Image

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്രസാഹിത്യഅക്കാദമി അവാർഡ്

Published on 22 June, 2025
ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്രസാഹിത്യഅക്കാദമി അവാർഡ്

2025ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരത്തിന് ശ്രീജിത്ത് മൂത്തേടത്ത് അർഹനായി. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവൽ ആണ് പുരസ്കാരത്തിന് അർഹമായത്. പുതിയ തലമുറയിൽ സഹജീവിസ്നേഹവും പ്രകൃതി അവബോധവും സൃഷ്ടിക്കുന്ന രചനകളാണ് ശ്രീജിത്ത് മൂത്തേടത്തിന്റെത്. ആഗോളതാപനവും അന്റാർട്ടിക്കയിലെ മഞ്ഞുരുക്കവും സമുദ്രജലനിരപ്പിലെ വ്യതിയാനവും ചടുലമായ കാലാവസ്ഥാപ്രതിസന്ധികളും ചർച്ചചെയ്യുന്ന നോവലാണ് പെൻഗ്വിനുകളുടെ വൻകരയിൽ. ആന്റമാൻ നിക്കോബാർ ദ്വീപുകൾ, ഇന്തോനേഷ്യൻ ദ്വീപുകൾ, ആസ്ത്രേലിയ ഭൂഖണ്ഡം എന്നിവിടങ്ങളിലെ സങ്കീർണമായ ജൈവസമ്പത്തുകളെയും അവയുടെ ആവാസവ്യവസ്ഥകളെയും മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകളുടെ ഫലമായി പ്രകൃതിയിലും ജൈവസമ്പത്തിലുമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്ന കൃതിയാണിത്. ചൊവ്വ ഗ്രഹത്തിൽ നിന്നുമെത്തുന്ന സാനിയ എന്ന പെൺകുട്ടിയുടെ സഹായത്തോടെ അത്ഭുതബലൂണിലേറി യാത്രചെയ്യുന്ന മൂന്ന് കൗമാരക്കാരായ കുട്ടികളുടെ സാഹസികതനിറഞ്ഞ അനുഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവലിൽ പ്രകൃതിയുടെ നിഗൂഢതകളും അതിനോടുള്ള മനുഷ്യന്റെ സമീപനവും ചർച്ച ചെയ്യുന്നു. ആഗോളതാപനത്തിന് കാരണമാകുന്ന മനുഷ്യപ്രവർത്തികൾ പ്രകൃതിയിലെ സൂക്ഷ്മജീവികളുടെ നിലനിൽപ്പുകൾ പോലും ഇല്ലായ്മചെയ്യുന്നുവെന്നും അത് ഭൂമിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നുവെന്നും ഈ കൃതി പ്രഖ്യാപിക്കുന്നു.

ശ്രീജിത്ത് മൂത്തേടത്തിന്റെ മറ്റ് ബാലസാഹിത്യനോവലുകളായ കുരുവികളുടെ ലോകം, ആഫ്രിക്കൻ തുമ്പികൾ, ചക്കരപ്പാടം, സൂര്യയാത്രയുടെ വിസ്മയച്ചെപ്പ്, തൂവൽത്തൊട്ടിൽ, തുടങ്ങിയവ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും സഹജീവിസ്നേഹവും അതിലൂടെ ആർജിക്കേണ്ടതായ  ജീവിതനൈപുണികളും ചർച്ച ചെയ്യുന്നവയാണ്. ബാലസാഹിത്യകൃതികൾക്ക് പുറമേ ജാലകങ്ങൾ, കൂറ, ആന അനാട്ടമി എന്നീ കഥാസമാഹാരങ്ങളും ഭൂമിവാതുക്കൽ സൂര്യോദയം, നയൻമൊനി, നിണവഴിയിലെ നിഴലുകൾ, പാലറ്റ് എന്നീ നോവലുകളും ശ്രീജിത്ത് മൂത്തേടത്തിന്റേതായുണ്ട്. ചക്കരപ്പാടം എന്ന ബാലനോവലിന്റെ ഒരു അധ്യായം ഭാരതീയ വിദ്യാനികേതൻ പാഠപുസ്തകത്തിൽ സിലബസ്സിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ ആനുകാലികങ്ങളിൽ ശാസ്ത്രപംക്തികളും ശ്രീജിത്ത് മൂത്തേടത്ത് കൈകാര്യം ചെയ്യുന്നുണ്ട്.

