ഒരു ഭാഗം ഉണ്ടല്ലോ അതിൻറെ ഒരു വലിയ പതിപ്പ് അതാണ് പദ്മിനി. കാളിദാസന്റെ രഘുവംശത്തിൽ പാർവ്വതിയെ വർണ്ണിക്കുന്ന ഒരു വർണ്ണനയുണ്ട്. അതാണ് വർണ്ണന. ലക്ഷണമൊത്ത ചിരട്ട കമിഴ്ത്തി വെച്ചത് പോലെയുള്ള സ്തനങ്ങള്‍ മാത്രമല്ല സ്തനദ്വയങ്ങള്‍ക്കിടയില്‍ താമരനൂലിഴയിട മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.” ഞാന്‍ പറഞ്ഞു.
“അത് വലിയ ബുദ്ധിമുട്ടായിരിക്കും”. റെനില്‍ പറഞ്ഞു.
“ബുദ്ധിമുട്ടാണ്”. ഞാൻ പിന്താങ്ങി.
“ഒരു പുരുഷന്റെ വിര്‍ജിനിറ്റിയെ വെല്ലുവിളിക്കുന്ന സാഹചര്യമാണവിടെയുള്ളത്. നമ്മള്‍ എന്ത് ചെയ്യും.” റെനില്‍ പറഞ്ഞു. “വിര്‍ജിന്‍ എന്ന പദം പുരുഷന്മാര്‍ക്ക് വേണ്ടി ഉപയോഗിക്കാറില്ല അല്ലെ.”
“പൊതുവേ ഇല്ല. ലൈംഗികനിയന്ത്രണം ലോകത്തെവിടേയും സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. പക്ഷെ ഏകപത്നീവ്രതം എന്നൊക്കെപ്പറയാറുണ്ട്.” ഞാന്‍ വ്യക്തമാക്കി.
“അത് കെട്ടിക്കഴിഞ്ഞല്ലേ. കെട്ടുന്നതിന്റെ മുന്നേ എന്ത് പറയും”. റെനില്‍ ചോദിച്ചു.
“അണ്‍ടച്ചബിള്‍ എന്നൊക്കെപ്പറയാം.”
“ഉത്തരം തൃപ്തികരം അല്ല.” റെനില്‍.
“എങ്കില്‍ ഒറ്റപ്പൊതിച്ചോറുമായി നടക്കുന്നവന്‍ എന്ന് പറയാം.” ഞാന്‍ പറഞ്ഞു.
“ആ. അങ്ങനാണേല്‍ എനിക്കുമുണ്ടായിരുന്നു അവിടെ ഒരു പൊതിച്ചോര്‍. അത് വെറുതെ പൊതിഞ്ഞോണ്ട് നടക്കുകയായിരുന്നില്ല ഞാന്‍. മിഡി, ടോപ്. കാന്‍വാസ് ഷൂ, ടൈ, മാല, ഇതിന്‍റെയൊക്കെ വില കണക്കാക്കി ഇടക്കൊക്കെ ഞാന്‍ ആ പൊതി ച്ചോറ് അഴിച്ചു കഴിക്കുമായിരുന്നു. സ്കൂളിലെ വിശാലമായ ലൈബ്രറിയിലും, റിക്രി യേഷന്‍ ഹാളിലും ഒക്കെയായി. ഒരുമാതിരി പന്നിയുടെ ചൂരാണ് അവള്‍ക്ക്. മാംസാഹാരം കൂടുതല്‍ കഴിക്കുന്നകൊണ്ടാവണം”.
“അറിയില്ല”. ഞാന്‍ പറഞ്ഞു.
“അവളുടെ ആക്രാന്തവും പന്നിക്ക് തുല്യം. ഞാന്‍ വല്ലാതെ ക്ഷീണിച്ചു പോയിട്ടുണ്ട്. എന്തൊരു സ്റ്റാമിനയാണവള്‍ക്ക്.”
“മാംസാഹാരം കൂടുതല്‍ കഴിക്കുന്നകൊണ്ടാകും”. ഞാന്‍ പറഞ്ഞു.
“നാഗാലാന്‍ഡിലെ ജീവിതസാഹചര്യം വളരെ ഉയർന്നതാണ്. അതുപോലെ ചിലവും. ഒരു അധ്യാപകന് അവിടെ കിട്ടുന്ന ആദരവ് വളരെ വലുതാണ്. ശംബളവും മികച്ചത്.”
“എന്നിട്ടും മുങ്ങി ?” ഞാന്‍ ചോദിച്ചു.
“ആഹ്, മുങ്ങേണ്ടി വന്നു. ജീവനാണല്ലോ വലുത്. ഒന്‍പതാം ക്ലാസ്സുകാരിയായ അവള്‍ വളരെ സീരിയസ് ആയി കാര്യങ്ങള്‍ ചിന്തിച്ചുതുടങ്ങി എന്ന് തോന്നിയപ്പോള്‍ ഞാന്‍ മുങ്ങി. ഇല്ലെങ്കില്‍ വല്ല റെയില്‍വേ ട്രാക്കിലും കിടന്ന് പുഴുഅരിച്ചേനെ. സ്ത്രീകള്‍ക്ക് വലിയ ആദരവാണ് അവിടുത്തെ ജനം നല്‍ക്കുന്നത്. സ്ത്രീത്വത്തെ തൊട്ടുകളിക്കുന്ന ഒന്നും അവര്‍ സഹിക്കില്ല.” റെനില്‍ ആത്മഗതം എന്നോണം പറഞ്ഞു.
“പിന്നെ അവളെപ്പറ്റി അന്വേഷിച്ചില്ലേ”.
“അന്വേഷിക്കാതെ തന്നെ അറിഞ്ഞു. നമ്മളുടെ ഒരു സുഹൃത്തിനോട് അവള്‍ എന്നെ പ്പറ്റിപ്പറഞ്ഞത്, ഞാന്‍ ഒരു പന്നിയെ ഇത്രയുംനാള്‍ ഫീഡ് ചെയ്തു. പക്ഷെ ആ പന്നി എന്നെ ചതിച്ചു എന്നാണ്. ചൂടാറും മുന്‍പ് അവനതെന്നോടു വിളിച്ചു പറഞ്ഞു. ആ അദ്ധ്യായം അവിടെ അവസാനിച്ചു.”
റെനില്‍ വിദൂരതയിലേക്ക് നോക്കിയിരുന്നു. അന്ന് പതിവിനു വിപരീതമായി ഞാനാണ് ചായയുടെ പൈസ കൊടുത്തത്.
നാഗാലാന്‍ഡില്‍ അദ്ധ്യാപകനായി നാലുവർഷത്തെ സേവനം കഴിഞ്ഞാണ് എം. എസ്സി ചെയ്യാൻ റെനില്‍ കാൺപൂരിലെത്തുന്നത്. എന്നെക്കാട്ടിലും നാലഞ്ചു വയസ്സിന്റെ മൂപ്പ് ഉണ്ട്. എങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. അദ്ധ്യയന വര്‍ഷാരംഭത്തിൽ ഞങ്ങൾ ഒന്നിച്ചാണ് ജീവിച്ചത്. നഗരത്തില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെ ഒരു ഗ്രാമ പ്രദേശത്ത് വീടെടുത്ത്. പിന്നീട് റെനില്‍ നഗരത്തിലേക്ക് മാറി. മിക്ക ദിവസങ്ങളിലും ക്ലാസ്സ് കഴിഞ്ഞു ഞാന്‍ റെനില്‍ താമസിക്കുന്നിടത്ത് ചെല്ലും. അല്‍പനേരം സംസാരിച്ചിരിക്കും. പിന്നെ ചായകുടി കഴിഞ്ഞ് എന്‍റെ താമസസ്ഥലത്തേക്ക് മടങ്ങും. ഇതായിരുന്നു പതിവ്.
റെനില്‍ സമ്പന്നമായ ഒരു ചുറ്റുപാടില്‍ നിന്നാണ് വരുന്നത്. അവന്‍റെ ഫാദർ പൊതുമരാമത്ത് വകുപ്പില്‍ എൻജിനീയറാണ്. ധാരാളം കൃഷിസ്ഥലമുണ്ട്. ഒരു സഹോദരിയാണ് ഉള്ളത്. നേഴ്സ് ആണ്. അവർ വിവാഹം കഴിഞ്ഞ് സ്റ്റേറ്റ്സിലേക്ക് കുടിയേറി. പിന്നെയുള്ളത് അമ്മ.
വല്ലപ്പോഴുമൊക്കെയാണ് കോളേജിലെ ക്ലാസിൽ റെനില്‍ കയറുന്നത്. എപ്പോഴും കുറേ സുന്ദരിമാരുമായിട്ട് ചുറ്റിക്കറങ്ങും. ജീവിതം ആഘോഷിക്കുക എന്നുള്ളതാണ് അവന്റെ മുദ്രാവാക്യം. ഒരു ശരാശരി വിദ്യാർഥിക്ക് ചെലവാകുന്നതിന്റെ മൂന്നിരട്ടി തുക എല്ലാ മാസവും ഫാദർ അവനു അയച്ചു കൊടുക്കാറുണ്ട്. കാരണം സുന്ദരിമാര്‍ക്ക് ചുരിദാർ വാങ്ങിക്കൊടുക്കുക, സാരി വാങ്ങിക്കൊടുക്കുക, സിനിമയ്ക്ക് കൊണ്ടുപോവുക, പുറത്തുപോയി ലഘു ഭക്ഷണം കഴിക്കുക, ഇതിനൊക്കെ പണം ധാരാളമായി വേണ്ടിയിരുന്നു. അവന്‍ ആവശ്യപ്പെടുന്ന തുക യാതൊരു പരാതിയുമില്ലാതെ ഫാദർ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
“തന്തക്രിയാഫലം എന്നല്ലാതെ എന്ത് പറയാന്‍. നാട്ടിലെ സുന്ദരിമാര്‍ക്ക് സ്വൌര്യം കിട്ടാനാണ് എന്‍റെ ഗ്രാന്‍ഡ്‌ഫാദര്‍ പിതാശ്രീയെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ പിടിച്ചു കെട്ടിച്ചത് എന്ന് നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത്ര വീരനായിരുന്നു ഗ്രേസ് വില്ലയില്‍ മാത്യു എബ്രഹാം ചാക്കോ എന്ന എന്‍റെ തന്ത. ആ ഗുണം എനിക്ക് അല്പമെങ്കിലും കിട്ടാതെ വരുമോ.” ഒരിക്കല്‍ റെനില്‍ എന്നോട് ചോദിച്ചു.
ഇതൊക്കെയാണെങ്കിലും റെനില്‍ ഒരു നല്ല സുഹൃത്താണ്. ആർക്ക് എന്ത് അപകടം ഉണ്ടായാലും അവന്‍ അവിടെയുണ്ട്.
ഒരിക്കല്‍ ഒരു മലയാളി നേഴ്സ് ചില്ലറ മോക്ഷണത്തിന് പിടിക്കപ്പെടുകയും പോലീസ് പൊക്കും എന്ന അവസ്ഥ വരുകയും ചെയ്തപ്പോള്‍ അവളെ ആരും അറിയാതെ പാതിരാത്രിയില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെ മതില് ചാടിച്ച് കാറില്‍ കയറ്റി മുന്നൂറു കിലോമീറ്റര്‍ അകലെ ത്ധാന്‍സിയില്‍ കൊണ്ടുവന്ന് ട്രെയിന്‍ കേറ്റിവിട്ട് നാട്ടിലെത്തിച്ച ചരിത്രമാണ് റെനിലിനുള്ളത്.
“കൈവിട്ട കളിയായിപ്പോയില്ലേ അത്.” ഞാന്‍ ചോദിച്ചു.
“ശരിയാണ്. പക്ഷെ നമ്മള്‍ ഇവിടുള്ളപ്പോള്‍ ഒരു മലയാളി പെങ്കൊച്ച് ജയിലില്‍ കിടക്കുന്നത് ഒരു ഭംഗികേടല്ലേ.” അതാണ് റെനില്‍.
ലിറ്റി തോമസ് സുന്ദരിയാണ്. അഴകുള്ള ചക്കയില്‍ ചുളയില്ല എന്ന് പറഞ്ഞപോലെയാണ് അവളുടെ കാര്യം. കാര്യമായി പഠിക്കുന്ന കൂട്ടത്തിൽ അല്ല. ശ്രമിച്ചാലും നടക്കില്ല. എം. എസ്സി എങ്ങനെയെങ്കിലും പാസ്സായി കിട്ടണം എന്ന ആഗ്രഹം മാത്രമേ അവള്‍ക്കൊള്ളു. അത് ആരെ കൊന്നായാലും വേണ്ടില്ല.
ലിറ്റിയുടെ പിതാവ് ഒരു കോൺട്രാക്ടർ ആണ്. അമ്മ നേഴ്സ്. രണ്ടു സഹോദരന്മാര്‍ ഉണ്ട്. അവര്‍ നാട്ടില്‍ സഹകരണാടിസ്ഥാനത്തില്‍ ബേക്കറി നടത്തുന്നു. സാമ്പത്തികമായി മികച്ച പശ്ചാത്തലം. അവള്‍ ഒരു ഒന്ന് ഒന്നര സ്ട്രക്ചർ ആണ്. അത് നന്നായി ഉപയോഗിക്കാനും അവള്‍ക്കറിയാം.
“ആരെയും വളച്ചെടുക്കാന്‍ അവള്‍ക്കൊരു പ്രത്യേക കഴിവുണ്ട്.” ഒരിക്കല്‍ അവളുടെ കൂട്ടുകാരി രേഷ്മ പറഞ്ഞു.
“അല്പം അസൂയ തോന്നുന്നുണ്ട് അല്ലെ” ഞാന്‍ ചോദിച്ചു.
ഞങ്ങൾ കോളേജില്‍ ഒരേ ബ്ലോക്കിൽ ആണെങ്കിലും വല്ലപ്പോഴും മാത്രമേ ഞാൻ ലിറ്റിയെ കണ്ടിരുന്നുള്ളൂ. ക്ലാസിന് പുറത്തുവച്ച് എവിടെങ്കിലും. ഔപചാരികമായ ഒരു കുശലാന്വേഷണത്തിന് അപ്പുറം ഒരു വ്യക്തിബന്ധം എനിക്ക് ലിറ്റിയുമായി ഉണ്ടായിരുന്നില്ല.
റെനിലിന്റെ കാര്യം അങ്ങനെ ആയിരുന്നില്ല. എന്തിനേറെ പറയുന്നു മാസങ്ങൾക്കുള്ളിൽ ലിറ്റിയുടെ ഒരു കെയർടേക്കർ ആയി മാറി അവന്‍. അല്ലെങ്കിൽ ഒരു ലോക്കൽ ഗാർഡിയനായി മാറി. മിക്കവാറും വൈകുന്നേരങ്ങളിൽ അവള്‍ താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിൽ റെനില്‍ നിത്യസന്ദർശകനായി. ലേഡീസ് ഹോസ്റ്റലിൽ വൈകിട്ട് അഞ്ചു മുതൽ ആറു വരെ സന്ദർശകരെ സ്വീകരിക്കും.
അവര്‍ ഒന്നിച്ചു പുറത്തുപോവുക. ഭക്ഷണം കഴിക്കുക. കറങ്ങുക. ആറു മണിയാവുമ്പോൾ തിരിച്ചുവരിക. ഇതൊക്കെയായി പിന്നീട്. റെനില്‍ ആധികാരികമായ ഒരു ബന്ധം ആയിട്ടാണ് ആ സഹകരണത്തെ നോക്കിക്കണ്ടത്. എന്നാല്‍ ലിറ്റിക്ക് സഹകരണമനോഭാവം കുറച്ചു കൂടുതല്‍ ഉള്ള കൂട്ടത്തിലായിരുന്നു. എന്‍റെ ക്ലാസ്സ്മേറ്റ് നിഖില്‍ ത്രിവേദിയെ കറക്കി പോക്കറ്റില്‍ ആക്കാന്‍ അവള്‍ക്കു അധികം അധ്വാനിക്കേണ്ടി വന്നില്ല. പക്ഷെ എന്തോ കാരണത്താല്‍ ഏതാനം മാസങ്ങള്‍ക്കുള്ളില്‍ അവനെ അവള്‍ നയപരമായി ഒഴിവാക്കി.
“അതിന് അവള്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.” രേഷ്മ പറഞ്ഞു. “ഒരു രാഖിയുടെ ചിലവ്, അത്രയേ വേണ്ടി വന്നുള്ളൂ. രക്ഷാബന്ധന് അവള്‍ അവന്റെ കൈയ്യില്‍ ഒരു രാഖി കെട്ടിക്കൊടുത്തു. അത്ര തന്നെ. ‘ജീര്‍ണവസ്ത്രം ഉപേക്ഷിച്ചു ദേഹികള്‍ പൂര്‍ണശോഭം......’ അതിന്റെ മറ്റൊരു രൂപം. “
“എന്നിട്ടും ആ മണ്ണുണ്ണി നിഖില്‍ കഴിഞ്ഞ വെക്കേഷന് അവള്‍ നാട്ടില്‍ പോകുമ്പോള്‍ യാത്രയാക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഒറ്റച്ചിരിയില്‍ അവനെകൊണ്ട് അവള്‍ അവളുടെ എല്ലാ ലഗ്ഗേജും ട്രെയിനില്‍ എടുത്തു വെപ്പിച്ചു”
“മിടുക്കി” ഞാന്‍ പറഞ്ഞു.
“ലിറ്റിയെപ്പറ്റി എന്താണഭിപ്രായം” ഒരിക്കല്‍ റെനില്‍ എന്നോട് ചോദിച്ചു.
“എന്തഭിപ്രായം”?
“അല്ല. നിങ്ങളുടെ ജൂനിയര്‍ അല്ലെ. സ്ഥിരം കാണുന്നതല്ലേ. അതുകൊണ്ട് ചോദിച്ചതാ.” റെനില്‍ വ്യക്തമാക്കി.
“സീരിയസ് ആലോചന വല്ലതും ഉണ്ടോ”ഞാന്‍ ചോദിച്ചു.
“എന്താലോചന”
“വാമഭാഗം ആക്കാനോ മറ്റോ. ജീവിതം ലിറ്റിയിലൂടെ കരുപ്പിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ”. ഞാന്‍ ചോദിച്ചു.
“നോണ്‍സെന്‍സ്. അങ്ങനൊന്നുമില്ല. ഒരു ടൈംപാസ്. ജെസ്റ്റ് ടൈംപാസ്. അത്രയേ ഒള്ളു.”
“എങ്കില്‍ പിന്നെ കൂടുതല്‍ അന്വേഷിക്കേണ്ട കാര്യമില്ലല്ലോ. കൂടെ നടക്കുന്ന ടൈംപാസ് അനാഘ്രാതകുസുമം ആയിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കണോ.”
“നിര്‍ബന്ധമില്ല. ശരീരവളര്‍ച്ച ഉണ്ടെന്നേയുള്ളൂ. ഒരു പൊട്ടിപ്പെണ്ണാണവള്‍. ഒന്നുമറിയാത്ത ഒരു പൊട്ടിപ്പെണ്ണ്. ശാരോനിലെ ശോശന്നപ്പുഷ്പം പോലെ വിശുദ്ധയാണവള്‍.” ഒരു മാസ്മരികതയില്‍ റെനില്‍ ഉരുവിട്ടു.
അപ്പോള്‍ ഞാന്‍ ഓര്‍ത്തത് മറ്റൊന്നാണ്.
“ പത്താം ക്ലാസ്സില്‍ ഉണ്ടായ അബദ്ധം ഇനിയും ആവര്‍ത്തിക്കരുത്. ഒരു അബോര്‍ഷന്‍ കൂടി താങ്ങാനുള്ള കെല്പ് നിന്റെ ശരീരത്തിനില്ല. ഓര്‍മ്മ വേണം.” കൃത്യമായ താക്കീത്.
ആ താരത്തെപ്പറ്റിയാണ് റെനില്‍ പറയുന്നത് “ശാരോനിലെ ശോശന്നപ്പുഷ്പം പോലെ പവിത്രയും നിഷ്കളങ്കയുമാണ് എന്ന്.” എങ്ങനെ ചിരിക്കാതിരിക്കും.
“ശരിയല്ലേ”. അവനെന്നോട് ചോദിച്ചു.
“ശരിയാണ്.” ഞാന്‍ സമ്മതിച്ചു.
dr.sreekumarbhaskaran@gmail.com
****************************************