ബാലസാഹിത്യത്തിൽ വൈജ്ഞാനികമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന രചനാരീതിയാണ് ശ്രീജിത്ത് മൂത്തേടത്ത് അവലംബിക്കുന്നത്. ശാസ്ത്രയുക്തിയും ചരിത്രബോധവും പരിസ്ഥിതിവിജ്ഞാനവും കുട്ടികൾക്ക് പകർന്നുനൽകുന്ന കൃതികളാണ് ശ്രീജിത്തിന്റെത്. ഇതിലൂടെ ബാലസാഹിത്യരംഗത്ത് നവീനമായൊരു മാറ്റം കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമമാണ് ഈ രചനകളിൽ കാണാൻ സാധിക്കുന്നത്. പതിനെട്ട് പുസ്തകങ്ങളാണ് ശ്രീജിത്ത് മൂത്തേടത്തിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. കേരളസർക്കാരിന്റെ ഹൈസ്കൂൾ ക്ലാസുകളിലെ പാഠപുസ്തകരചനാസമിതി അംഗമായും ശ്രീജിത്ത് മൂത്തേടത്ത് പ്രവർത്തിച്ചുവരുന്നു. ചിത്രകാരൻ കൂടിയായ ശ്രീജിത്ത് ഈവർഷം പുറത്തിറങ്ങിയ പുതിയ പാഠപുസ്തകങ്ങളിൽ മുപ്പതോളം ചിത്രങ്ങളും വരച്ചിട്ടുണ്ട്.

1978ൽ പി.എം. ഭാസ്കരൻ മാസ്റ്റരുടെയും ഒ.കെ. നളിനിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് ഭൂമിവാതുക്കലാണ് ശ്രീജിത്ത് മൂത്തേടത്ത് ജനിച്ചത്. ശ്രുതി, സ്മൃതി എന്നീ രണ്ട് സഹോദരികളാണുള്ളത്. ഭാര്യ ദീപ്തി ബാലുശേരി സ്വദേശിയാണ്. മക്കൾ ഘനശ്യാം. ഇപ്പോൾ തൃശൂർ ജില്ലയിലെ വല്ലച്ചിറയിൽ താമസിക്കുന്ന ശ്രീജിത്ത് മൂത്തേടത്ത് ചേർപ്പ് സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനായി ജോലി ചെയ്യുന്നു.

ശ്രീജിത്ത് മൂത്തേടത്ത്

പി.എം. ഭാസ്‌കരൻ മാസ്റ്ററുടെയും ഒ.കെ. നളിനിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ ഭൂമിവാതുക്കലിൽ 1978 മാർച്ച് 31ന് ആണ് ശ്രീജിത്ത് ജനിച്ചത്. വാണിമേൽ ക്രസന്റ് ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം' കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഗോഹട്ടി യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന് ചരിത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തര ബിരുദം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തൃശൂർ ജില്ലയിലെ ചേർപ്പ് സി.എൻ.എൻ. ബോയ്‌സ്ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അധ്യാപകനായി ജോലി ചെയ്യുന്നു.

18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

മനോരമ ബാലജനസഖ്യത്തിൻ്റെ 2012 ലെ മുല്ലനേഴി പുരസ്കാരം,
അങ്കണം കഥാപുരസ്കാരം, തപസ്യ ദുർഗാദത്ത പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കേശവൻ വെള്ളിക്കുളങ്ങര സ്മാരക ബാലസാഹിത്യ പുരസ്‌കാരവും അമ്പലക്കര സി. രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർത്ഥം സരോവരം ബുക്സ് ഏർപ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരവും പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവലിന് ലഭിച്ചിട്ടുണ്ട്. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന നോവലിന് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്കാരം ലഭിച്ചു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക